|    Jun 25 Sun, 2017 9:08 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അനധികൃതമായി കടത്താന്‍ ശ്രമിച്ച ഇന്ത്യന്‍ കറന്‍സി പിടികൂടി

Published : 25th November 2016 | Posted By: SMR

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 10 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ദുബയില്‍ നിന്നും ഇന്നലെ എത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായ കണ്ണൂര്‍ പാനൂര്‍ സ്വദേശി കത്തേരി വീട്ടില്‍ അബ്ദുല്‍ സലാമിന്റെ കൈവശം ഉണ്ടായിരുന്ന ബാഗേജില്‍ നിന്നാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച ഇന്ത്യന്‍ കറന്‍സി കണ്ടെത്തിയത്.
രാജ്യത്ത് നിരോധിച്ച 1000ത്തിന്റെ ഏഴു ലക്ഷം രൂപയും 500 രൂപയുടെ മൂന്നുലക്ഷം രൂപയുമാണ് അബ്ദുല്‍ സലാമിന്റെ ബാഗേജില്‍ ഉണ്ടായിരുന്നത്. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്ന ഒരാള്‍ക്കു പരമാവധി 25,000 ഇന്ത്യന്‍ കറന്‍സി മാത്രമേ കൈവശംവയ്ക്കാന്‍ പാടുള്ളൂ. കൂടാതെ രാജ്യത്തു നിരോധിച്ച കറന്‍സി വിദേശങ്ങളില്‍ നിന്നു കൊണ്ടുവരാന്‍ പാടില്ലെന്ന നിയമവുമുണ്ട്. ഇതിനിടെയാണ് നിരോധിച്ച നോട്ടുകള്‍ അടങ്ങിയ 10 ലക്ഷം രൂപ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത്. രാജ്യത്ത് നോട്ടുകള്‍ നിരോധിച്ചതിനു ശേഷം വിദേശത്തുനിന്ന് ആദ്യമായാണ് ഇത്രയും പണം ഒരു വിമാനത്താവളത്തില്‍ നിന്നു പിടികൂടുന്നത്. നോട്ടു നിരോധനം വന്നതോടെ 1000ത്തിന്റെയും 500റിന്റെയും നോട്ടുകള്‍ വിദേശരാജ്യങ്ങളില്‍ നിന്നു കടത്തുന്നത് വര്‍ധിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പരിശോധന വിമാനത്താവളങ്ങളില്‍ കര്‍ശനമാക്കിയിരുന്നു. അതേസമയം ചെറിയ ചെറിയ വിദേശയാത്രകള്‍ നടത്തുന്ന ഇയാള്‍ കഴിഞ്ഞ 20നാണ് കോഴിക്കോട്ടുനിന്ന് ഗള്‍ഫിലേക്കു പോയത്.
എന്നാല്‍ പണം ദുബയ് വിമാനത്താവളത്തില്‍ വച്ച് ഒരാള്‍ തന്നതാണെന്നും കൊച്ചിയില്‍ എത്തുമ്പോള്‍ വേറെ ആള് വന്ന് വാങ്ങിക്കോളുമെന്നാണ് പറഞ്ഞതെന്നുമാണ് അബ്ദുല്‍ സലാം മൊഴി നല്‍കിയിട്ടുള്ളത്. നിരോധിക്കപ്പെട്ട ഇന്ത്യന്‍ കറന്‍സി വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് കടത്തുന്ന കണ്ണികളില്‍ ഒരാളാണ് ഇയാളെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ബിജു തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക