|    May 25 Thu, 2017 1:20 am
FLASH NEWS

അനധികൃത സ്വത്തുസമ്പാദനം: മുന്‍മന്ത്രി കെ ബാബുവിനെതിരേ കേസ്; റെയ്ഡില്‍ പണവും രേഖകളും പിടികൂടി

Published : 4th September 2016 | Posted By: SMR

കൊച്ചി: അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനും അദ്ദേഹത്തിന്റെ ബിനാമികളായ ബാബുറാം, മോഹനന്‍ എന്നിവര്‍ക്കുമെതിരേ വിജിലന്‍സ് കേസെടുത്തു. ബാബുവിന്റെയും ബന്ധുക്കളുടെയും ബിനാമികളുടെയും വീടുകളും ഓഫിസുകളുമടക്കം 10 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ പണവും സ്വര്‍ണവും ഭൂമി ഇടപാടിന്റെ രേഖകളും പിടികൂടി. രണ്ടു ബാങ്ക് ലോക്കറുകളും അഞ്ചു ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു.
ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വസതി, മൂത്ത മകള്‍ ആതിരയുടെ തൊടുപുഴയിലെയും ഇളയ മകള്‍ ഐശ്വര്യയുടെ  പാലാരിവട്ടത്തെയും വസതികള്‍, ആതിരയുടെ ഭര്‍തൃപിതാവിന്റെ തൊടുപുഴയിലെ വീടിനടുത്ത ടൈല്‍ ഫാക്ടറി ഓഫിസ്, ബാബുവിന്റെ ബിനാമികളായ ബാബുറാം, മോഹനന്‍, നന്ദകുമാര്‍, തോപ്പില്‍ ഹരി, ജോജി എന്നിവരുടെ എറണാകുളം കുമ്പളത്തെയും തൃപ്പൂണിത്തുറയിലെയും വസതികള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഒരേ സമയമായിരുന്നു പരിശോധന.
ഈ സമയം ബാബു തൃപ്പൂണിത്തുറയിലെ വസതിയിലുണ്ടായിരുന്നു. ഇന്നലെ രാവിലെ 7ന് ആരംഭിച്ച പരിശോധന വൈകീട്ടോടെയാണ് പൂര്‍ത്തിയായത്. ബാബുവിന്റെ വീട്ടില്‍ നിന്ന് തമിഴ്‌നാട് തേനി ആണ്ടിപ്പെട്ടി ഗ്രാമത്തില്‍ 120 ഏക്കര്‍ ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ട രേഖകളും ഒന്നര ലക്ഷം രൂപയും 180 ഗ്രാം സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു. മോഹനന്റെ വീട്ടില്‍ നിന്ന് 6.6 ലക്ഷം രൂപയും തൊടുപുഴയിലെ മകളുടെ വീട്ടില്‍ നിന്ന് ഭൂമി ഇടപാടിന്റെ രേഖകളും കണ്ടെടുത്തു. മരവിപ്പിച്ച അഞ്ചു ബാങ്ക് അക്കൗണ്ടുകള്‍ ബാബുവിന്റെയും ഭാര്യയുടെയും മക്കളുടെയും പേരിലുള്ളതാണ്. മക്കളുടേതാണ് മരവിപ്പിച്ച രണ്ടു ബാങ്ക് ലോക്കറുകള്‍.
എക്‌സൈസ് മന്ത്രിയായിരിക്കെ 2011-2016 കാലയളവില്‍ കേരളത്തിനകത്തും പുറത്തും കോടികളുടെ അനധികൃത സ്വത്ത് കെ ബാബു സമ്പാദിച്ചതായി വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ ബുധനാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്. ബാബുവിനും ബന്ധുക്കള്‍ക്കും തമിഴ്‌നാട്ടിലെ തേനിയിലും കര്‍ണാടകയിലും ഭൂമിയുണ്ടെന്നും എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ബാബുവിന് 60 ശതമാനം ബിസിനസ് പങ്കാളിത്തമുണ്ടെന്നും കണ്ടെത്തി.
വിശ്വസ്തരായ ബാബുറാം, മോഹനന്‍, നന്ദകുമാര്‍, തോപ്പില്‍ ഹരി, ജോജി എന്നിവരിലൂടെ ബാബു റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും പലിശ ഇടപാടും നടത്തിയിട്ടുണ്ട്. ഭൂമി ഇടപാടുകള്‍ക്കാണ് ബാബുറാമിനെ ബിനാമിയായി ഉപയോഗപ്പെടുത്തിയിരുന്നത്. എസ്റ്റേറ്റ് നോക്കിനടത്തുന്നതും ബാബുറാമാണ്. വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരന്റെ നേതൃത്വത്തില്‍ രണ്ടു ഡിവൈഎസ്പിമാരും മൂന്ന് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടുന്ന ഏഴു സംഘങ്ങളാണ് പരിശോധന നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day