|    Jan 22 Sun, 2017 10:00 pm
FLASH NEWS

അധ്യാപികയുടെ ശരീരത്തില്‍ നിന്ന് വൃക്ക നീക്കം ചെയ്‌തെന്നു സൂചന

Published : 24th September 2016 | Posted By: SMR

ആര്‍പ്പൂക്കര: അധ്യാപികയുടെ ശരീരത്തില്‍ നിന്ന് ഒരു വൃക്ക ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തയായി സ്‌കാനിങിലൂടെ കണ്ടെത്തിയതായി സൂചന. സംക്രാന്തി ഹോളി ഫാമിലി സ്‌കൂളിലെ അധ്യാപിക മിനി എം മാത്യുവാണ് വൃക്ക ദാനം ചെയ്തതിന്റെ പേരില്‍ ആരോപണ വിധേയയായത്.
വൃക്ക ദാനം ചെയ്തിട്ടില്ലെന്നും വൃക്ക സ്വീകരിച്ച യുവതിയും അധ്യാപികയും പണം തട്ടിയെടുക്കുന്നതിനായി വ്യാജ പ്രചാരണം നടത്തുകയാണെന്നും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയയായതിന്റെ പേരില്‍ അധ്യാപികയ്ക്കു വിദ്യാഭ്യാസ വകുപ്പ് നല്‍കിയ മൂന്നു മാസത്തെ സ്‌പെഷ്യല്‍ അവധി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പില്‍ കുറുപ്പുന്തറ കാഞ്ഞിരത്താനം വെണ്ടണിക്കല്‍ വീട്ടില്‍ തങ്കമ്മ ഭാസി പരാതി നല്‍കിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ രാവിലെ അധ്യാപികയെ  കൊണ്ടുവരുകയും സ്‌കാനിങിന് വിധേയമായ ശേഷം ഇതിന്റെ റിപോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് കൈമാറി.അദ്ദേഹം വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് രേഖകള്‍ കൈമാറും. 2014ലാണ് കൊട്ടാരക്കര കുന്നുംപുറത്ത് ചാരുവിള വീട്ടില്‍ കെ വി രമ്യക്ക് അധ്യാപിക വൃക്കദാനം ചെയ്തത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ആയിരുന്നു ശസ്ത്രക്രിയ. എന്നാല്‍ ഇങ്ങനെ ശസ്ത്രക്രിയ നടന്നിട്ടില്ലെന്നും വൃക്ക സ്വീകരിച്ചിട്ടില്ലെന്നും ആരോപിച്ചാണ് തങ്കമ്മ ഭാസി വിദ്യാഭ്യാസ വകുപ്പിനു പരാതി നല്‍കിയത്. തുടര്‍ന്ന് വിവിധ അന്വേഷണങ്ങള്‍ നടന്നെങ്കിലും അധ്യാപികക്കെതിരേ നടപടി സ്വീകരിക്കാനാവശ്യമായ തെളിവുകള്‍ ഹാജരാക്കാനായില്ല. തുടര്‍ന്ന് വീണ്ടും പരാതിയുമായി തങ്കമ്മ വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കുകയായിരുന്നു.
അവധി ആനൂകുല്യം റദ്ദാക്കണമെന്നായിരുന്നു പരാതി. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫിസറിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് കൂടി അധ്യാപികയുടെ ശരീരത്തില്‍ നിന്ന് വൃക്ക ശസ്ത്ര ക്രിയയിലൂടെ നിക്കം ചെയ്തുവോയെന്ന് അന്വേഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സ്‌കാനിങിന് വിധേയയാക്കിയത്. വൃക്ക നിര്‍ധനയായ ഒരു യുവതിക്ക് നല്‍കിയതാണെന്നും കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ഇത് നല്‍കിയതെന്നും അതിനാല്‍ ആവശ്യമായ മുഴുവന്‍ രേഖകളും തന്റെ കൈവശമുള്ളതിനാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം പൂര്‍ത്തിയായാലുടന്‍ പരാതിക്കാരിക്കെതിരേ മാന നഷ്ടകേസ് ഫയല്‍ ചെയ്യുമെന്ന് അധ്യാപിക പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക