|    Oct 17 Wed, 2018 2:11 am
FLASH NEWS

അനധികൃത പടക്ക നിര്‍മാണത്തിനെ തിരേ പോലിസ് നടപടി തുടങ്ങി

Published : 12th April 2018 | Posted By: kasim kzm

കെ എം അക്ബര്‍

ചാവക്കാട്: വിഷുവിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജില്ലയിലെ അനധികൃത പടക്കനിര്‍മ്മാണം തടയാന്‍ പോലിസ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലയിലെ പടക്ക നിര്‍മ്മാണവും വില്‍പ്പനയും വിഷുവിപണി ശേഖരങ്ങളും ഇടക്കിടെ പോലിസ് പരിശോധിക്കും. പടക്ക നിര്‍മ്മാണ, വില്‍പ്പന കേന്ദ്രങ്ങള്‍ ലൈസന്‍സ് നിബന്ധനകളും സ്‌ഫോടകവസ്തു ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്ന പോലിസ് നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും.
അനധികൃത പടക്കനിര്‍മ്മാണവും ശേഖരവും വില്‍പ്പനയും തടയുന്നതിന് നടപടിയെടുക്കാന്‍ എല്ലാ സ്‌റ്റേഷന്‍ എസ്എച്ച്ഒ മാര്‍ക്കും ജില്ലാ പോലിസ് മേധാവി യതീഷ്ചന്ദ്ര നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. അളവില്‍ കൂടുതല്‍ വെടിമരുന്ന് സംഭരണവും നിയമവിധേയമല്ലാത്ത പടക്കസാമഗ്രികളുടെ നിര്‍മ്മാണവും പോലിസ് തടയും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും വന്‍സ്‌ഫോടകവസ്തു ശേഖരം സമീപകാലത്ത് പിടിച്ചെടുത്തതിനെതുടര്‍ന്ന് എറണാകുളം എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് സുരക്ഷയും പരിശോധനയും ജില്ലയില്‍ ശക്തമാക്കുന്നത്.
ശിവകാശിയില്‍ നിന്നും മറ്റും സാധാരണ പടക്കങ്ങള്‍ ജില്ലയിലെ വിഷുവിപണി ലക്ഷ്യംവെച്ച് എത്തുന്നുണ്ടങ്കിലും നാടന്‍ പനയോലപടക്കങ്ങള്‍ക്കും ഗുണ്ടുകള്‍ക്കും വന്‍ ഡിമാന്റ് ഉള്ളതിനാലാണ് പലരും നാട്ടില്‍ പടക്കനിര്‍മ്മാണത്തിലേക്ക് തിരിയുന്നത്. ലൈസന്‍സോ മറ്റ് സുരക്ഷാ സജ്ജീകരണങ്ങളോ ഇല്ലാതെയാണ് ഇത്തരം നിര്‍മ്മാണങ്ങള്‍ നടക്കുന്നത്.
അപകടങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ നിര്‍മ്മാണശാലകളെ കുറിച്ച് പുറംലോകം അറിയുകയുള്ളൂ. 2017 ഡിസംബര്‍ 19ന് കൊടുങ്ങല്ലൂര്‍ ചാപ്പാറയില്‍ അനധികൃത പടക്കനിര്‍മ്മാണത്തിനിടെ കരിമരുന്നിനു തീപടര്‍ന്ന് പൊള്ളലേറ്റ് രണ്ടു സ്ത്രീകള്‍ മരിച്ചിരുന്നു. പടക്കനിര്‍മാണം ഒരു കുടില്‍വ്യവസായംപോലെ വ്യാപകമായ പുല്ലൂറ്റ്, ചാപ്പാറ മേഖലയില്‍ മുമ്പും കരിമരുന്നിനു തീപിടിച്ച് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും രണ്ടുജീവന്‍ നഷ്ടപ്പെട്ട അപകടം ആദ്യമായിട്ടായിരുന്നു. പ്രദേശത്തെ 80ലധികം വീടുകളില്‍ അനധികൃത പടക്കനിര്‍മാണം നടന്നുവരുന്നുണ്ടെന്നാണ് വിവരം.
വര്‍ഷങ്ങളായി മേഖലയില്‍ നടന്നുവരുന്ന അധികൃത പടക്കനിര്‍മാണത്തെക്കുറിച്ച് ബന്ധപ്പെട്ടവര്‍ കാര്യമായ അന്വേഷണങ്ങളോ പരിശോധനകളോ നടത്താത്തതാണ് ഇത് ഒരു കുടില്‍വ്യവസായമായി വളര്‍ന്നുവരാന്‍ പ്രധാനകാരണമായതെന്ന ആരോപണമുയര്‍ന്നതോടെ ഇക്കഴിഞ്ഞ മാസം ചാപ്പാറയിലെ അനധികൃത പടക്ക നിര്‍മ്മാണ കേന്ദ്രത്തില്‍ പോലിസ് നടത്തിയ മിന്നല്‍ പരിശാധനയില്‍ 3000ത്തോളം പടക്കങ്ങളും അഞ്ചു കിലോ വെടിമരുന്നും പടക്ക നിര്‍മ്മാണത്തിനുള്ള സാധന സാമഗ്രികളും പിടിച്ചെടുത്തിരുന്നു. സംശയകരമായ സാഹചര്യങ്ങളും നിയമലംഘന പ്രവര്‍ത്തനങ്ങളും ശ്രദ്ധയില്‍പെടുന്നവര്‍ 1090 എന്ന നമ്പറില്‍ വിളിച്ച് വിവരം നല്‍കണമെന്ന് പോലിസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss