|    Mar 22 Thu, 2018 11:48 am
Home   >  Todays Paper  >  page 7  >  

അധോലോകം കൈയാളുന്ന മുംബൈ കാക്കി

Published : 7th August 2017 | Posted By: fsq

 

മുഹമ്മദ്  പടന്ന

മുംബൈ:  മഹാരാഷ്ട്ര പോലിസിനെതിരേ പണ്ടുമുതലേ  പല ഗുരുതര ആരോപണങ്ങളും നിലവിലുണ്ട്. ബിജെപി സര്‍ക്കാര്‍  വന്നതോടെ ഗുണ്ടകളുടെ ജോലികൂടി പോലിസിനെന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. ആഭ്യന്തരവകുപ്പിന്റെ ശക്തിയില്‍ പോലിസില്‍ വ്യക്തമായ കൈകടത്തലാണ് പാര്‍ട്ടി നടത്തുന്നത്.  വഴിയോരക്കച്ചവടക്കാരില്‍ നിന്നും 10 രൂപ പോലും ഇരന്നുവാങ്ങുന്ന പോലിസ്   മുംബൈ തെരുവിലെ പ്രത്യേക ദൃശ്യമാണ്. രാഷ്ട്രീയ, ക്രിമിനല്‍, പോലിസ് കൂട്ടുകെട്ടാണ് ഫലത്തില്‍ മുംബൈയിലെ ഭരണം കൈയാളുന്നത്. തങ്ങള്‍ക്ക് പണം തരാത്ത കച്ചവടക്കാരെ  പോലിസ് പരസ്യമായി ഭീഷണിപ്പെടുത്തുന്നു. വഴങ്ങാത്തവരെ കള്ളക്കേസുണ്ടാക്കി സ്റ്റേഷനിലിട്ട് പീഡിപ്പിക്കും. മുംബൈയില്‍ അനധികൃതമായി നടത്തുന്ന ബാറുകള്‍, കച്ചവട സ്ഥാപനങ്ങള്‍, മറ്റു നിയമവിരുദ്ധ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴെ തട്ടിലുള്ളവര്‍ക്കു വരെ മാസം കൃത്യമായി പണം എത്തിക്കുവാനുള്ള സംവിധാനം നഗരത്തില്‍ നിലവിലുണ്ട്.   മാസപ്പടി പിരിക്കാന്‍ ഒരു കോണ്‍സ്റ്റബിളിനെ ചുമതല ഏല്‍പ്പിക്കുന്ന രീതിയുമുണ്ട്. മൊത്തം പാക്കേജായി 25,000 മുതല്‍ ഒരു ലക്ഷം വരെ   ഇത്തരത്തില്‍ വമ്പന്‍ സ്ഥാപനങ്ങളില്‍ നിന്നും ഏമാന്‍മാര്‍ കൈപ്പറ്റും. ഉന്നത തലത്തില്‍ വരെ കോഴയിനത്തില്‍ വന്‍തുക കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന്  വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ സമ്മതിക്കുന്നു. ഇതിനു പുറമേയാണ്   ‘ഖബറികള്‍ എന്നറിയപ്പെടുന്ന  പോലിസ് ചാരന്‍മാരും കള്ളസാക്ഷിക്കാരും.  ഒരാള്‍ക്കെതിരേ കേസെടുത്താല്‍ അയാള്‍പോലും അറിയാത്തവരായിരിക്കും  പോലിസിനു വേണ്ടി കോടതിയില്‍ ഹാജരാവുന്നത്. പോലിസിനു വേണ്ടി കോടതിയില്‍ ഹാജരാവുന്ന അഭിഭാഷകനെ സ്വാധീനിക്കാനും കേസുകള്‍ അട്ടിമറിക്കാനും പ്രതികള്‍ക്ക് പോലിസ് തന്നെ അവസരം ഒരുക്കുന്നു. ഇതോടെ സര്‍ക്കാര്‍ സംവിധാനം ഇവിടെ നോക്കുകുത്തിയാവുകയാണ്.  കേസുകളില്‍പ്പെടുന്നത് വ്യാപാരികളുമായോ മറ്റോ ബന്ധപ്പെട്ടവരാണെങ്കില്‍ പോലിസുകാര്‍ക്ക് കൊയ്ത്താണ്. കേസ് കോടതിയിലാണെങ്കിലും നിരന്തരം പല കാരണങ്ങള്‍ പറഞ്ഞ് വ്യാപാര സ്ഥാപനങ്ങളെ ശല്യം ചെയ്യുക, കേസ് പെട്ടെന്ന് തീര്‍ത്തുതരാമെന്ന് വാഗ്ദാനം ചെയ്ത് വന്‍തുക ആവശ്യപ്പെടുക എന്നിവ നിത്യ രീതികളാണ്. ഡാന്‍സ് ബാറുകള്‍ക്കു മുംബൈയില്‍ നിരോധനമാണ്.  എന്നിട്ടും പല ബാറുകളും അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ്. മാസപ്പടിയായി വന്‍തുക എത്തുന്നതുകൊണ്ട്  നടപടികള്‍ ഉണ്ടാവാറില്ല.  രാത്രി ഡ്യൂട്ടിയിലുള്ള മുംബൈ പോലിസിലെ ഭൂരിഭാഗം പേരും മദ്യപിച്ച അവസ്ഥയിലാവുമെന്നതാണ് മറ്റൊരു കാര്യം. പലപ്പോഴും വാങ്ങിക്കുന്ന സാധനങ്ങള്‍ക്ക് വില പോലും ഇവര്‍ നല്‍കാറില്ലെന്ന് മുംബൈ വിമാനത്താവളത്തിനടുത്ത് ഹോട്ടല്‍ നടത്തുന്ന റഫീഖ് പറയുന്നു. സ്ഥലം മാറിപ്പോവുന്ന പോലിസുകാര്‍  മാസപ്പടി കണക്ക് പുതിയ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നത് അലിഖിത നിയമമാണ്. സാധാരണക്കാരോട്  തെരുവു ഗുണ്ടാശൈലിയിലാണ് പോലിസുദ്യോഗസ്ഥരുടെ പെരുമാറ്റം. റെയില്‍വേ പോലിസാവട്ടെ ലോക്കല്‍ വണ്ടിയില്‍ സീറ്റ് തരപ്പെടുത്താന്‍ വരെ പണം വാങ്ങുന്നവരാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss