|    Feb 22 Wed, 2017 5:35 am
FLASH NEWS

അധ്യാപികയും മക്കളും മരിച്ച നിലയില്‍

Published : 19th September 2016 | Posted By: Navas Ali kn

mlp_gl_kola_jisha_mol_160919175811728വെട്ടത്തൂര്‍ (മലപ്പുറം):  അധ്യാപികയും രണ്ട് മക്കളും വീടിനകത്ത് മരിച്ച നിലയില്‍. വെട്ടത്തൂര്‍ കവലയിലെ തോട്ടമറ്റത്തില്‍ ലിജോയുടെ ഭാര്യ ജിഷ മോള്‍ ( 35 ), മക്കളായ അന്ന ലിജോ (12), ആല്‍ബര്‍ട്ട് (പത്ത് മാസം) എന്നിവരാണ് മരിച്ചത്. ജിഷ മോള്‍ മേലാറ്റൂര്‍ ആര്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്. അന്ന തേലക്കാട് ഗ്രേസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.
തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. അന്നയുടെ മൃതദേഹം കുളിമുറിയില്‍ കത്തിക്കരിഞ്ഞ നിലയിലും  ആല്‍ബര്‍ട്ടിന്റെ മൃതദേഹം കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. ദേഹമാസകലം പൊള്ളലേറ്റ ജിഷ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയിലാണ് മരിച്ചത്. പുക ശ്വസിച്ചാണ് ആല്‍ബര്‍ട്ടിന്റെ മരണമെന്നാണ് പോലീസ് നിഗമനം.
മറ്റൊരു മുറിയില്‍ ഉറങ്ങിയിരുന്ന ഭര്‍ത്താവ് ലിജോയും രണ്ടാമത്തെ മകന്‍ അലനും (9) രാവിലെയാണ് സംഭവമറിഞ്ഞത്. ഭാര്യ എണീക്കാതായപ്പോള്‍ വാതിലില്‍ തട്ടി വിളിച്ചെങ്കിലും തുറന്നില്ല. അകത്ത് വെള്ളം വീഴുന്ന ശബ്ദം കേട്ട് ജനാലയിലൂടെ നോക്കിയപ്പോഴാണ് കരി പോലെ കണ്ടത്.  പിന്നീട് നാട്ടുകാരും ചേര്‍ന്ന് വാതില്‍ പൊളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. നാല് മാസം മുമ്പാണ് ഇവരുടെ കുടുംബം പുതിയ വീട്‌വച്ച് താമസം മാറിയത്.  ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ലിജോ ഒരു വര്‍ഷത്തോളമായി നാട്ടിലാണ്. ജിഷ ആറ് മാസമായി മാനസികാസ്വാസ്ഥ്യത്തിന് മരുന്ന് കഴിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന്‍, സിഐ യൂസുഫ് നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. മേലാറ്റൂര്‍ എസ്‌ഐ എന്‍എസ് രാജീവ്, അഡീഷനല്‍ എസ്‌ഐമാരായ ടി എം ആന്റണി, കെ പി എ റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ രാത്രിയോടെ വെട്ടത്തൂരിലെത്തിച്ചു.
സംസ്‌കാരം ചൊവ്വ വൈകീട്ട് നാലിന് വെട്ടത്തൂര്‍ സെന്റ് ജോസഫ് ചര്‍ച്ച് സെമിത്തേരിയില്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 235 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക