|    May 30 Tue, 2017 11:04 am
FLASH NEWS

അനധികൃത ഖനനത്തിനെതിരേ പഞ്ചായത്തംഗത്തിന്റെ പ്രതിഷേധം

Published : 12th October 2016 | Posted By: Abbasali tf

പത്തനംതിട്ട: അനധികൃത ഖനനത്തിന് മൗനാനുവാദം നല്‍കുന്ന ഗ്രാമപ്പഞ്ചായത്തിന്റെയും പോലിസിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം നേതൃത്വം നല്‍കുന്ന ചിറ്റാര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിക്കെതിരേ രംഗത്തെത്തിയ പാര്‍ട്ടി പ്രതിനിധികൂടിയായ അംഗത്തിന് വധഭീഷണി. ഗ്രാമപ്പഞ്ചായത്ത്  മൂന്നാം വാര്‍ഡ് അംഗവും ഡിവൈഎഫ്‌ഐ റാന്നി താലൂക്ക് ജോ. സെക്രട്ടറി കൂടിയായ നിതിന്‍ കിഷോറാണ് രംഗത്തെത്തിയിരിക്കുന്നത്.  റാന്നി ബ്ലോക്ക് പഞ്ചായത്തംഗവും സിപിഎം നേതാവുമായ പാമ്പിനി ചൈതന്യയില്‍  ഓമനാ ശ്രീധരന്റെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ നടക്കുന്ന അനധികൃത കരിങ്കല്‍ ഖനനത്തിനെതിരേ പഞ്ചായത്ത് ഭരണ സമിതിയിലും പോലിസിലും നിതില്‍ കിഷോര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്‍കിയതിന് പിന്നാലെ പാറ ഖനനത്തിനെതിരേ പ്രതികരിച്ചതിന് വധഭീഷണിയും പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പുമായി പ്രാദേശിക നേതാക്കളും രംഗത്തെത്തിയതായി നിതില്‍ കിഷോര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഫോണ്‍ വഴിയും സമ്മര്‍ദ്ദവും ഭീഷണിയുണ്ടെന്നും ബോംബ് വയ്ക്കും,  വണ്ടി ഇടിപ്പിക്കും എന്നൊക്കെ ഭീഷണിപ്പെടുത്തുന്നതായും നിതില്‍ പറയുന്നു. താന്‍ ചിലപ്പോള്‍ കൊല്ലപ്പെട്ടേക്കാമെന്നും ചിറ്റാര്‍ പോലിസ് സ്‌റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ടാല്‍ അതിന്റെ കാരണം എല്ലാവരും അറിയണമെന്നും കൂടെ നില്‍ക്കേണ്ടവര്‍, കൂടെ നിന്നില്ലെന്നും ഒറ്റപ്പെടുത്തിയെന്നും അതുകൊണ്ടാണ് ഫേസ് ബുക്കിലൂടെ ഈക്കാര്യം സൂചിപ്പിക്കുന്നതെന്നും നിതില്‍ പറയുന്നു. ഓമനാശ്രീധരന്റെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ നടക്കുന്ന ഖനനത്തിനെതിരേ ഗ്രാമപ്പഞ്ചായത്തില്‍ നിന്നോ, വില്ലേജില്‍ നിന്നോ അനുമതി നല്‍കിയിട്ടില്ല, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിന്നു അനുമതി വാങ്ങിയിട്ടില്ലെന്നും ഇദ്ദേഹം ആരോപിക്കുന്നു.  സിപിഎം, ഡി.വൈഎഫ്‌ഐ ബന്ധം അവസാനിപ്പിക്കുന്നതായും പാര്‍ട്ടി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപ്പഞ്ചായത്ത് അംഗത്വം രാജിവയ്ക്കുന്നതായും ഈക്കാര്യത്തില്‍ വാര്‍ഡിലെ ജനങ്ങള്‍ മാപ്പു നല്‍കണമെന്നും നിതിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്തിലെ ഖനന മാഫിയകള്‍ക്കെതിരേ പോരാടുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് നിതിന്‍ കിഷോര്‍. പശ്ചിമഘട്ട മേഖലയിലെ അതീവ ദുര്‍ബല പ്രദേശമാണ് ചിറ്റാര്‍ ഗ്രാമപ്പഞ്ചായത്ത്. അതിനാല്‍ തന്നെ കസ്തൂരി രംഗന്‍ റിപോര്‍ട്ടില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി അടയാളപ്പെടുത്തിയിരുന്നു. പ്രദേശത്തെ കര്‍ഷകര്‍ക്ക് കൈവശ ഭൂമിയില്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് വനം വകുപ്പിന്റെ അനുമതി വേണമെങ്കിലും ക്വാറി മാഫിയക്ക് പ്രവര്‍ത്തിക്കാന്‍ പ്രതിമാസം നിശ്ചിത പടി നല്‍കിയാല്‍ മതി.ചിറ്റാറിലേക്ക് നിയമനം വാങ്ങാന്‍ പോലിസില്‍ ലേലം വിളിയാണെന്നാണ് പരക്കെയുള്ള ആക്ഷേപം.  കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 2013 നവംബര്‍ 13ലെ ഉത്തരവ് പ്രകാരം ചിറ്റാര്‍-സീതത്തോട് വില്ലേജ് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ക്വാറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചിറ്റാര്‍ ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ അനധികൃതമായി ഒരു ഡസനിലധികം കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. ഈക്കാര്യം ചൂണ്ടിക്കാട്ടി ചിറ്റാര്‍ ഊരാമ്പാറയിലുള്ള ഡെല്‍റ്റാ കമ്പനിയുടെ അനധികൃത ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതിന് മുന്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയും ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് സീനിയര്‍ ജിയോളജിസ്റ്റും ഗുരുതരമായ വീഴ്ച വരുത്തിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരേ വകുപ്പുതല നടപടി എടുക്കണമെന്നും വിജിലന്‍സ് നിര്‍ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച നാട്ടുകാരുടെ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ റിപോര്‍ട്ടില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി അടയാളപ്പെടുത്തിയ ചിറ്റാറില്‍   17-04-2013ന് മുമ്പ് പാരിസ്ഥിതികാനുമതി കിട്ടിയവര്‍ക്ക് മാത്രമേ തുടര്‍ന്നും ഖനനത്തിന് ഇളവ് നല്‍കിയിട്ടുള്ളുവെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടുന്നു. ചിറ്റാറില്‍ പരിസ്ഥിതികാനുമതി ആര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലംഘനം ക്രിമിനല്‍ കുറ്റമാണെന്നും ജില്ലാ കലക്ടറാണ് കേസെടുക്കേണ്ടതെന്നും ഹരീഷ് പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day