|    Apr 23 Mon, 2018 2:32 pm
FLASH NEWS

അധ്യാപകര്‍ കണക്കെടുപ്പില്‍; അധ്യയനം അവതാളത്തില്‍

Published : 4th January 2016 | Posted By: SMR

പാലക്കാട്: അധ്യാപകരെല്ലാം സെന്‍സസിന് പോയതോടെ പ്രാഥമിക വിദ്യാലയങ്ങളില്‍ പഠനം അവതാളത്തില്‍. എല്‍പി, യുപി സ്‌കൂളുകളിലാണ് അധ്യാപകരില്ലാത്തതിനാലാണ് കുട്ടികളുടെ പഠനം മുടങ്ങുന്നതായി പരാതി ഉയരുന്നത്. നാഷനല്‍ പോപ്പുലേഷന്‍ സെന്‍സസിന്റെ ഭാഗമായി പ്രാഥമിക സ്‌കൂളുകളിലെ അധ്യാപരെല്ലാം ഇപ്പോള്‍ സെന്‍സസ് ജോലിയിലാണ്. ഒരു സ്‌കൂളുകളില്‍ നിന്ന് ഒന്നിലധികം അധ്യാപകര്‍ ഡ്യൂട്ടിക്ക് പോയതാണ് സ്‌കൂളുകളിലെ പഠനത്തെ ബാധിക്കുന്നത്.
വാര്‍ഷിക പരീക്ഷ അടുക്കാറായ സമയത്ത് അധ്യാപകര്‍ സെന്‍സസ് ഡ്യൂട്ടിക്ക് പോയതിനെതിരേ രക്ഷിതാക്കള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ സെന്‍സസിന് വ്യക്തതയില്ലാതെ അധ്യാപകരും വിഷമവൃത്തത്തിലാണ്. ഏകദേശം ആറുമാസം മുമ്പ് റേഷന്‍ കാര്‍ഡ് പുതുക്കലിന്റെ പേരില്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ സ്വീകരിക്കുകയും അതില്‍ ഇലക്ട്രിസ്റ്റി ഐഡികാര്‍ഡ്, ആധാര്‍കാര്‍ഡ് വിവരങ്ങള്‍ ചേര്‍ക്കണമെന്നും പലരും അതിനായി വിവരങ്ങള്‍ ചേര്‍ത്തി നല്‍കിയിരുന്നെങ്കിലും കാര്‍ഡിന്റെ പ്രിന്റൗട്ട് വന്നപ്പോള്‍ അതില്‍ അതൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ വിവരങ്ങള്‍ കൂടി ചേര്‍ക്കാനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്താല്‍ അധ്യാപകരേകൊണ്ടും മറ്റുള്ളവരേക്കൊണ്ടുമാണ് ഈ ജോലി ചെയ്യിക്കുന്നത്. ഇത് അധ്യാപകരുടേയും മറ്റുള്ളവരുടേയും ദുരിതം വര്‍ധിപ്പിക്കുമ്പോള്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനവും ദുരിതത്തിലാകുന്നു.
ദേശീയ സെന്‍സസ് അധ്യാപകര്‍ തന്നെ പോവണമെന്നാണ് നിയമമെങ്കിലും പത്ത് ദിവസത്തോളം സ്‌കൂളുകളില്‍ പഠനം മുടങ്ങുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി. കലോല്‍സവ തിരക്കില്‍ കുറേ ദിവസം പഠനം മുടങ്ങിയതിന് പിന്നാലെയാണ് ഇപ്പോള്‍ സെന്‍സസ് പ്രവര്‍ത്തനത്തിനും അധ്യാപകരെ നിയോഗിച്ചിരിക്കുന്നത്. പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെയുള്ളവരും ചില സ്ഥലങ്ങളില്‍ സെന്‍സസ് ജോലിയിലാണ്. അധ്യാപകര്‍ കണക്കെടുപ്പിന് പോയതിനാല്‍ പല സ്‌കൂളുകളിലും കുട്ടികളുടെ ഹാജര്‍ നിലയും കുറവാണ്. ദേശീയ സെന്‍സസിനോട് പുറംതിരിഞ്ഞുനില്‍ക്കാന്‍ പാടില്ലെന്നിരിക്കെ പത്തും പതിനഞ്ചും ദിവസം പഠനം മുടങ്ങുന്നത് ഗൗരവമുള്ളതാണ്. സിലബസ് പ്രകാരം പാഠങ്ങള്‍ തീര്‍ക്കേണ്ട സമയം അതിക്രമിച്ചതും അധ്യാപകര്‍ക്ക് ജോലിഭാരം കൂട്ടുമെന്നതും പ്രശ്‌നമാണ്. സെന്‍സസ് തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും കണക്കെടുപ്പ് തീര്‍ന്നിട്ടില്ല. 90-100 വീടുകളുടെ മൊത്തം അംഗങ്ങളുടെ കണക്കെടുപ്പാണ് ഓരോ അധ്യാപകര്‍ക്കും നല്‍കിയിരിക്കുന്നത്.
സെന്‍സസ് ജോലി അധ്യാപകര്‍ക്ക് ഭാരമാവുന്നതായാണ് മറ്റൊരു പരാതി. രേഖകള്‍ പരിശോധിക്കാന്‍ വീടുകളില്‍ ആളില്ലാതെ മടങ്ങേണ്ടി വരുന്നതാണ് അധ്യാപകരെ കുഴയ്ക്കുന്നത്. കുടുംബാംഗങ്ങളോ വീട്ടുടമയോ ജോലിക്കോ മറ്റോ പുറത്ത്‌പോയ സമയത്തായിരിക്കും ഉദ്യോഗസ്ഥരുടെ വരവ്. മുതിര്‍ന്നവരോ രോഗികളോ ആയിരിക്കും ഈ സമയം വീടുകളിലുണ്ടാവുക. കുടുംബാംഗങ്ങളുടെ രേഖകള്‍ പരിശോധനയ്ക്ക് ആവശ്യപ്പെടുമ്പോള്‍ തടസ്സങ്ങള്‍ പറഞ്ഞ് വീട്ടില്‍ ഹാജരുള്ളവര്‍ ഒഴിഞ്ഞുമാറുകയാണ്. യഥാര്‍ഥ ഉടമകളെ കാണാന്‍ കഴിയാതെ മടങ്ങേണ്ടി വരുമ്പോള്‍ പലതവണ വീടുകളിലെത്തേണ്ട ഗതികേടിലാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നാഷനല്‍ പോപ്പുലേഷന്‍ റജിസ്റ്ററിന്റെ ഭാഗമായി തെറ്റ് തിരുത്തുന്നതിനും പുതിയ ആളെ ചേര്‍ക്കുന്നതിനുമുള്ള ദേശീയ സെന്‍സസ് പ്രകാരം ആധാര്‍, റേഷന്‍കാര്‍ഡ്, ജനനസര്‍ട്ടിഫിക്കറ്റ്, ഫോണ്‍ നമ്പര്‍ എന്നിവയാണ് പിരിശോധിക്കാനായി സമര്‍പ്പിക്കേണ്ടത്.
എല്‍പി, യുപി വിഭാഗം സ്‌കൂള്‍ അധ്യാപകര്‍ക്കാണ് കണക്കെടുപ്പിന്റെ ചുമതല. ഒരു വില്ലേജിനെ ബ്ലോക്കുകളാക്കി തിരിച്ചാണ് കണക്കെടുപ്പ്. ഒരു ബ്ലോക്കില്‍ 100ഉം 200ഉം വീടുകളെങ്കിലും കയറി ഇറങ്ങണം. എട്ടു ദിവസം കൊണ്ട് സെന്‍സസ് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ദിവസത്തില്‍ അഞ്ചോ പത്തോ വീടുകളിലാണ് എത്താനാവുന്നത്. ബ്ലോക്കുകളെ കുറിച്ച് മുന്‍പരിചയമുള്ളവര്‍ക്ക് സെന്‍സസ് വേഗത്തില്‍ തീര്‍ക്കാനാകുമെന്നിരിക്കെ പരിചയമില്ലാത്തവര്‍ക്കാണ് പലഭാഗങ്ങളിലേക്കും ചുമതലയേല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇത് കാരണം കുറഞ്ഞ ദിസത്തിനകം സമയബന്ധിതമായി സെന്‍സസ് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് അധ്യാപകരുടെ പരാതി. 1500 രൂപയാണ് സെന്‍സസിനായി നിയോഗിക്കപ്പെടുന്നവര്‍ക്ക് വേതനം ലഭിക്കുക. വാര്‍ഷിക പരീക്ഷ അടുത്തിരിക്കെ ക്ലാസ് മുടക്കിയാണ് അധ്യാപകരുടെ സേവനം. ഇത് മൂലം പ്രഥാമിക വിദ്യാലയങ്ങളില്‍ അധ്യാപകരില്ലെന്ന പരാതിയുമുണ്ട്. ഒന്നിലധികം തവണ വാഹനം വിളിച്ച് കണക്കെടുപ്പ് തീര്‍ക്കുമ്പോഴേക്കും സമയ-ധന നഷ്ടം നോക്കിയാല്‍ തുച്ഛമായ വേതനം മതിയാവില്ലെന്ന പരിഭവമാണ് ഏറെ പേര്‍ക്കും. വേതനം കിട്ടാന്‍ കാലതാമസം നേരിടുമെന്നും അധ്യാപകര്‍ പറയുന്നു. മുന്‍കാലത്തെ അപേക്ഷിച്ച് സെന്‍സസ് പ്രവര്‍ത്തനങ്ങളോട് സാമൂഹികപ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണം കുറഞ്ഞതും ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നു. അതേ സമയം ബിഎല്‍ഒമാരെ വീണ്ടും സെന്‍സസിന് നിയോഗിച്ചതിനെതിരെ അധ്യാപകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കലിന്റെ ഭാഗമായി പുതിയ വോട്ടര്‍മാരുടെ വെരിഫിക്കേഷന്‍ നടത്തേണ്ട ബിഎല്‍ഒമാരെ സെന്‍സസിന് നിയമിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവുണ്ട്. ഉത്തരവ് മറികടന്ന് പല സ്ഥലങ്ങളിലും ബിഎല്‍ഒമാരെ സെന്‍സസിന് നിയമിച്ചതും ജോലിഭാരം കൂട്ടിയെന്നാണ് പരാതി. സെന്‍സസിനായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ ആവശ്യമായ രേഖകള്‍ പരിശോധിക്കുന്നതിന് വീട്ടുടമകള്‍ സഹകരിക്കണമെന്ന് അധ്യാപകര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss