|    Jun 20 Wed, 2018 3:25 am

അനധികൃത പണമിടപാട്; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്നകേസ്: നാലുപേര്‍കൂടി പിടിയില്‍

Published : 8th June 2016 | Posted By: mi.ptk

പെരിന്തല്‍മണ്ണ: യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു കര്‍ണാടകയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ നാലുപേര്‍ കൂടി പിടിയില്‍. അങ്ങാടിപ്പുറം തിരൂര്‍ക്കാട് സ്വദേശി നെച്ചിത്തടത്തില്‍ നൗഫല്‍ (33), പെരിന്തല്‍മണ്ണ മാനത്തുമംഗലം നെച്ചിയില്‍ അക്ബര്‍ അലി എന്ന അക്കു(34), പെരിന്തല്‍മണ്ണ വലിയങ്ങാടി ചക്കുങ്ങല്‍ നൗഫല്‍ (30), കുറുവ സ്വദേശി ചേരിക്കാതൊടി നൗഫല്‍ (35) എന്നിവരെ ഇന്നലെ രാവിലെ എട്ടിന് പെരിന്തല്‍മണ്ണയിലും പരിസരത്തും വച്ച് സിഐ എ എം സിദ്ധീഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് ഒടമല മരുതലയില്‍വച്ച് കാറിലെത്തിയ സംഘം യുവാവിനെ മര്‍ദ്ദിച്ച് കടത്തിക്കൊണ്ടു പോയത്. സംഘം ദുബയ് പടിയിലും മരുതലയിലും വച്ച് കോടതി കഴിഞ്ഞ് വീട്ടിലേയ്ക്കു വരികയായിരുന്ന ആനിക്കാട്ടില്‍ അനില്‍ബാബുവിനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ക്വട്ടേഷന്‍ സംഘത്തിന്റെ കാറിലേയ്ക്കു ബലമായി പിടിച്ചു കയറ്റുകയുമായിരുന്നു. സംഭവത്തില്‍ ലീഗ് നേതാവ് പച്ചീരി നാസര്‍  സഹായി സജി എന്നിവര്‍ നേരത്തെ റിമാന്റിലായിട്ടുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പെരിന്തല്‍മണ്ണയിലേയും പരിസരങ്ങളിലേയും ചില വട്ടിപ്പലിശക്കാര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. ഇടപാടുമായി കിട്ടാനുള്ള പണം ലഭിക്കുകയോ അതല്ലെങ്കില്‍ അനില്‍ബാബുവിന്റെയും മാതാവിന്റെയും പേരിലുള്ള സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്ത് വാങ്ങുകയുമായിരുന്നു സംഘത്തിന്റെ  ലക്ഷ്യം. ഇതിനായി പണം വാഗ്ദാനം ചെയ്ത് കൊടുവള്ളി, പെരിന്തല്‍മണ്ണ, എറണാകുളം എന്നിവിടങ്ങളില്‍ നിന്നായി ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘം പെരിന്തല്‍മണ്ണയിലും അങ്ങാടിപ്പുറത്തും താമസിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്. കഴിഞ്ഞ ഒന്നിന് മറ്റൊരു കേസിന്റെ ആവശ്യാര്‍ഥം കോടതിയിലേയ്ക്കു വന്ന അനില്‍ ബാബുവിനെ പല സ്ഥലത്തായി സംഘം ചേര്‍ന്നു പ്രതികള്‍ നിരീക്ഷിക്കുകയും കോടതി കഴിഞ്ഞ് കാറില്‍ നാട്ടിലേയ്ക്കു വന്ന അനില്‍ ബാബുവിനെയും സുഹൃത്തിനെയും നാലു കാറുകളിലായി പിന്തുടര്‍ന്ന സംഘം മരുതലയില്‍വച്ച്  തട്ടിക്കൊണ്ടു പോവുകയുമായിരുന്നു. സംഘം ഇയാളെ മൂന്നു ദിവസത്തോളം കൊടുവള്ളി, കൊടക്, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ പാര്‍പ്പിച്ചു. ഫോണില്‍ വീട്ടുകാരെ വിളിച്ച് കരിങ്കല്ലത്താണിയിലുള്ള ബില്‍ഡിങും സ്ഥലവും രജിസ്റ്റര്‍ ചെയ്തു കൊടുക്കുന്നതിന് നിര്‍ബന്ധിക്കുകയും ചെയ്തു. നിര്‍ബന്ധത്തിനു വഴങ്ങിയ വീട്ടുകാര്‍ സ്ഥലം രജിസ്റ്റര്‍  ചെയ്യാനുള്ള നടപടികള്‍ ചെയ്തുവരുന്നതിനിടെ വിവരം നാട്ടുകാരറിയുകയും പോലിസിലറിയിക്കുകയുമായിരുന്നു. സിഐ എം സിദ്ധീഖ്, എസ്‌ഐ ജോബി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി രജിസ്‌ട്രേഷന്‍ നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ട് രജിസ്ട്രാര്‍ക്ക് പോലിസ് അപേക്ഷ നല്‍കുകയും ചെയ്തു. പിന്നീട് സിഐ എ എം സിദ്ധീഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രജിസ്‌ട്രേഷന്‍ നടത്താനായി ഓഫിസിലെത്തിയ വലിയ പറമ്പില്‍ സജി, പച്ചീരി അബ്ദുല്‍നാസര്‍ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ലിസ്റ്റിലുള്‍പ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലിസിനു ലഭിച്ചത്. ഈ സമയത്തു തന്നെ കര്‍ണാടകയില്‍ അന്വേഷണത്തിലുണ്ടായിരുന്ന കേരള പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സിഐ എ എം സിദ്ധീഖ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ കര്‍ണാടക പോലിസ് മുഖാന്തിരം കൈമാറുകയും രജിസ്‌ട്രേഷന്‍ നടത്തുന്നതിനായി എത്തിയവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. കേസിലുള്‍പ്പെട്ടവരെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ലഭിച്ചതായും മുഴുവന്‍ പ്രതികളും നിരീക്ഷണത്തിലാണെന്നും ഡിെൈവസ്പി പി ടി ബാലന്‍, സിഐ എ എം സിദ്ധീഖ്, എസ്‌ഐ ജോബി തോമസ് എന്നിവര്‍ അറിയിച്ചു. ഡിവൈഎസ്പി പി ടി ബാലന്റെ നേതൃത്വത്തില്‍ സിഐ എ എം സിദ്ധീഖ്, എസ്‌ഐ ജോബി തോമസ് എന്നിവരുടെ കീഴിലെ ടൗണ്‍ ഷാഡോ പോലിസിലേയും പ്രത്യേക അന്വേഷണ സംഘത്തിലെയും ഉദ്യോഗസ്ഥരായ പി മോഹന്‍ദാസ്, പി എന്‍ മോഹന കൃഷ്ണന്‍, സി പി മുരളി, വിനോജ് കാറല്‍മണ്ണ, എന്‍ വി ഷബീര്‍, എന്‍ ടി കൃഷ്ണകുമാര്‍, അഭിലാഷ് കൈപ്പിനി, അഷ്‌റഫ് കൂട്ടില്‍, ബി സന്ദീപ്, ടി സലീന, എന്നിവരും സംഘത്തിലുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss