|    Jun 21 Thu, 2018 8:34 am
FLASH NEWS

അനധികൃത നിര്‍മാണം: പൂക്കോട് തടാകം നാശത്തിലേക്ക്

Published : 20th March 2016 | Posted By: SMR

കല്‍പ്പറ്റ: പരിസരത്ത് നിയമം ലംഘിച്ച് നടക്കുന്ന അനധികൃത നിര്‍മാണങ്ങള്‍ പൂക്കോട് തടാകത്തെ നാശത്തിലേക്ക് നയിക്കുന്നു. 1990കളിലാണ് പൂക്കോട് തടാകത്തെ വിനോദ സഞ്ചാരകേന്ദ്രമായി വികസിപ്പിച്ചത്. നാല് പതിറ്റാണ്ടു മുമ്പ് 8.5 ഹെക്ടറായിരുന്നു തടാകത്തിന്റെ വിസ്തൃതി. പരമാവധി ആഴം 12 മീറ്ററും. നിലവില്‍ ഇത് യഥാക്രമം 5.172 ഹെക്ടറും 6.5 മീറ്ററുമാണ്.
പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള സംഘം സമീപകാലത്ത് നടത്തിയ പഠനത്തിലാണ് തടാകത്തിന്റെ ആഴം ഗണ്യമായി കുറഞ്ഞതായി കണ്ടത്. മണ്ണടിഞ്ഞും പായലും കളകളും പെരുകിയുമാണ് തടാകത്തിന്റെ വിസ്തൃതി വര്‍ഷംതോറും കുറയുന്നത്. ജലാശയത്തിലേക്കുള്ള മണ്ണൊലിപ്പിനു തടയിടാന്‍ അധികൃതര്‍ക്ക് ആകുന്നില്ല. തടാക പരിസരത്തെ കുന്നുകളില്‍ കൃഷിയും നിര്‍മാണങ്ങളും തടയണമെന്ന് പൊതുതാല്‍പര്യ ഹര്‍ജികളില്‍ 2006 ജനുവരി 31നും 2013 ഓഗസ്റ്റ് മൂന്നിനും ഹൈക്കോടതി ഉത്തരവായതാണ്. നിര്‍മാണങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് വനംവകുപ്പിനേയും ജില്ലാ ഭരണകൂടത്തേയും കോടതി ചുമതലപ്പെടുത്തുകയുണ്ടായി.
പരിസ്ഥിതി തകര്‍ച്ചയ്ക്ക് കാരണമാവുന്ന നിര്‍മാണങ്ങള്‍ പൂക്കോട് മലവാരത്തില്‍ അനുവദിക്കരുതെന്ന് നിയമസഭാ പരിസ്ഥിതി കമ്മിറ്റിയും നിര്‍ദേശിച്ചിരുന്നു. ഇതെല്ലാം അവഗണിച്ച് കൃഷിയും നിര്‍മാണങ്ങളും തടാകത്തിനടുത്ത സ്വകാര്യ ഭൂമികളില്‍ തുടരുകയാണ്. മഴക്കാലങ്ങളില്‍ ശക്തമായ മണ്ണൊലിപ്പിനു ഇടയാക്കുന്ന ഇഞ്ചികൃഷിപോലും കുന്നുകളിലുണ്ട്. തടാകവും പരിസരവും അളന്നുതിരിച്ച് അതിര്‍ത്തി നിര്‍ണയിക്കണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി 2012 ഡിംസബംര്‍ 22ന് റവന്യൂ വകുപ്പിനു നല്‍കിയ നിര്‍ദേശവും പ്രാവര്‍ത്തികമായിട്ടില്ല.
സന്ദര്‍ശകരുടെ എണ്ണം നാല് വര്‍ഷത്തിനിടെ ഇരട്ടിയായെങ്കിലും അതിനൊത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഈ വിനോദസഞ്ചാരകേന്ദ്രത്തില്‍ വികസിക്കുന്നില്ല. ഈ ദുരവസ്ഥ അകറ്റാനും തടാകം ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ സംരക്ഷിക്കാനും അധികാരികളുടെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുന്നവര്‍ നിരവധിയാണ്.കരളത്തില്‍ വിസ്തൃതിയില്‍ രണ്ടാംസ്ഥാനത്തുള്ള പൂക്കോട് തടാകത്തിലും കരയിലുമായി ഏതാനും മണിക്കൂറുകളെങ്കിലും ചെലവഴിക്കാനായി എത്തുന്ന സഞ്ചാരികളുടെ എണ്ണം ഓരോ വര്‍ഷവും കൂടുകയാണ്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കണക്കനുസരിച്ച് വിദേശികളടക്കം 4,56,456 ആളുകളാണ് 2011ല്‍ പൂക്കോട് സന്ദര്‍ശിച്ചത്. 2015ല്‍ 9,23,391 പേരും.കോഴിക്കോടുനിന്നു ദേശീയപാത 212ലൂടെ 60 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൂക്കോട് എത്താം. ദേശീയപാതയില്‍ ലക്കിടിക്കടുത്തുള്ള തളിപ്പുഴയില്‍നിന്നു വിളപ്പാടകലം മാത്രമാണ് പൂക്കോട് തടാകത്തിലേക്ക്. ഇവിടെനിന്ന് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലേക്ക് 15 കിലോമീറ്ററാണ് ദൂരം.
രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറ് വരെയാണ് പൂക്കോട് വിനോദസഞ്ചാരകേന്ദ്രത്തില്‍ സന്ദര്‍ശകക്ക് പ്രവേശനം. വൈകീട്ട് അഞ്ച് വരെ മാത്രമാണ് തടാകത്തില്‍ ബോട്ടിങിനു അനുവാദം. ചവിട്ടുന്നതും തുഴയുന്നതുമായ ബോട്ടുകള്‍ ലഭ്യമാണ്. ഒരേസമയം ഏഴ് പേര്‍ക്കു സഞ്ചരിക്കാവുന്ന തുഴബോട്ടുകളും പൂക്കോട് ഉണ്ട്. കുട്ടികളുടെ ഉദ്യാനം, കഫ്റ്റീയ, കരകൗശലസുഗന്ധവ്യഞ്ജന ഉല്‍പന്ന വിപണനകേന്ദ്രം എന്നിവ തടാകക്കരയിലുണ്ട്. ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തില്‍ സീ ഫുഡ് കിച്ചണും അടുത്തിട പൂക്കോട് പ്രവര്‍ത്തനമാരംഭിച്ചു. നൈസര്‍ഗിക സൗന്ദര്യത്തിനു പുറമേ ജൈവ വൈവിധ്യസമൃദ്ധിക്കും പുകള്‍പെറ്റതാണ് പൂക്കോട് തടാകവും പരിസരവും. ഇവിടെ മാത്രം കാണുന്ന മീന്‍ ഇനമാണ് പൂക്കോട് പരല്‍. തടാകത്തെ ചുറ്റിയുള്ള വനപ്രദേശം 70ല്‍പരം ഇനം പക്ഷികളുടേയും നിരവധി ഇനം പൂമ്പാറ്റകളുടേയും ആവാസകേന്ദ്രമാണ്. ഫിഷറീസ് വകുപ്പിന്റെ കൈവശത്തിലുള്ള തടാകവും പരിസരവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss