|    Mar 28 Tue, 2017 5:44 pm
FLASH NEWS

അനധികൃത മണലെടുപ്പ്; കടലിനോടടുത്ത വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍

Published : 2nd July 2016 | Posted By: SMR

വടകര: തീരദേശങ്ങളില്‍ നിന്നും അനിധകൃതമായി മണലെടുപ്പ് നടത്തുന്നത് കാരണം കടലിനോട് അടുത്തായി താമസിക്കുന്ന വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍. താലൂക്കിലെ അഴിയൂര്‍ മുതല്‍ അഴിത്തല സാന്റ്ബങ്ക്‌സ് വരെയുള്ള തീരപ്രദേശങ്ങളിലെ വീടുകള്‍ക്കാണ് ഇത്തരത്തിലുള്ള തകര്‍ച്ചാ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത്.
വ്യാപകമായ രീതിയിലുള്ള മണല്‍ കടത്താണ് ഈ മേഖലയില്‍ നടന്നു കൊണ്ടിരിക്കുന്നത്. കടല്‍ഭിത്തി കടന്ന് കൊണ്ട് ഇവര്‍ മണലെടുക്കുന്നത് കാരണം ഇവിടെ വന്‍ കുഴികളാണ് രൂപപ്പെടുന്നത്. ഇത് കാരണം കടല്‍ഭിത്തികള്‍ തകരുകയും ചെയ്യുന്നതായി ചിലയിടങ്ങളില്‍ കാണുന്നുണ്ട്. മണലെടുത്ത കുഴികള്‍ കാരണം കടല്‍ക്ഷോഭങ്ങളുണ്ടാകുന്ന സമയങ്ങളില്‍ അതിശക്തമായി കടല്‍ കരയിലേക്ക് ആഞ്ഞടിക്കുമ്പോള്‍ ഭൂമിക്ക് ചെറിയ രീതിയിലുള്ള കുലുക്കം സംഭവിക്കുന്നതായും ഇത് വീടുകളുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നുവെന്നുമാണ് തീരദേശത്തുള്ളവര്‍ പറയുന്നത്. കഴിഞ്ഞ ദിവസം താഴെഅങ്ങാടി പാണ്ടികശാല വളപ്പില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണിരുന്നു.
ഈ ഭാഗങ്ങളില്‍ വ്യാപകമായ രീതിയിലാണ് മണല്‍ കടത്ത് നടക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. മാത്രമല്ല ഇവിടെയുള്ള കടല്‍ഭിത്തികള്‍ തകര്‍ന്നു പോയിട്ടുമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കടലാക്രമണത്തെ തുടര്‍ന്ന് നിര്‍മ്മിച്ച കടല്‍ഭിത്തിയാണ് ഇവിടെയുള്ളത്. അഴിയൂരിലെ ചില ഭാഗങ്ങളില്‍ നിര്‍മ്മിച്ച ഗബ്രിയോണ്‍ രീതിയില്‍ ഇവിടെയും കടല്‍ഭിത്തി നിര്‍മ്മാണം നടത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
തീരത്ത് കുഴിയെടുത്ത് ലോഹക്കൂട്ടില്‍ ഇരുമ്പുപാളികളില്‍ ചെറിയ കല്ലുകള്‍ അടുക്കി വെച്ച് വലിയ പാളികളായി അടക്കുന്ന രീതിയാണ് ഗബ്രിയോണ്‍ രീതി. ഇത്തരത്തില്‍ കടല്‍ഭിത്തി നിര്‍മിച്ചാല്‍ കടലാക്രമണത്തില്‍ നിന്നും ഇത്തരത്തിലുള്ള ഭൂമിയുടെ കുലുക്കത്തില്‍ നിന്നും രക്ഷനേടാന്‍ കഴിയുമെന്നാണ് തീരദേശവാകിള്‍ പറയുന്നത്. മണല്‍കടത്തുമായി ബന്ധപ്പെട്ട നിരവധി തവണ പോലീസിലും, മറ്റു അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും മണല്‍കടത്ത് പഴയതു പോലെ തന്നെ ഇപ്പോഴും നടക്കുകയാണ്. ചിലയിടങ്ങളില്‍ ഇതിനെതിരെ ജനകീയ കമ്മിറ്റികള്‍ രൂപം കൊണ്ടിട്ടും അവരെ വെല്ലുവിളിക്കും വിധത്തില്‍ മണല്‍കടത്ത് നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ഇത്തരം സംഘങ്ങള്‍ക്ക് ചിലയിടങ്ങളിലെ പോലിസും, രാഷ്ട്രീയ നേതാക്കളും കൂട്ടുനില്‍ക്കുന്നതായും ആരോപണമുണ്ട്. ഇതിനെതിരെ ശക്തമായ രീതിയില്‍ നടപടിയെടുക്കണമെന്നും അല്ലാത്തവിധം വലിയ രീതിയിലുള്ള അപകടങ്ങള്‍ക്ക് കാരണമാകുമെന്നും തീരദേശവാസികള്‍ പറയുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day