|    Oct 19 Thu, 2017 11:58 pm
Home   >  Todays Paper  >  Page 1  >  

അനധികൃത സ്വത്തുസമ്പാദനം: കെ ബാബുവിനെ വിജിലന്‍സ് ഇന്നു ചോദ്യം ചെയ്യും

Published : 21st October 2016 | Posted By: SMR

കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസില്‍ മുന്‍മന്ത്രി കെ ബാബുവിനെ വിജിലന്‍സ് അന്വേഷണസംഘം ഇന്നു ചോദ്യം ചെയ്യും. രാവിലെ 10ന് ശേഷം എത്താനാണ് ബാബുവിനോട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കെ ബാബുവിനും ബിനാമികളെന്ന് കരുതുന്ന ബാബുറാം, മോഹനന്‍ എന്നിവര്‍ക്കുമെതിരേ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒന്നരമാസം പിന്നിടുമ്പോഴാണ് ബാബുവിനെ ഈ കേസില്‍ ആദ്യമായി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഒരുങ്ങുന്നത്.
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ മറ്റൊരു അന്വേഷണസംഘം ബാബുവിനെ കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. ബാബുവിന് വരവില്‍ക്കവിഞ്ഞ സ്വത്തുണ്ടെന്ന് വ്യക്തമാക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളും ബിനാമികളുമായി ബാബുവിനുള്ള ബന്ധം വ്യക്തമാക്കുന്ന മൊബൈല്‍ ഫോണ്‍ വിശദാംശങ്ങളും കെ ബാബുവിന് വേണ്ടി ബാബുറാം വിജിലന്‍സ് ഡയറക്ടര്‍ക്കും ആഭ്യന്തരമന്ത്രിക്കും എഴുതിയ കത്തുകളുമാണ് വിജിലന്‍സിന്റെ പക്കലുള്ള നിര്‍ണായക രേഖകള്‍.
ബാബുവിന്റെ ബന്ധുക്കളുടെ ബാങ്ക് ലോക്കറുകളില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണാഭരണങ്ങളും അക്കൗണ്ടുകളിലൂടെ നടന്ന സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച വിശദാംശങ്ങള്‍ വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്.  ബിനാമികളായ മോഹനനും ബാബുറാമും നടത്തിയ കോടികളുടെ ബിസിനസിന്റെ സാമ്പത്തിക സ്രോതസ്സ് കെ ബാബുവാണെന്നാണ് വിജിലന്‍സ് നിഗമനം.
ടെലിഫോണ്‍ കോള്‍ വിശദാംശങ്ങള്‍ ഭാഗികമായി പരിശോധിച്ചതില്‍ നിന്നു തന്നെ ബാബുവും ബിനാമികളുമായി 180ഓളം തവണ പരസ്പരം ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, തനിക്ക് ബാബുറാമുമായി അടുപ്പമില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള പരിചയം മാത്രമാണുള്ളതെന്നുമാണ് കെ ബാബു വിശദീകരിച്ചിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക