|    May 26 Fri, 2017 6:39 pm
FLASH NEWS

അനധികൃതമായി സൂക്ഷിച്ച 100 ലോഡ് മണല്‍ പിടികൂടി

Published : 25th August 2016 | Posted By: SMR

കാസര്‍കോട്: ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബുവിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ റവന്യു ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 100 ലോഡ് മണല്‍ പിടികൂടി. ഇന്നലെ പുലര്‍ച്ചെയാണ് ഒരേസമയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തിയത്. മഞ്ചേശ്വരം കൊടലമൊഗറുവില്‍ അനധികൃതമായി കൂട്ടിയിട്ടിരുന്ന 100 ലോഡ് മണല്‍ പിടികൂടി.
കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്ന് ഇവിടെ സൂക്ഷിച്ച ശേഷം വിവിധ ഭാഗങ്ങളിലേക്ക് രാത്രികാലങ്ങളില്‍ ലോറിയില്‍ കടത്തുന്ന മണലാണിതെന്ന് അധികൃതര്‍ പറഞ്ഞു. മഞ്ചേശ്വരം, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, തൃക്കരിപ്പൂര്‍ എന്നീ നാലുമേഖലകളിലായാണ് റെയ്ഡ് നടത്തിയത്. വോര്‍ക്കാടി പഞ്ചായത്തിലെ കജയിലും അനധികൃതമായി സൂക്ഷിച്ച മണല്‍ കണ്ടെത്തി.
പടന്നയില്‍ പ്രവര്‍ത്തിക്കുന്ന കടവില്‍ നിന്ന് അളവിലധികം മണലെടുത്തതായും പരിശോധനയില്‍ കണ്ടെത്തി. ഉള്ളാള്‍, ബണ്ട്വാള്‍ ഭാഗങ്ങളില്‍ വ്യാപകമായി ലോറികളില്‍ രാത്രികാലങ്ങളില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മണല്‍ കടത്തുന്നുണ്ട്. വിവിധ സ്ഥലങ്ങളില്‍ കൂട്ടിയിടുന്ന മണലുകള്‍ ലോഡിന് പതിനായിരം രൂപയിലധികം ഈടാക്കിയാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നത്.
മഞ്ചേശ്വരം, ആരിക്കാടി, മൊഗ്രാല്‍, തളങ്കര, മുണ്ടക്കൈ തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് അനവധി ലോഡ് മണലുകളാണ് കടത്തുന്നത്. എന്നാല്‍ മണല്‍ കടത്തുകാരും ചില ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്നതിനാല്‍ ഇവ പിടിക്കപ്പെടുന്നില്ല.
മണല്‍ ലോറികളില്‍ നിന്ന് മാമൂല്‍ വാങ്ങിയ ഹൈവേ സംഘത്തെ വിജിലന്‍സ് ഒരുമാസം മുമ്പ് പിടികൂടിയിരുന്നു. ചട്ടഞ്ചാല്‍, ചെര്‍ക്കള, പെരിയ, മാവുങ്കാല്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ മണല്‍ കടത്ത് സംഘത്തില്‍ നിന്ന് രാത്രികാലങ്ങളില്‍ ഹൈവേ പെട്രോളിങ് സംഘം മാമുല്‍ വാങ്ങി കടത്തിവിടാന്‍ ഒത്താശചെയ്യുന്നതായി നേരത്തെ തന്നെ ആരോപണമുണ്ട്.
വരും ദിവസങ്ങളില്‍ അനധികൃത മണല്‍ കടത്തിനെതിരെ റെയ്ഡ് തുടരുമെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു അറിയിച്ചു. മഞ്ചേശ്വരത്ത് നടത്തിയ റെയ്ഡിന് ഡെപ്യൂട്ടികലക്ടര്‍(ആര്‍ആര്‍) എന്‍ ദേവിദാസ്, വില്ലേജ് ഓഫിസര്‍ മുഹമ്മദ് കുഞ്ഞി, ആന്റോ എന്നിവരും കാസര്‍കോട് നടത്തിയ റെയ്ഡിന് എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍സെല്‍ ഡെപ്യൂട്ടികലക്ടര്‍ അബ്ദുല്‍സലാം, ഡെപ്യൂട്ടിതഹസില്‍ദാര്‍ ബിനുജോര്‍ജ്, വില്ലേജ്ഓഫിസര്‍ രമേശന്‍ എന്നിവരും ഹൊസ്ദുര്‍ഗില്‍ എഡിഎം കെ അംബുജാക്ഷന്‍, അഡീഷണല്‍ തഹസില്‍ദാര്‍ നാരായണന്‍, വില്ലേജ് ഓഫിസര്‍ പ്രജീഷ് എന്നിവരും തക്കരിപ്പൂരില്‍ ഡെപ്യൂട്ടികലക്ടര്‍(എല്‍ആര്‍) എച്ച് ദിനേശന്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ ബി രത്‌നാകരന്‍ വില്ലേജ് ഓഫിസര്‍മാരായ സജീവന്‍, മനോജ് എന്നിവരും നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day