|    Dec 12 Wed, 2018 9:09 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അനധികൃത പന്നി ഫാം അടച്ചുപൂട്ടണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍

Published : 18th November 2018 | Posted By: kasim kzm

ചാലക്കുടി: കോടശ്ശേരി പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നി ഫാം അടച്ചുപൂട്ടണമെന്ന് സ്‌റ്റേറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ കോര്‍മലയിലാണ് ആയിരത്തോളം പന്നികളുള്ള ഫാം പ്രവര്‍ത്തിക്കുന്നത്. പന്നികളെ അറുത്ത് മാംസവില്‍പനയും ഇവിടെ നടക്കുന്നുണ്ട്. അശാസ്ത്രീയമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫാമില്‍ നിന്നുള്ള മാലിന്യങ്ങളെ തുടര്‍ന്ന് പ്രദേശം പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. നിരവധി പേര്‍ ഇതിനകം ചികില്‍സ തേടിയിട്ടുമുണ്ട്.
ഫാമിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയായില്ലെന്നും തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും തൃശൂര്‍ എന്‍വയണ്‍മെന്റ് എന്‍ജിനീയര്‍ക്കും നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഇവര്‍ ആരോപിച്ചു.
പിന്നീട് ആരോഗ്യ വകുപ്പ് മാലിന്യ നിര്‍മാര്‍ജനത്തിന് ആവശ്യമായ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാത്തതിനാല്‍ ഫാമിന്റെ പ്രവര്‍ത്തനം തടയണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് കൈപ്പറ്റിയ ഫാം ഉടമകള്‍ ഒരു മാസത്തിലേറെയായിട്ടും പഞ്ചായത്ത് ഉത്തരവ് പ്രകാരമുള്ള നടപടി സ്വീകരിച്ചില്ല. ഉത്തരവ് നടപ്പാക്കാത്തതിന്റെ പേരില്‍ തുടര്‍നടപടികളൊന്നും പഞ്ചായത്ത് സ്വീകരിച്ചില്ല.
തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണകേന്ദ്രം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ഈ പരാതിയില്‍ അന്വേഷണം നടത്തിയ കലക്ടര്‍ ഒരാഴ്ചക്കുള്ളില്‍ ഫാമിനെതിരേ നടപടി സ്വീകരിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്തിന് നിര്‍ദേശം നല്‍കി. സമയപരിധി കഴിഞ്ഞിട്ടും നടപടിയായില്ലെന്നും ഇവര്‍ പറഞ്ഞു.
ഫാമിനരികില്‍ നിര്‍മിച്ചിരിക്കുന്ന വലിയ കുഴികളില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങള്‍ക്കു മുകളില്‍ പുല്ലും മണ്ണുമിട്ടു മൂടി പിന്നീട് ഇവ വെള്ളിക്കുളങ്ങര വലിയതോട്ടിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. മാത്രമല്ല, മാലിന്യങ്ങള്‍ കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ വകുപ്പ് പ്രദേശത്തെ ജലസ്രോതസ്സുകളില്‍ നിന്നു ശേഖരിച്ച് നടത്തിയ പരിശോധനയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് 1600 ശതമാനമാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. പന്നിഫാമിന്റെ സമീപത്തെ അഞ്ചോളം പേര്‍ക്ക് ഡെങ്കിപ്പനിയും ബാധിച്ചിട്ടുണ്ട്.
ജില്ലയിലെ മലയോര ഗ്രാമപഞ്ചായത്തുകളായ കോടശ്ശേരി, മറ്റത്തൂര്‍ പഞ്ചായത്തുകളിലെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ചാലക്കുടി ഇറിഗേഷന്‍ പ്രൊജക്റ്റിന്റെ പരിധിയിലുള്ള വെള്ളിക്കുളങ്ങര വലിയതോടിലേക്കാണ് ഫാമില്‍ നിന്നുള്ള മലിനജലം ഒഴുകിയെത്തുന്നത്. ഫാമിലെ പന്നികളെ കൊന്ന് മാംസവില്‍പന നടത്തുന്നത് നിയമപ്രകാരമുള്ള സ്ലോട്ടര്‍ഹൗസോ മറ്റു സംവിധാനങ്ങളോ ഏര്‍പ്പെടുത്താതെയാണെന്നും ഇവര്‍ ആരോപിച്ചു. ഇനിയും പഞ്ചായത്ത് നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്കു നേതൃത്വം നല്‍കുമെന്ന് ജോയി കൈതാരത്ത്, ജോസഫ് കെ വി, ജോബിള്‍ വി പി, സാജു പോള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss