|    Jun 22 Fri, 2018 5:19 am
FLASH NEWS

അനധികൃത നിര്‍മാണം: കൗണ്‍സില്‍ യോഗത്തില്‍ വാഗ്വാദം

Published : 25th October 2016 | Posted By: SMR

കൊല്ലം: അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളെ ചൊല്ലി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വാഗ്വാദം. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ സഭ ബഹിഷ്‌കരിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയെങ്കിലും മേയറുടെയും സ്ഥിരംസമിതി അധ്യക്ഷന്‍മാരുടെയും ഇപടെലിനെ തുടര്‍ന്ന് രംഗം ശാന്തമാവുകയായിരുന്നു. കൗണ്‍സിലിന്റെ വികാരം ഉള്‍ക്കൊണ്ട് തീരുമാനം എടുക്കുമെന്ന മേയറുടെ ഉറപ്പിന്‍മേലാണ് രംഗം ശാന്തമായത്.പൊതുചര്‍ച്ചയ്ക്ക് തുടക്കമിട്ട സിപിഐ അംഗം എന്‍ മോഹനനാണ് അനധികൃത നിര്‍മാണം കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. കടപ്പാക്കടയ്ക്ക് സമീപം അസറ്റ് ഹോംസ് എന്ന ബഹുനില സമുച്ചയത്തിനുവേണ്ടി ഹാമര്‍ പൈലിങ് നടത്തുന്നത് സമീപവാസികള്‍ക്ക് ഭീഷണിയാകുന്നതായി അംഗം പരാതിപ്പെട്ടു. ഇതിന് പുറമെ സമീപഭാവിയില്‍ പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനിയാകുമെന്നും മോഹനന്‍ പറഞ്ഞു. പച്ചക്കറി കച്ചവടത്തിനായി സിപിഎമ്മിന്റെ ബഹുജനസംഘടനയായ കര്‍ഷകസംഘത്തിന് കോര്‍പറേഷന്‍ ഓഫീസിന് സമീപം താല്‍ക്കാലികമായി അനുവദിച്ച കട നീക്കം ചെയ്യണമെന്നും സിപിഐ അംഗം ആവശ്യപ്പെട്ടു. സ്റ്റേഡിയത്തിന് സമീപം നടപ്പാതയില്‍ സഹകരണ സംഘം വകയായി ആരംഭിച്ച പച്ചക്കറി കട ഓണം കഴിഞ്ഞാല്‍ നീക്കം ചെയ്യാമെന്ന് മേയര്‍ ഉറപ്പുനല്‍കിയിരുന്നതായി യുഡിഎഫ് കക്ഷി നേതാവ് എ കെ ഹഫീസ് ചൂണ്ടിക്കാട്ടി. ഇക്കാര്യം മിനിട്ട്‌സില്‍ രേഖപ്പെടുത്തിയതാണെന്നും ഹഫീസ് പറഞ്ഞു. എന്‍ജിനീയറിങ് സെക്ഷനിലെ ഉദ്യോഗസ്ഥരില്‍ ചിലര്‍ കോര്‍പറേഷന്റെ കരാര്‍ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നുവെന്ന് സിപിഐയിലെ ഹണിയും ആരോപിച്ചു. നഗരത്തില്‍ പലയിടത്തും അനധികൃത കെട്ടിടങ്ങള്‍ പൊന്തിവരുന്നുവെന്നും ഇതിന് പിന്നില്‍ ലൈസന്‍സികളും ടൗണ്‍പ്ലാനിങ് ഉദ്യോഗസ്ഥരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് സ്ഥിരംസമിതി അദ്ധ്യക്ഷന്‍ വിഎസ് പ്രിയദര്‍ശനന്‍ പറഞ്ഞു. ഒന്നര സെന്റുകാരന് മാത്രമാണ് കെട്ടിട നിര്‍മാണചട്ടങ്ങള്‍ ബാധകമാകുന്നത്. അതേസമയം നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ബഹുനില മന്ദിരങ്ങള്‍ ഉയരുന്നുമുണ്ട്. ലൈസന്‍സികളുടെ വിളയാട്ടം കര്‍ശനമായി തടയണമെന്ന് പ്രിയദര്‍ശന്‍ ആവശ്യപ്പെട്ടു. നഗരാസൂത്രണവുമായി ബന്ധപ്പെട്ട് കൊടിയ അഴിമതിയാണ് നടക്കുന്നതെന്ന് വികസനകാര്യസ്ഥിരംസമിതി അധ്യക്ഷന്‍ എംഎ സത്താര്‍ പറഞ്ഞു.ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഫഌറ്റ് സമുച്ചയം നിര്‍മ്മിച്ചാല്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് മേയര്‍ വി രാജേന്ദ്രബാബു മുന്നറിയിപ്പ് നല്‍കി. മൂന്നാംകുറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫഌറ്റ് സമുച്ചയത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്. മുനിസിപ്പല്‍ ചട്ടങ്ങള്‍ അനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയില്ല. നിയമവിധേയമായിട്ടാണോ നിര്‍മ്മാണം നടക്കുന്നതെന്ന കാര്യത്തില്‍ അതാത് ഡിവിഷന്‍ കൗണ്‍സിലര്‍മാരും ശ്രദ്ധിക്കണമെന്ന് മേയര്‍ പറഞ്ഞു.പൊതുചര്‍ച്ചയ്ക്ക് മറുപടി നല്‍കവെ ഓണത്തിന് പച്ചക്കറി സ്റ്റാള്‍ നടത്താന്‍ സൊസൈറ്റിക്ക് അനുമതി നല്‍കിയ തീരുമാനത്തെ മേയര്‍ സാധൂകരിച്ചതോടെ ഇതിനെതിരെ യുഡിഎഫ് അംഗങ്ങള്‍ രംഗത്തെത്തി. ഓണം കഴിഞ്ഞാല്‍ കട പൊളിച്ചുമാറ്റാമെന്ന് മേയര്‍ ഉറപ്പുനല്‍കിയിരുന്നുവെന്ന കാര്യം അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സ്റ്റിയറിങ് കമ്മിറ്റിയുമായി ആലോചിച്ചാണ് കടയ്ക്ക് അനുമതി നല്‍കിയതെന്ന് മേയര്‍ മറുപടി നല്‍കി. ഇതോടെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി ഡയസിലേയ്ക്ക് ചാടിക്കയറി. അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റണമെന്ന് സിപിഐ അംഗങ്ങളായ ഹണി, എന്‍ മോഹനന്‍ എന്നിവരും ആവശ്യപ്പെട്ടു. താല്‍ക്കാലികമായി കെട്ടി ഉയര്‍ത്തിയ കടയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി കൈക്കൊള്ളണമെന്ന് സിപിഐയിലെ അഡ്വ. സൈജു ആവശ്യം ഉന്നയിച്ചു. ബഹളം രൂക്ഷമായതോടെ സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ എംഎ സത്താറും വിഎസ് പ്രിയദര്‍ശനനും എത്തി അനുനയിപ്പിച്ചതോടെ യുഡിഎഫ് അംഗങ്ങള്‍ ഇരിപ്പിടത്തിലേക്ക് മടങ്ങി. കൗണ്‍സിലിന്റെ വികാരം ഉള്‍ക്കൊണ്ട് തീരുമാനമെടുക്കുമെന്ന് മേയറും ഉറപ്പ് നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss