|    Apr 22 Sun, 2018 8:05 pm
FLASH NEWS

അധ്യാപക നിയമനം; ഹൈക്കോടതി വിധിയോടെ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്ക് കൊയ്ത്തുകാലം

Published : 28th December 2015 | Posted By: SMR

കാളികാവ്: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ടന്ന കോടതി വിധി മാനേജുമെന്റുകള്‍ക്ക് ഗുണകരമാവുന്നു. അധ്യാപക- വിദ്യാര്‍ഥി അനുപാദത്തിന് കേന്ദ്ര മാനദണ്ഡം പാലിക്കണമെന്ന വിധിയാണ് മാനേജുമെന്റുകള്‍ക്ക് ഗുണമായത്. ഇതുവഴി എല്ലാ സ്ഥാപനങ്ങളിലും അഞ്ചു മുതല്‍ പത്തുവരെ അധ്യാപകരെ നിയമിക്കാന്‍ മാനേജുമെന്റുകള്‍ക്ക് കഴിയും.—എല്‍പി മുതല്‍ ഹൈസ്‌കൂള്‍ വരെ അഞ്ചു ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ കോഴ വാങ്ങാന്‍ മാനേജ്‌മെന്റുകള്‍ക്ക് അവസരമൊരുക്കും. പുതിയ വിധി പ്രകാരം സംസ്ഥാനത്ത് പതിനായിരത്തോളം തസ്തികകള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്ക്. വിധിക്കെതിരേ അപ്പീല്‍ നല്‍കുന്ന കാര്യം ഇതുവരെ സര്‍ക്കാര്‍ ആലോചിച്ചിട്ടുപോലുമില്ല.
അധ്യാപക-വിദ്യാര്‍ഥി അനുപാദം എല്‍പി സ്‌കൂളില്‍ 1-30 ആയും യുപി സകൂളുകളില്‍ 1-35 ആയുമാണ് കേന്ദ്ര മാനദണ്ഡമനുസരിച്ച് നിജപ്പെടുത്തേണ്ടത്.—സര്‍ക്കാര്‍ നിര്‍ണയിച്ച അധ്യാപക പാക്കേജനുസരിച്ച് അനുപാദം 1-45 ആയിരുന്നു. 2011 മുതല്‍ പുതിയ നിയമനങ്ങള്‍ക്ക് ഈ മാനദണ്ഡം പാലിക്കണമെന്നായിരുന്നു നിര്‍ദേശം.—കേന്ദ്ര മാനദണ്ഡമനുസരിച്ച് എല്‍പിയില്‍ 31 കുട്ടികളും യുപിയില്‍ 36 കുട്ടികളുമുണ്ടായാല്‍ പുതിയ ഡിവിഷന്‍ തുടങ്ങാനാവും.—
സംസ്ഥാനത്ത് ഒന്നു മുതല്‍ പത്ത് വരെയുള്ള 7282 എയ്ഡഡ് സ്‌കൂളുകളാണുള്ളത്. 4492 സര്‍ക്കാര്‍ സ്‌കൂളുകളുമുണ്ട്. എയ്ഡഡ് സ്ഥാപനങ്ങളില്‍ 22,13,405 ഉം സര്‍ക്കാര്‍ സ്‌കൂളുകളില്‍ 11,54,687 കുട്ടികളുമാണ് പഠനം നടത്തുന്നത്.—പുതിയതായുണ്ടാവുന്ന നിയമനങ്ങളില്‍ ഏഴായിരത്തിലധികവും മാനേജുമെന്റുകള്‍ക്കാണ് ലഭിക്കുക.—
കുട്ടികള്‍ കൂടുതലുള്ള കോര്‍പറേറ്റ് മാനേജുമെന്റുകള്‍ക്ക് അമ്പതോളം തസ്തികകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും കണക്കുകൂട്ടുന്നു. ഇതുവഴി കോടികള്‍ മാനേജുമെന്റുകള്‍ സമ്പാദിക്കുമെങ്കിലും ശമ്പളം സര്‍ക്കാര്‍ ഖജനാവില്‍ നിന്നു തന്നെ നല്‍കേണ്ടിയും വരും. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കച്ചവടത്തിനാണ് വഴിയൊരുങ്ങുന്നത്.— ഇപ്പോള്‍ നടത്തുന്ന നിയമനത്തിന് ശേഷം വിദ്യാര്‍ഥികള്‍ കുറവു വന്ന തസ്തിക നഷ്ടപ്പെട്ട് അധ്യാപകര്‍ പുറത്തു പോവേണ്ടി വന്നാലും ഇവരെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിന്റെ ചുമലില്‍ തന്നെ വരും.—അതേസമയം, വര്‍ഷങ്ങളായി എയ്ഡഡ് സ്‌കൂളുകളിലെ നിയമനം നേടി അംഗീകാരത്തിനായി കാത്തിരിക്കുന്ന അധ്യാപകര്‍ക്ക് പുതിയ വിധി അനുഗ്രഹമായി. പൂര്‍ണ യോഗ്യത നേടിയ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പുറത്തുള്ളപ്പോള്‍ 25 ലക്ഷം കോഴ നല്‍കി നിയമനം നേടാന്‍ കാത്തിരിക്കുന്നവരുമുണ്ട്.—പുതിയ കോടതി വിധിക്കെതിരേയും നിയമനങ്ങള്‍ക്കെതിരെയും പറയത്തക്ക എതിര്‍പ്പുകളൊന്നും ഉയര്‍ന്നു വരാത്തത് സര്‍ക്കാരിനും മാനേജ്‌മെന്റുകള്‍ക്കും ആശ്വാസമായിട്ടുണ്ട്.—നിയമസഭാ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തി നില്‍ക്കെ മതകീയ മാനേജുമെന്റുകളെയും കോര്‍പറേറ്റുകളെയും പിണക്കാന്‍ സ്വമേധയാ സര്‍ക്കാര്‍ മുന്നോട്ടുവരില്ല.
വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരാത്തതും അതുകൊണ്ടാണെന്നാണ് വിലയിരുത്തല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss