|    Jan 17 Tue, 2017 6:52 pm
FLASH NEWS

അധ്യാപക ദിനത്തിലും വേതനമില്ലാതെ ഒരു വിഭാഗം അധ്യാപകര്‍

Published : 5th September 2016 | Posted By: SMR

കരുവാരകുണ്ട്: കുട്ടികളെ കണക്കും ശാസ്ത്രവും ചരിത്രവും ഭാഷയുമെല്ലാം തെറ്റുകൂടാതെ പഠിപ്പിക്കുമ്പോഴും ജീവിതത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി ഒരുകൂട്ടം അധ്യാപകര്‍. ജീവിതപുസ്തകം തുന്നിച്ചേര്‍ക്കാനാവാതെ കണ്ണീര്‍തിന്ന് ദിനങ്ങളെണ്ണുകയാണ് ഇക്കൂട്ടര്‍. അധ്യാപക ജോലിയില്‍ പ്രവേശിച്ച് പതിമൂന്നാണ്ടുകള്‍ പിന്നിട്ടിട്ടും വേതനം ഇപ്പോഴും കൃത്യമായി ഇവര്‍ക്കു ലഭിക്കുന്നില്ല.
സംസ്ഥാനത്ത് ഏരിയാ ഇന്റസീവ് പ്രോഗ്രാമിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന 35 സ്‌കൂളുകളിലെ 71 അധ്യാപകരാണ് വര്‍ഷങ്ങളായി വേതനമില്ലാതെ ജോലി ചെയ്യുന്നത്. 1995 ല്‍ കേന്ദ്രസര്‍ക്കാര്‍ പിന്നാക്ക പ്രദേശങ്ങള്‍ക്കായി വിവിധ സംസ്ഥാനങ്ങളില്‍ അനുവദിച്ചതാണ് വിദ്യാലയങ്ങള്‍. കെട്ടിടനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കി. എന്നാല്‍, വേതനവും മറ്റു ആനുകുല്യങ്ങളും സംസ്ഥാനസര്‍ക്കാര്‍ നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ ശമ്പളം ആദ്യമേ നല്‍കി. കേരളത്തില്‍ 2003 മുതലാണ് ശമ്പളം നല്‍കാന്‍ തീരുമാനമെടുത്ത്. ഈ തീരുമാനം സുപ്രിംകോടതി അംഗീകരിക്കുകയും ചെയ്തു. 2015ല്‍ വിദ്യാലയങ്ങള്‍ക്ക് എയിഡഡ് പദവി നല്‍കുകയുമുണ്ടായി.
എന്നിട്ടും 2003 മുതല്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന അധ്യാപകര്‍ക്കാണ് പതിമൂന്ന് വര്‍ഷമായി ശമ്പളം ലഭിക്കാതെയിരിക്കുന്നത്. മാറിമാറിവന്ന സര്‍ക്കാരുകള്‍ക്ക് മുമ്പില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ ഇവര്‍ അവതരിപ്പിച്ചു. അനുകൂലമായ നിലപാടാണ് സര്‍ക്കാരുകള്‍ സ്വീകരിച്ചതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളുടെയും ഉത്തരവുകളിലെ അപാകതയുടെയും പേരില്‍ വേതനം ലഭിക്കുന്നില്ല. വീട്ടുചെലവുകള്‍ക്കായി മറ്റു ജോലികള്‍ തേടാന്‍പോലും ഇവരില്‍പലര്‍ക്കുമാവുന്നില്ല.
നിത്യവ്യത്തിക്കായ് രാത്രിസമയങ്ങളില്‍ ഹോട്ടല്‍ജോലിചെയ്തും ഓട്ടോറിക്ഷയോടിച്ചും കഴിയുന്ന ചിലരുമുണ്ട്. ഓണവും പെരുന്നാളുമൊക്കെ സാധാരണദിനങ്ങളായി മാത്രമാണ് ഇവര്‍ക്ക് കടന്നുപോവുന്നത്. അധ്യാപകജോലിയോടുള്ള താല്‍പര്യം കാരണം സര്‍ക്കാര്‍ സര്‍വീസില്‍ പിഎസ്‌സി മുഖേന ലഭിച്ച സ്വീപ്പര്‍, പ്യൂണ്‍, ക്ലാര്‍ക്ക് ജോലികള്‍ ചിലര്‍ ഒഴിവാക്കുകയും ചെയ്തു. മിക്കയാളുകള്‍ക്കും പ്രായപരിധി തീരുകയും ചെയ്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക