|    Oct 18 Thu, 2018 6:57 pm
FLASH NEWS

അനധികൃത നിര്‍മാണവും മണലൂറ്റും തടഞ്ഞു

Published : 13th September 2017 | Posted By: fsq

 

കട്ടപ്പന: പാടശേഖരങ്ങളെ ഉപയോഗശൂന്യമാക്കി നടത്തിവന്ന അനധികൃത നിര്‍മാണവും മണലൂറ്റും തടഞ്ഞു. പുളിയന്‍മല ഹേമക്കടവിലെ മണലൂറ്റിനെതിരേയാണ് ദേവികുളം സബ്കലക്ടര്‍ വി ആര്‍ പ്രേംകുമാറിന്റെ  കീഴിലുള്ള പ്രത്യേക സംഘം നടപടിയെടുത്തത്.  കാഞ്ചിയാര്‍ സ്വദേശി ദേവസ്യ ജോര്‍ജ്ജിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്താണ് അനധികൃത നിര്‍മാണവും മണലൂറ്റും നടത്തിവന്നിരുന്നത്.ഞായറാഴ്ച്ച നെടുങ്കണ്ടം ഡെപ്യൂട്ടി തഹസില്‍ദാര്‍ സി പി  ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ പട്രോളിങ്ങിനിടെ അനധികൃത നിര്‍മ്മാണവും മണലൂറ്റും കണ്ടെത്തുകയായിരുന്നു. ഒന്നരയേക്കറോളം വരുന്ന പാടത്തെ മണല്‍ ആഴത്തില്‍ ഖനനം ചെയ്‌തെടുത്തിട്ടുണ്ട്. ഇതോടെ പാടം നെല്‍ക്കൃഷിക്ക് അനുയോജ്യമല്ലാതായി. നെല്‍പ്പാടമായിരുന്ന ഇവിടെ മണലൂറ്റിയെടുത്ത ശേഷം ചെറു ബോട്ടുകള്‍ ഇറക്കുന്ന കുളം നിര്‍മിക്കാനുള്ള ശ്രമമായിരുന്നു എന്നാണ് റവന്യൂ വകുപ്പിന്റെ വാദം. കുളം പണിയാന്‍ ഉദ്ദേശിച്ച സ്ഥലത്തിനുസമീപം കോട്ടേജുകളും നിര്‍മിച്ചിട്ടുണ്ട്. മണലൂറ്റിനുപുറമെ അനുമതിയില്ലാതെ പാറ പൊട്ടിച്ച് മാറ്റിയിട്ടുമുണ്ട്. ഇവിടെ നിന്ന് ഊറ്റിയെടുക്കുന്ന മണല്‍ വില്‍പ്പനയ്ക്കായി വിവിധ ഭാഗങ്ങളിലേക്ക് കടത്തിയതും പ്രത്യേക സംഘം കണ്ടെത്തി. മണലൂറ്റിന് ഉപയോഗിച്ചിരുന്ന കൂറ്റന്‍ മോട്ടോറുകള്‍ ഇന്നലെ സംഘം പിടിച്ചെടുത്തു. എന്നാല്‍, റിസോര്‍ട്ട് നിര്‍മാണമല്ല മീന്‍ വളര്‍ത്താന്‍ കുളം കുഴി്ക്കുക മാത്രമാണ് ചെയ്തത് എന്നാണ് സ്ഥലമുടമ പറയുന്നത്. പുളിയന്‍മല, ആമയാര്‍, അണക്കര മേഖലകളില്‍ ഏക്കര്‍ കണക്കിനു പാടശേഖരങ്ങളിലാണ് അനധികൃത മണലൂറ്റ് നടക്കുന്നത്. ഉള്‍മേഖലകളിലെ ഹെക്ടര്‍ കണക്കായ പാടശേഖരങ്ങള്‍ ഇപ്പോള്‍ വലിയ കുളങ്ങള്‍ മാത്രമായി അവശേഷിച്ചിരിക്കുന്നു. വന്‍തോതില്‍ മണല്‍ ഖനനം ചെയ്ത് വിറ്റതുമൂലം പാടശേഖരങ്ങള്‍ ഇല്ലാതായി എന്നുമാത്രമല്ല, മേഖലയിലെ കാലാവസ്ഥയിലും കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. പാടശേഖരങ്ങളിലെ ജലത്തിന്റെ അളവ് ഇല്ലാതായതോടെ ശുദ്ധജലം മിക്കയിടങ്ങളിലും അന്യമായി. കുളങ്ങളില്‍ നിറയുന്നത് ചേറ് നിറഞ്ഞ ജലമാണ്. ഒരാവശ്യത്തിനം ഊ ജലം ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. അനധികൃത മണലൂറ്റ് വ്യാപകമായതിനെ തുടര്‍ന്ന് പരാതികള്‍ ഉയര്‍ന്നപ്പോള്‍ അധികൃതര്‍ കര്‍ശന നടപടികളുമായി രംഗത്തുവന്നിരുന്നു. എന്നാല്‍, പിന്നീട് ഈ നടപടികള്‍ കെട്ടടങ്ങി. ഇപ്പോള്‍, വീണ്ടും വിവിധ പാടശേഖരങ്ങളില്‍ വന്‍തോതില്‍ മണലൂറ്റ് നടന്നുവരികയാണ്. ഇതിനിടെയാണ് പുളിയന്‍മല ഹേമക്കടവില്‍ അനധികൃത നിര്‍മാണവും മണലൂറ്റും കണ്ടെത്തിയത്. മേഖലയിലെ മണലെടുപ്പ് അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ കാലാവസ്ഥാവ്യതിയാനമുണ്ടാവുമെന്ന് ജനങ്ങള്‍ ആശങ്കപ്പെടുന്നു. ഇത് കാര്‍ഷികമേഖലയ്ക്ക് കടുത്ത പരിസ്ഥിതി ആഘാതമാവും വരുത്തിവയ്ക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss