|    Jan 16 Mon, 2017 6:29 pm

അനധികൃത കെട്ടിടനിര്‍മാണം; തൊടുപുഴയില്‍ നികുതി ഈടാക്കാന്‍ പ്രത്യേക സ്‌ക്വാഡ്

Published : 4th July 2016 | Posted By: SMR

തൊടുപുഴ: മുനിസിപ്പാലിറ്റിയിലെ അനധികൃത കെട്ടിട നിര്‍മാണം കണ്ടെത്തി നികുതി ഈടാക്കാന്‍ നഗരസഭ സെക്രട്ടറി അഞ്ചംഗ സ്‌പെഷല്‍ സ്‌ക്വാഡിനു രൂപം നല്‍കി. ശനിയാഴ്ചയാണ് സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അന്നുതന്നെ സ്‌ക്വാഡ് പ്രവര്‍ത്തനവും ആരംഭിച്ചു. രണ്ട് റവന്യൂ ഇന്‍സ്‌പെക്ടര്‍മാരും രണ്ട് റവന്യൂ ജീവനക്കാരും ഡ്രൈവറുമടങ്ങിയതാണ് സംഘം.
സ്‌ക്വാഡിന്റെ ദൈനംദിന പ്രവര്‍ത്തനം സെക്രട്ടറിയും ചെയര്‍പേഴ്‌സനും, വൈസ്‌ചെയര്‍മാനും നിരീക്ഷിക്കും. അനധികൃത നിര്‍മ്മാണമെന്ന് കണ്ടെത്തുന്ന കെട്ടിടം അളന്ന് സ്‌ക്വയര്‍ഫീറ്റ് കണക്കാക്കി സ്ഥലത്ത് വെച്ചു തന്നെ നോട്ടീസ് നല്‍കും. നികുതിക്കു പുറമെ നിശ്ചിത പിഴയും കെട്ടിട ഉടമകള്‍ നഗരസഭയക്ക് നല്‍കണം. സ്‌പെഷല്‍ സ്‌ക്വാഡ് ആദ്യ ദിവസം തന്നെ ലക്ഷക്കണക്കിനു രൂപ പിഴയീടാക്കി.
സമീപ ദിവസങ്ങളില്‍ ഇവര്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് വൈസ്‌ചെയര്‍മാന്‍ അറിയിച്ചു.തൊടുപുഴയിലെ വന്‍ വ്യവസായികളുടെ അനധികൃതമായ നിര്‍മ്മാണത്തിന് നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ വിവാദങ്ങളാണ് ഉയര്‍ന്നത്.അനധികൃതമായി നിര്‍മിച്ചിരിക്കുന്ന ഏതാനും കെട്ടിടങ്ങളില്‍ നിന്നു മാത്രം വര്‍ഷം 12ലക്ഷം രൂപ നഗരസഭയ്ക്ക് അധിക വരുമാനം ലഭിക്കുമെന്നാണ് കണക്ക്.
സ്വകാര്യ കോളജ് ഉള്‍പ്പടെയുള്ള കെട്ടിടങ്ങള്‍ വര്‍ഷങ്ങളായി കെട്ടിടനംബര്‍ പോലുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. മറ്റ് ചിലര്‍ കെട്ടിട നിര്‍മാണാനുമതി നേടിയെടുത്ത് ശേഷം അനുമതിയില്ലാതെ മൂന്ന് നിലകള്‍ വരെ പണിതുവെന്നും നഗരസഭയുടെ ആദ്യഘട്ട പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ വ്യവസായികളെ സംരക്ഷിക്കുന്ന നിലപാടുമായി കൗണ്‍സിലര്‍മാരില്‍ ചിലര്‍ രംഗത്ത് എത്തിയതോടെ നഗരസഭ സമ്മര്‍ദത്തിലായി.
ഇതിനിടെ, അനധികൃത കെട്ടിട നിര്‍മ്മാണം കണ്ടെത്താന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ നികൂതി ഒഴിവാക്കാന്‍ ഒരു ലക്ഷം രൂപ വരെ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ഗുരുതരമായ ആരോപണവുമുണ്ടായി.സംഭവം വിവാദമായതോടെ സ്‌പെഷല്‍ ബ്രാഞ്ച് ഇവരെക്കുറിച്ച് അന്വേഷണവും ആരംഭിച്ചിരുന്നു. ഇതോടെ നികൂതി പിരിവ് കുറച്ച് ദിവസം സ്തംഭിച്ചു.ആരോപണ വിധേയരെ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് പുതിയ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക