|    Jun 24 Sat, 2017 5:39 pm
FLASH NEWS

അനധികൃത ജലമൂറ്റല്‍ നിരോധിച്ച തീരുമാനം പ്രഹസനമാവുന്നു

Published : 29th November 2016 | Posted By: SMR

കുമളി: കുമളി ഗ്രാമപ്പഞ്ചായത്തിലെ  അട്ടപ്പള്ളത്തു നിന്നും അനധികൃത ജലമൂറ്റല്‍ നിരോധിച്ച തീരുമാനം പ്രഹസനമാവുന്നു. കുമളി അട്ടപ്പള്ളത്തെ സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍ നിന്നും ജലമൂറ്റി വ്യവസായികാടിസ്ഥാനത്തില്‍ വില്‍പ്പന നടത്തുന്നത് നിരോധിച്ചെങ്കിലും മറ്റ് സ്ഥങ്ങളില്‍ വ്യാപകമായ ജലമൂറ്റാണ് നടക്കുന്നത്. അട്ടപ്പള്ളത്തെ ജലമൂറ്റല്‍ നിരോധിച്ചതോടെ വെള്ളക്കച്ചവടക്കാര്‍ പഞ്ചായത്തിന്റെ വിവിധ മേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്.മറ്റ് മേഖലയില്‍ കൂടി ജലമൂറ്റലിന് നിയന്ത്ര ഏര്‍പ്പെടുത്തിയില്ലെങ്കില്‍   നിരോധനം പ്രഹസനമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. നിരോധനം വന്നതോടെ  ജലമൂറ്റിനെതിരെ സി.പി.എം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി. മുരിക്കടിയില്‍ നിന്നും ശേഖരിച്ചമലിനജലമാണ് വില്‍പ്പനക്കായി  ടാങ്കറില്‍ എത്തിക്കുന്നതെന്ന് ആരോപിച്ചാണ് ഇവര്‍ ലോറി തടഞ്ഞത്. പിന്നീട് പോലിസ് കസ്റ്റഡിയില്‍ എടുത്ത ഈ ലോറി ഉടമ ആവശ്യപ്പെട്ടിട്ടും വിട്ടുകൊടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.ഇതേ സമയം സിപിഎം നേതാക്കളുടെ വെള്ള കച്ചവടം സംരക്ഷിക്കന്നതിന് വേണ്ടിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. ചോറ്റുപാറയില്‍ സര്‍ക്കാര്‍ ചിലവില്‍ നിര്‍മ്മിച്ച കുളത്തില്‍ നിന്നുമാണ് ഡിവൈഎഫ്‌ഐ നേതാവ് ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിച്ച് പണം സമ്പാദിക്കുന്നത്. കെ കെ തോമസ് എംഎല്‍എ ആയിരുന്ന കാലത്ത് തോട്ടം തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച കുളം കൈയ്യേറി സ്വന്തമാക്കി ഇതില്‍ നിന്നുമാണ് വെള്ളം വില്‍പ്പന നടത്തുന്നത്. ഡിവൈഎഫ്‌ഐ നേതാവിന്റെ പിതാവ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് നിര്‍മ്മിച്ച കുളമാണ് ഇപ്പോള്‍ കൈയ്യേറി കൈവശം വച്ചിരിക്കുന്നതെന്നാണ് ആളുകള്‍ പറയുന്നത്.  വെള്ളക്കച്ചവടത്തിലെ കൊള്ളലാഭം മനസ്സിലാക്കിയ ഒരു നേതാവ് അടുത്തിടെ വലിയകണ്ടത്ത് കൂറ്റന്‍ കിണര്‍ നിര്‍മിച്ച് ഇതില്‍ നിന്നും വെള്ളക്കച്ചവടം ആരംഭിച്ചിരുന്നു. എന്നാല്‍ തദ്ദേശവാസികള്‍ ഇതിനെതിരെ രംഗത്ത് വരികയും വാര്‍ഡ് മെമ്പര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ നേതാക്കള്‍ക്കെതിരെ ലഭിച്ച പരാതി സിപിഎം പ്രതിനിധി കൂടിയായ പഞ്ചായത്ത് അംഗം അവഗണിച്ചതായും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. കുമളിയിലെ റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, ഹോട്ടലുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലിലേക്കായി വെള്ളം എത്തിക്കുന്നതിന് നിരവധി കുഴല്‍ കിണറുകളും വന്‍ കുളങ്ങളുമാണ് ഈ മേഖലയില്‍ നിര്‍മ്മിച്ചിട്ടുള്ളത്. പ്രതിദിനം ഇരുപതോളം ടാങ്കര്‍ ലോറികളിലായി നൂറുകണക്കിന് ലോഡ് വെള്ളമാണ് പ്രതിദിനം വില്‍പന നടത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക