|    Sep 24 Sun, 2017 4:03 pm
FLASH NEWS

അനധികൃത കച്ചവടം ഒഴിപ്പിക്കല്‍ ; ഓംബുഡ്‌സ്മാന്റെ സ്റ്റേ നീക്കാന്‍ തുടര്‍നടപടി

Published : 27th April 2016 | Posted By: SMR

തൊടുപുഴ: അനധികൃത കച്ചവടം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട ഓംബുഡ്‌സ്മന്റെ സ്റ്റേ നീക്കാന്‍ തുടര്‍നടപടിക്ക് തീരുമാനം.മുനിസിപ്പല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ അനധികൃത കച്ചവടം ഒഴിപ്പിച്ച നഗരസഭ നടപടിക്കെതിരേ ഏര്‍പ്പെടുത്തിയ സ്റ്റേ പിന്‍വലിക്കുന്നതിന് ഒംബുഡ്‌സ്മാനെ സമീപിക്കാന്‍ അഡ്വക്കേറ്റിനെ നിയമിക്കാനായിരുന്നു കൗണ്‍സില്‍ ആദ്യം തീരുമാനിച്ചത്.എന്നാല്‍ ഈ തീരുമാനത്തിനെതിരെ എല്‍.ഡി.എഫ് കൗണ്‍സിലര്‍ ആര്‍ ഹരി എതിര്‍പ്പുമായി രംഗത്തെത്തിയതോടെ മുനിസിപ്പല്‍ ഭാരവാഹികള്‍ നേരിട്ടു ഹാജരാകാന്‍ തീരുമാനിക്കുകയായിരുന്നു.
ഒംബുഡ്‌സ്മാന്‍ സാധാരണ രീതിയില്‍ വാദിയുടെയും പ്രതിയുടെയും ഭാഗം നേരിട്ടാണ് കേള്‍ക്കുന്നത്.അതുകൊണ്ട് ചെയര്‍പേഴ്‌സണ്‍,വൈസ് ചെയര്‍മാന്‍ എന്നിവര്‍ നേരിട്ട ഹാജരാകണമെന്നായിരുന്നു ആര്‍ ഹരിയുടെ ആവശ്യം.തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വൈസ് ചെയര്‍മാനോ ചെയര്‍പേഴ്‌സണോ ഹാജരാകാന്‍ തീരുമാനിക്കുകയായിരുന്നു.
വെങ്ങല്ലൂര്‍ ഷാപ്പിനു സമീപം തോട് പുറമ്പോക്ക് കൈയേറി വന്‍ കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്ന തൊടുപുഴയിലെ പ്രമുഖ വ്യവസായിയുടെ പക്കല്‍ നിന്നും പുറമ്പോക്ക് ഭൂമി തിരിച്ചെടുക്കാന്‍ കൗണ്‍സില്‍ തീരുമാനിക്കണമെന്ന് സിപിഎം കൗണ്‍സിലര്‍ കെ പി ഷിംനാസ് ആവശ്യപ്പെട്ടു.ഈ കേസില്‍ അഭിഭാഷകനെ നിയോഗിക്കാന്‍ കൗണ്‍സിലില്‍ തീരുമാനമായി.
ഫിഷറീസ് വകുപ്പിന്റെ നിറവ് പദ്ധതി പ്രകാരം നഗരസഭ പരിധിയിലുള്ള 140 വീടുകളില്‍ കൂടി മത്സ്യകൃഷി ആരംഭിക്കാന്‍ കൗണ്‍സിലില്‍ തീരുമാനമായി.നഗരസഭയില്‍ ആറ് പേര്‍ ഇപ്പോള്‍ തന്നെ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. പദ്ധതി പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ നടന്ന നഗരസഭ കൗണ്‍സിലില്‍ പദ്ധതിയെക്കുറിച്ച് ഫീഷറീസ് പകുപ്പ് ഉദ്യോഗസ്ഥര്‍ ക്ലാസെടുത്തു. 63 ചതുരശ്ര മിറ്ററില്‍ കുളം നിര്‍മ്മിച്ച് ടര്‍പോളിന്‍ വിരിച്ചുള്ളതാണ് മത്സ്യകൃഷി .ഇതിലേയ്ക്കായി ഏഴു ലക്ഷം രൂപ നേരത്തേ തന്നെ നഗരസഭ മാറ്റി വെച്ചിരുന്നു.
തൊടുപുഴ നിയോജക മണ്ഡലത്തിലെ 13 പഞ്ചായത്തുകളിലും നഗരസഭയിലും പദ്ധതി വ്യാപിക്കും. 2015ല്‍ 26 പേരെ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തെങ്കിലും ആറ് പേര്‍ മാത്രമാണ് കൃത്യമായി പദ്ധതി പൂര്‍ത്തീകരിച്ചത്.ഇവര്‍ക്ക് മത്സ്യ സമൃദ്ധി പദ്ധതി പ്രകാരം 60 മത്സ്യക്കുഞ്ഞുങ്ങളെ ഗുണഭോക്താക്കള്‍ക്ക് നല്‍കും.
നഗരസഭയും ശുചിത്വ മിഷനും സംയോജിച്ചു നഗരസഭയില്‍ വാര്‍ഡുകളില്‍ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തൊടുപുഴ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കി.ശുചിത്വമിഷന്‍ നല്‍കിയ 10,000 രൂപ,എന്‍ആര്‍എച്ച്എമിന്റെ 10,000 രൂപ,നഗരസഭ 5000 രൂപ എന്നിങ്ങനെ തുക നീക്കിവച്ചു.
തൊടുപുഴ പഴയ പാലത്തില്‍ പരസ്യം സ്ഥാപിച്ചിരുന്ന കാലഹരണപ്പെട്ട കേബിളുകളില്‍ക്കൂടി വൈദ്യൂതി പ്രവഹിച്ച സംഭവത്തില്‍ പഴയ പരസ്യക്കാരെ ഒഴിവാക്കി പുതിയ സ്‌പോണ്‍സറെ തേടും. പാലത്തിന്റെ ഇരുവശങ്ങളിലും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും.നഗരസഭയില്‍ പരസ്യങ്ങള്‍ സ്ഥാപിക്കാന്‍ 4,68,000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയ തറയില്‍ ടോമി ജോസഫിന് പരസ്യങ്ങള്‍ സ്ഥാപിക്കാന്‍ കൗണ്‍സില്‍ അനുമതി നല്‍കി.നഗരസഭാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ദയ,ലയ,വിസ്മയ,ഐശ്വര്യ,ന്യൂ എന്നീ തിയേറ്ററുകളിലെ പുതുക്കിയ നിരക്കുകള്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക