|    May 30 Tue, 2017 3:00 pm
FLASH NEWS

അധ്യാപക നിയമനം: മലയാളം സര്‍വകലാശാലയില്‍ ഉയര്‍ന്ന യോഗ്യതയുള്ളവരെ തഴഞ്ഞതായി പരാതി

Published : 12th October 2016 | Posted By: SMR

കെ പി  ഒ  റഹ്മത്തുല്ല

മലപ്പുറം: തിരൂരിലെ മലയാളം സര്‍വകലാശാലയില്‍ ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ തഴഞ്ഞ് വിവിധ വകുപ്പുകളിലേക്ക് അധ്യാപക നിയമനം നടത്തിയതായി ആക്ഷേപം. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡോക്ടറേറ്റുള്ളവരെയും പ്രബന്ധങ്ങള്‍ എഴുതിയവരെയും അവഗണിച്ചാണ് ഇന്റര്‍വ്യൂ ബോര്‍ഡ് അധ്യാപകരെ നിയമിച്ചതെന്നാണ് പരാതി.
തദ്ദേശ വികസന പഠനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യോഗ്യത നിശ്ചയിച്ചതില്‍ പാകപ്പിഴവുണ്ടെന്നും അഭിമുഖത്തില്‍ പങ്കെടുത്തവര്‍ പറയുന്നു. സാമ്പത്തിക ശാസ്ത്രം, വികസന ശാസ്ത്രം (ഡവലപ്‌മെന്റ് സ്റ്റഡീസ്), തദ്ദേശ വികസനം( റൂറല്‍ ഡവലപ്‌മെന്റ്) എന്നീ വിഷയങ്ങളില്‍ എം എ ബിരുദവും നെറ്റുമുള്ളവര്‍ അപേക്ഷിച്ചാല്‍ മതി എന്നായിരുന്നു വിജ്ഞാപനം. എന്നാല്‍, മറ്റു സാമൂഹിക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരും അപേക്ഷ നല്‍കിയിരുന്നു. ഇവരടക്കം 58 പേരാണ് തദ്ദേശ വികസന പഠനത്തിലെ അധ്യാപക ഒഴിവിലേക്ക് മാത്രം അഭിമുഖത്തിനെത്തിയത്. ഇതില്‍ 15 പേര്‍ ഡോക്ടറേറ്റ് നേടിയവരായിരുന്നു. അവരില്‍തന്നെ എട്ടോളം പേര്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ളവരായിരുന്നു. ഇവെര ഒഴിവാക്കി ബിരുദാനന്തര ബിരുദവും നെറ്റും മാത്രമുള്ളവരാണ് റാങ്ക്‌ലിസ്റ്റിലുള്ളത്. ലിസ്റ്റിലെ ഒന്നാം റാങ്കുകാരനും രണ്ടാം റാങ്കുകാരനും ഡോക്ടറേറ്റില്ല.
മാധ്യമപഠനം, സാമൂഹിക ശാസ്ത്രം എന്നിവയിലെ അധ്യാപക നിയമനത്തിലും ഡോക്ടറേറ്റുള്ളവര്‍ പടിക്കു പുറത്താണ്. സര്‍വകലാശാലയിലെ ഹെറിറ്റേജ് സ്റ്റഡീസ് അധ്യാപകന്‍ ചരിത്രപഠനത്തിലേക്കു തസ്തിക മാറ്റത്തിനു അപേക്ഷ നല്‍കിയിരുന്നു.
മലയാളത്തില്‍ മൂന്നും ഇംഗ്ലീഷില്‍ ഒന്നും പുസ്തകമെഴുതിയ അധിക യോഗ്യത കൂടിയുള്ള ഇദ്ദേഹം റാങ്ക്‌ലിസ്റ്റില്‍ മൂന്നാമതാണ്. നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്. യുജിസി നിയമമനുസരിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് 75 ശതമാനം മാര്‍ക്ക് അക്കാദമിക യോഗ്യതകള്‍ക്കും 25 ശതമാനം മാര്‍ക്ക് അഭിമുഖത്തിലെ പ്രകടനത്തിനുമാണ് ലഭിക്കുക. എന്നാല്‍, ഇതെല്ലാം ലംഘിച്ചുവെന്നും ചില ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെടുന്നു. യോഗ്യതയില്ലാത്തവരെ അഭിമുഖത്തില്‍ പങ്കെടുപ്പിച്ചതായും പരാതിയുണ്ട്.
തദ്ദേശ വികസന പഠനത്തിലെ അധ്യാപക നിയമനത്തിന് ഒരേ തിയ്യതിയില്‍ രണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ നിലയില്‍ വിജ്ഞാപനത്തില്‍ തിരുത്തുണ്ടെങ്കില്‍ അത് പറഞ്ഞ ശേഷമാണ് തിരുത്ത് പറയുന്നത്. എന്നാല്‍, സര്‍വകലാശാല ആ പതിവ് തെറ്റിച്ചിരിക്കുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെ മാത്രം വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയത് ഇഷ്ടമുള്ളവരെ നിയമിക്കാനാണെന്നാണ് പരാതിക്കാര്‍ നൂറോളം പേര്‍ ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കും നിവേദനം നല്‍കിയെങ്കിലും അത് പരിഗണിക്കപ്പെട്ടിട്ടില്ല.
എന്നാല്‍, മലയാളം സര്‍വകലാശാല നിയമനങ്ങള്‍ സുതാര്യമാണെന്നും പരാതികളില്‍ കഴമ്പില്ലെന്നും പബ്ലിക് റിലേഷന്‍ ഓഫിസറായ വേലായുധന്‍ തേജസിനോടു പറഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day