|    Jan 23 Mon, 2017 1:52 am
FLASH NEWS

അനധികൃത പണപ്പിരിവ്: ഗതാഗത ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി സര്‍ക്കാര്‍ പൂഴ്ത്തി

Published : 6th August 2016 | Posted By: SMR

kerala-secretariat

പി എം  അഹ്മദ്

കോട്ടയം: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സമ്മേളന നടത്തിപ്പിന്റെ പേരില്‍ അനധികൃതമായി ലക്ഷങ്ങള്‍ പിരിച്ചെടുത്ത ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി റിപോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുന്നു. കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെഎംവിഡിജിഒഎ) സംഘടിപ്പിച്ച 26ാമത് റോഡ് സേഫ്റ്റി വീക്ക്- 2015 എന്ന പരിപാടിയുടെ പേരില്‍ 10 ലക്ഷം രൂപ പിരിച്ചെടുത്ത കേസിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വൈകുന്നത്.
അസോസിയേഷന്‍ ഭാരവാഹികളായ മോട്ടോര്‍ വെഹിക്കി ള്‍ ഉദ്യോഗസ്ഥര്‍, വാഹന വില്‍ പന ഏജന്റുമാര്‍, വാഹന സംബന്ധമായ ആവശ്യത്തിനായി ഓഫിസിലെത്തുന്നവര്‍ എന്നിവരി ല്‍ നിന്ന് 10 ലക്ഷം രൂപ പിരിച്ചെടുത്തെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തിയത്. കേസില്‍ തൃശൂര്‍ വിജിലന്‍സ് എന്‍ക്വയറി കമ്മീഷണര്‍ ആന്റ് സ്‌പെഷ്യല്‍ ജഡ്ജ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും സര്‍ക്കാരിന് റിപോര്‍ട്ട് ന ല്‍കുകയും ചെയ്തിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃത പണപ്പിരിവ് നടത്തിയതിന് അസോസിയേഷന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നതുള്‍പ്പെടെ നിര്‍ദേശിക്കുന്ന റിപോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ട് ആറ് മാസം പിന്നിടുകയാണ്. കൂടാതെ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പ് തല നടപടിക്ക് വിജിലന്‍സ് വകുപ്പ് ശുപാര്‍ശ ചെയ്ത വിവരം കുറ്റക്കാരായ ഉദ്യോഗസ്ഥരെ 2016 മാര്‍ച്ച് മൂന്നിന് ഗവ. സെക്രട്ടറി എം ശിവശങ്കര്‍ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അഴിമതിക്കെതിരേ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തി മാസങ്ങള്‍ പിന്നിട്ടിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഫയലില്‍ വിശ്രമിക്കുകയാണ്. കൂടാതെ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ഇന്നും സര്‍വീസില്‍ തുടരുകയാണ്. 12 പേരില്‍ ഒരാള്‍ വിരമിച്ചു. ഇതിനിടെ പല ഉദ്യോഗസ്ഥര്‍ക്കും സ്ഥാനക്കയറ്റവും ലഭിച്ചു.
കേസന്വേഷണത്തെ സ്വാധീനിക്കുമെന്നതിനാല്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ട ഉദ്യോഗസ്ഥരെ ഔദ്യോഗിക പദവിയില്‍ നിന്നു മാറ്റി നിര്‍ത്തി കേസന്വേഷിക്കണമെന്ന കീഴ്‌വഴക്കം പോലും ഇവിടെ പ്രാവര്‍ത്തികമായില്ല. അനധികൃത പണപ്പിരിവു നടത്താന്‍ അന്നത്തെ ഗതാഗത മന്ത്രി തിരുവഞ്ചൂ ര്‍ രാധാകൃഷ്ണന്‍ അനുമതി നല്‍കിയെന്നായിരുന്നു അസോസിയേഷന്‍ ഭാരവാഹികളുടെ അവകാശവാദം. എന്നാല്‍, ഇതുസംബന്ധിച്ച് അസോസിയേഷന്‍ നല്‍കിയ പേപ്പറില്‍ പെര്‍മിറ്റഡ് എന്നു മന്ത്രി എഴുതി നല്‍കുകയായിരുന്നു. സര്‍ക്കാര്‍ സെക്രട്ടറി ഓര്‍ഡര്‍ നല്‍കിയിട്ടില്ല. അന്വേഷണത്തിനിടെ മന്ത്രിയെ കേസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
1960ലെ കേരള സിവില്‍ സര്‍വീസ് റൂള്‍ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ആയിരം രൂപയുടെ ആയിരം സംഭാവന കൂപ്പണ്‍ അച്ചടിച്ചായിരുന്നു സമ്മേളനത്തിന്റെ പേരില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ അസോസിയേഷന്‍ ഭാരവാഹികളായ ഉദ്യോഗസ്ഥര്‍ 10 ലക്ഷം രൂപ പിരിച്ചെടുത്തത്.
വയനാട് ആര്‍ടിഒ ആയിരുന്ന പി എ സത്യനാണ് അന്വേഷണത്തിനിടെ സര്‍വീസില്‍ നിന്നു വിരമിച്ചത്. കൊല്ലം ആര്‍ടിഒയിലെ എംവിഐ ആര്‍ ശരത്ചന്ദ്രന്‍, കോട്ടയം ആര്‍ടിഒയിലെ ജോയിന്റ് ആര്‍ടിഒ ജിജി ജോര്‍ജ്, എറണാകുളം ആര്‍ടിഒയിലെ എംവിഐമാരായ ജെബി ഐ ചെറിയാന്‍, എന്‍ വിനോദ്കുമാ ര്‍, നൗഫല്‍ എ, ചങ്ങനാശ്ശേരി എംവിഐ ബി ശ്രീപ്രകാശ്, വടകര എംവിഐ സി ശ്യാം, ആറ്റിങ്ങല്‍ എംവിഐ രാജി ജോര്‍ജ്, തിരുവനന്തപുരം എംവിഐ എസ് മാലിക്, പൊന്നാനി എംവിഐ ഇബ്രാഹിം കുട്ടി, കണ്ണൂര്‍ ആര്‍ടിഒ സി ജെ പോള്‍സന്‍ എന്നിവര്‍ക്കെതിരെയാണ് അനധികൃത പണപിരിവിന് നടപടിക്ക് ശുപാര്‍ശ.
കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സനാണ് വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക