|    Mar 19 Mon, 2018 6:59 am
FLASH NEWS

അധ്യാപകദിനത്തില്‍ ആല്‍ബം നിര്‍മിച്ച് അടിയ യുവാവിന്റെ ഗുരുവന്ദനം

Published : 6th September 2016 | Posted By: SMR

കല്‍പ്പറ്റ: ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിന്നു കഠിനധ്വാനം കൊണ്ട് ഉയര്‍ന്നുവന്ന അജയ് പനമരം എന്ന അടിയ യുവാവിന് അധ്യാപക ദിനം വേറിട്ടത്. നുറുങ്ങുവെട്ടം എന്ന ആല്‍ബം നിര്‍മിച്ച് സ്വന്തം യു ട്യൂബ് അക്കൗണ്ട് വഴി റിലീസ് ചെയ്താണ് അജയ് പനമരം ഗുരുവന്ദനം നടത്തിയത്.
ദുരന്തങ്ങള്‍ നിറഞ്ഞതായിരുന്നു ഈ യുവാവിന്റെ ജീവിതം. സാഹിത്യമേഖലയിലും കലാമേഖലയിലും താല്‍പര്യമുണ്ടായിരുന്ന അജയ് പനമരം വയനാട്ടില്‍ കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി ആരംഭിച്ചതോടെയാണ് ശ്രദ്ധേയനായത്. തന്റെ സമൂഹത്തിന് അവരുടെ തന്നെ ഭാഷയില്‍ റേഡിയോ പരിപാടി അവതരിപ്പിച്ച് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.
ഇതിനിടെ, സിനിമാമോഹം തലയ്ക്കു പിടിച്ചു. പല പ്രമുഖ സംവിധായകരുടെയും കൂടെ സഹസംവിധായകനായി കാമറ കൈകാര്യം ചെയ്യാന്‍ പഠിച്ചു. എന്നാല്‍, സാമ്പത്തിക പരാധീനതകള്‍ തളര്‍ത്തി. കാമറ വാങ്ങാനായി പട്ടികവര്‍ഗ വികസന വകുപ്പിനെ സമീപിച്ചു. മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മി പ്രത്യേക അനുമതി നല്‍കിയെങ്കിലും രണ്ടു വര്‍ഷം ഓഫിസുകള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ കുടുംബം പുലര്‍ത്താന്‍ കവുങ്ങുകയറ്റ തൊഴിലാളിയായി.
കൂലിവേല ചെയ്തും ബാങ്കില്‍ നിന്നു വായ്പയെടുത്തും പുതിയ വീഡിയോ കാമറ വാങ്ങി. ഡോക്യുമെന്ററികളുടെയും ഹ്രസ്വചിത്രങ്ങളുടെയും ജോലികള്‍ തുടങ്ങി. അതിനിടയിലാണ് അധ്യാപകദിനത്തില്‍ തന്റെ ഗുരുക്കന്മാര്‍ക്ക് ഗുരുവന്ദമര്‍പ്പിച്ച് നുറുങ്ങുവെട്ടം എന്ന ആല്‍ബം നിര്‍മിച്ചത്. സുഹൃത്തുക്കളായ അജുവും ചന്തലാലും സഹായികളായി. ഗാനരചനയും സംവിധാനവും അജയ് തന്നെ നിര്‍വഹിച്ചു. സിനോജ് രാജ് ആലപിച്ച ഗാനത്തില്‍ സുഹൃത്ത് കൃഷ്ണകുമാറും മകള്‍ തന്‍സിബാലയും അഭിനയിച്ചു. എന്നും അജയ് പനമരത്തിന്റെ കൂടെയുള്ള മനു ബെന്നിയും ജിജോയും ചേര്‍ന്ന് എഡിറ്റിങ് നടത്തി. സംപ്രേഷണത്തിനായി ചാനലുകളെ സമീപിച്ചെങ്കിലും വന്‍ തുക ആവശ്യപ്പെട്ടു. ഒടുവില്‍ സ്വന്തം യു ട്യൂബ് അക്കൗണ്ടില്‍ ആല്‍ബം റിലീസ് ചെയ്തു. സുഹൃത്തുക്കള്‍ നല്‍കുന്ന പ്രചാരത്തിലൂടെ ആല്‍ബം ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് അജയ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss