|    Dec 12 Wed, 2018 8:20 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

അധ്യാപക തസ്തികസംസ്ഥാനത്തുള്ളത് 6000 ഓളം ഒഴിവുകള്‍

Published : 23rd November 2018 | Posted By: kasim kzm

തൊടുപുഴ: സംസ്ഥാനത്ത് എല്‍പി, യുപി വിഭാഗങ്ങളിലായി 6000ഓളം അധ്യാപക ഒഴിവുകള്‍ നിലനില്‍ക്കുമ്പോഴും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തുന്നതിന് പിഎസ്‌സി തയ്യാറാവുന്നില്ല. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കുമ്പോഴും എല്‍ പി, യുപി വിഭാഗങ്ങളില്‍ അധ്യാപകരുടെ എണ്ണക്കുറവ് വന്‍തോതില്‍ നിലനില്‍ക്കുകയാണ്.
സംസ്ഥാനത്ത് ഹൈടെക് സ്‌കൂളുകളുടെ പ്രഖ്യാപനം കൂടി വന്നതോടെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്കുള്ള വിദ്യാര്‍ഥികളുടെ കടന്നുവരവും വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്ഥിരം അധ്യാപകര്‍ വേണമെന്ന ആവശ്യം രക്ഷിതാക്കളും മുമ്പോട്ട് വയ്ക്കുന്നുണ്ട്. 2014ലാണ് പിഎസ്‌സി എല്‍പിഎസ്എ, യുപിഎസ്എ വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനം ഇറക്കിയപ്പോള്‍ കെടെറ്റ് യോഗ്യത നിര്‍ബന്ധമായിരുന്നില്ല. എന്നാല്‍, പിന്നീട് കെടെറ്റ് യോഗ്യതയുള്ള മറ്റൊരു ജില്ലയിലെ ഏതാനും പേര്‍ ചേര്‍ന്ന് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തത് എന്നാണ് പിഎസ്‌സിയുടെ നിലപാട്.
എന്നാല്‍ പരാതി നിലനില്‍ക്കെ തന്നെ തൃശൂര്‍ ജില്ലയിലെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും നിയമനം നടത്തുകയും ചെയ്തു. ഇടുക്കി ജില്ലയില്‍ നിന്ന് പരാതി ഇല്ലാതിരുന്നിട്ടുപോലും ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിലാണ് പ്രതിഷേധം. എന്നാല്‍ കഴിഞ്ഞ നാലുമാസമായിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുവാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ഇതിനെതിരേ ജില്ലാ പിഎസ്‌സി ഓഫിസിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10ന് ധര്‍ണ നടത്തുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss