|    Oct 23 Tue, 2018 6:14 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അനധികൃത കുടിയേറ്റം; 35 യുവാക്കള്‍ അറസ്റ്റില്‍

Published : 6th September 2017 | Posted By: fsq

 

കൊണ്ടോട്ടി: അനധികൃതമായി രാജ്യത്തേക്ക് കടന്നുവെന്ന കുറ്റം ചുമത്തി 35 യുവാക്കളെ എടവണ്ണപ്പാറയിലെ വാടക ക്വാര്‍ട്ടേഴ്‌സുകളില്‍ നിന്ന് വാഴക്കാട് പോലിസ് അറസ്റ്റ് ചെയ്തു. എസ്പി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശമനുസരിച്ച് കൊണ്ടോട്ടി സിഐ മുഹമ്മദ് ഹനീഫ, വാഴക്കാട് എസ്‌ഐ വി വിജയരാജന്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തില്‍ എടവണ്ണപ്പാറ-അരീക്കോട് റോഡിലെ ദാറുസ്സലാം കോംപ്ലക്‌സിലെ ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയിലാണ് 35 പേരെ പിടികൂടിയത്. ഇവര്‍ ബംഗ്ലാദേശികളാണെന്ന് പോലിസ് പറയുന്നു. ഇവരില്‍ മൂന്നുപേര്‍ ബംഗ്ലാദേശ് സ്വദേശികളാണെന്നുള്ളതിന് പാസ്‌പോര്‍ട്ടുണ്ടെങ്കിലും രാജ്യത്തു തങ്ങാനുള്ള വിസാ കാലാവധി ആറുമാസം മുമ്പ് കഴിഞ്ഞതാണ്. മറ്റുള്ളവര്‍ക്ക് പാസ്‌പോര്‍ട്ടോ പൗരത്വം തെളിയിക്കുന്ന രേഖകളോ ഇല്ല. 20നും 30നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായവരില്‍ കൂടുതലും. ആറുമാസം മുമ്പ് എടവണ്ണപ്പാറയില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ബംഗാളിയാണെന്നതിന് രേഖകള്‍ കണ്ടെത്തിയില്ല. തുടര്‍ന്ന് എടവണ്ണപ്പാറ മേഖലയിലെ ലോഡ്ജുകളിലും കെട്ടിടങ്ങളിലും പരിശോധന നടത്തിവരുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് പോലിസിന്റെ പരിശോധനയിലാണ് രേഖകളില്ലാതെ താമസിക്കുന്നവരെ കണ്ടെത്തിയത്. ബംഗാളികളെന്ന വ്യാജേന ബംഗ്ലാദേശില്‍നിന്ന് കുടിയേറിയവരാണ് ഇവരെന്ന് പോലിസ് അറിയിച്ചു. ബംഗ്ലാദേശില്‍ നിന്ന് ബംഗാളിലേക്ക് നുഴഞ്ഞുകയറിയ ഇവര്‍ പിന്നീട് തൊഴില്‍തേടി കേരളത്തിലെത്തിയതാണെന്നു കരുതുന്നു. പിടികൂടിയവരെ ചോദ്യംചെയ്തതില്‍നിന്നാണ് യുവാക്കള്‍ രാജ്യത്തിന് പുറത്തുള്ളവരാണെന്ന് ബോധ്യപ്പെട്ടതെന്ന് പോലിസ് വ്യക്തമാക്കി. വ്യാജരേഖ നിര്‍മിച്ച് ഇതരസംസ്ഥാനക്കാര്‍ കുടിയേറുന്നത് വര്‍ധിച്ചതായി നേരത്തേ പോലിസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. പിടിയിലായവര്‍ ആറുമാസമായി കോണ്‍ക്രീറ്റ് ജോലിചെയ്തുവരുകയാണ്. മേഖലയില്‍ നാനൂറിലധികം ഇതരസംസ്ഥാനക്കാരെ പരിശോധിച്ചതില്‍ രേഖകളുണ്ടെന്നു കണ്ടെത്തി. രേഖകളില്ലാത്തവര്‍ ഒരു മുറിയില്‍ അഞ്ചും ആറും പേരായി കെട്ടിടയുടമയെ തെറ്റിദ്ധരിപ്പിച്ചാണു കഴിഞ്ഞത്. ബംഗ്ലാദേശ് സ്വദേശികള്‍ കൂട്ടത്തോടെ പിടിയിലായതിനെ തുടര്‍ന്ന് ഡിവൈഎസ്പിമാരായ കൃഷ്ണദാസ്, തോട്ടത്തില്‍ ജലീല്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഇവരുടെ വിവരങ്ങള്‍ ബംഗ്ലാദേശ് എംബസി അധികൃതര്‍ക്ക് കൈമാറും. എംബസി പരിശോധനയില്‍ പിടിയിലായവര്‍ ബംഗ്ലാദേശുകാരണെന്നു വ്യക്തമായാല്‍ ഇവരെ ബിഎസ്എഫ് മുഖേന ഇന്ത്യയില്‍നിന്ന് നാടുകടത്തും. അല്ലാത്തപക്ഷം ഇവര്‍ ജയിലില്‍ തന്നെ കഴിയേണ്ടിവരും. മേഖലയില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വാഴക്കാട് എഎസ്‌ഐ തോമസ്, സിപിഒമാരായ ഭാഗേഷ്, മന്‍സൂര്‍ തുടങ്ങിയവര്‍ പരിശോധനാസംഘത്തിലുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss