|    Mar 23 Thu, 2017 3:57 pm
FLASH NEWS

അനധികൃത പണമിടപാട്: സ്ഥാപനങ്ങള്‍ക്കെതിരേ നടപടി വരുന്നു

Published : 28th June 2016 | Posted By: SMR

കെപിഒ റഹ്മത്തുല്ല

തൃശൂര്‍: അനധികൃത പണമിടപാട് സ്ഥാപനങ്ങള്‍ക്കെതിരേ ഓപറേഷന്‍ കുബേര ശക്തമായി നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു. ലൈസന്‍സില്ലാതെ കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുത്ത് ചൂഷണം നടത്തുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും കര്‍ശനമായി നേരിടാനാണ് പോലിസ് ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി രഹസ്യാന്വേഷണ വിഭാഗം ജില്ലകള്‍ തിരിച്ച് ഇത്തരം സ്ഥാപനങ്ങളുടെ വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ‘ബ്ലേഡ് കമ്പനികള്‍’ പ്രവര്‍ത്തിക്കുന്നത് തൃശൂരിലും എറണാകുളത്തുമാണ്. തൃശൂരില്‍ 12,458 സ്ഥാപനങ്ങളും എറണാകുളത്ത് 10,218 സ്ഥാപനങ്ങളും ഉണ്ടെന്നാണ് സൂചന. സംസ്ഥാനത്താകെ അര ലക്ഷത്തോളം അനധികൃത പണമിടപാട് സ്ഥാപനങ്ങള്‍ ഉണ്ടെന്ന് കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നുവെങ്കിലും പതിനായിരത്തോളം സ്ഥാപനങ്ങള്‍ക്കെതിരേ മാത്രമാണ് നടപടി എടുത്തത്. 432 കോടി രൂപയും പിടിച്ചെടുത്തിരുന്നു.
അതേസമയം,രാഷ്ട്രീയ ബന്ധമുള്ളവരെയും വന്‍കിട ബ്ലേഡുകാര്‍, പോലിസ് ഉദ്യോഗസ്ഥര്‍ അവരുടെ ബന്ധുക്കള്‍ എന്നിവര്‍ നടത്തുന്ന സ്ഥാപനങ്ങളെയും ഒഴിവാക്കിയതായി വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സഹകരണ ബാങ്കുകളുടെ നിലനില്‍പ്പു പോലും അപകടത്തിലാക്കുന്ന കൊള്ളപ്പലിശക്കാരെ സംസ്ഥാനത്തു നിന്നു പിഴുതെറിയാന്‍ ആഭ്യന്തര വകുപ്പ് മുന്നിട്ടിറങ്ങുന്നത്.
ഇതിനായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ യോഗവും തലസ്ഥാനത്ത് ചേര്‍ന്നിരുന്നു. സാധാരണക്കാരെ ചൂഷണം ചെയ്ത് അമിത പലിശ ഈടാക്കുകയും അവരുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ തട്ടിയെടുക്കുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളെയും ഇല്ലാതാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഈ രംഗത്ത് വലിയ നടപടികള്‍ സ്വീകരിച്ച തൃശൂര്‍ പോലിസ് അക്കാദമിയുടെ ചുമതലയുള്ള ഐജി പി വിജയന്റെ നേതൃത്വത്തിലാണ് ഓപറേഷന്‍ കുബേര പുതിയ രൂപത്തിലും ഭാവത്തിലും വരുന്നത്.
ഗ്രാമങ്ങള്‍ മുതല്‍ ചെറുതും വലുതുമായ എല്ലാ ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളിലും റെയ്ഡുകള്‍ നടത്തും. നടത്തിപ്പുകാരെ ജയിലിലടയ്ക്കും. ഇത്തരക്കാര്‍ക്കെതിരേ കാപ്പ ചുമത്താനുള്ള സാധ്യതയും പരിശോധിക്കുന്നതായി ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ തേജസിനോട് പറഞ്ഞു. ജനപ്രീതി ലക്ഷ്യം വച്ചാണ് സര്‍ക്കാര്‍ ഇത്തരം നടപടികള്‍ക്ക് തുടക്കം കുറിക്കുന്നത്. പരിശോധനകളിലും അറസ്റ്റിലും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തിയാകും ജൂലൈ പകുതിയോടെ കര്‍ശന നീക്കങ്ങള്‍ ആരംഭിക്കുക. അനധികൃത സ്ഥാപനങ്ങള്‍ മാസം തോറും സംസ്ഥാനത്ത് 500 കോടി രൂപ പലിശ ഇനത്തില്‍ ഈടാക്കുന്നുണ്ടെന്നാണ് അറിയുന്നത്. 25 മുതല്‍ 400 ശതമാനം വരെ പലിശ വാങ്ങുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പുതുതായി നിയമിതരായ ഡിഐജിമാര്‍ക്കും എസ്പിമാര്‍ക്കുമായിരിക്കും പരിശോധനകളുടെ മേല്‍നോട്ടം. ജില്ലകളില്‍ ഒരേ ദിവസം തന്നെയായിരിക്കും എല്ലാ സ്ഥാപനങ്ങള്‍ക്കുമെതിരേയുള്ള റെയ്ഡുകള്‍. മണി ലെന്‍ഡിങ് ലൈസന്‍സുള്ള സ്ഥാപനങ്ങളെ ഒഴിവാക്കും.

(Visited 21 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക