|    Mar 23 Fri, 2018 9:06 am

അധിനിവേശ സസ്യങ്ങള്‍ കാടിറക്കാന്‍ വനംവകുപ്പ് പദ്ധതി തയ്യാറാക്കുന്നു

Published : 24th October 2016 | Posted By: SMR

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ നൈസര്‍ഗിക വനത്തെ വിഴുങ്ങുന്ന അധിനിവേശ സസ്യങ്ങളെ നശിപ്പിക്കാന്‍ വനം-വന്യജീവി വകുപ്പ് പദ്ധതി തയ്യാറാക്കുന്നു. പൊല്‍ക്ക പുള്ളിച്ചെടി, കുടമരം, മഞ്ഞക്കൊന്ന, ധൃതരാഷ്ട്രപ്പച്ച, കൊങ്ങിണി, ആനത്തൊട്ടാവാടി തുടങ്ങിയ അധിനിവേശ സസ്യങ്ങള്‍ സ്വാഭാവിക വനത്തിനും വന്യജീവികള്‍ക്കും ഭീഷണിയായ സാഹചര്യത്തിലാണിത്. അധിനിവേശ സസ്യങ്ങളെ കാടിറക്കുന്നതിനുള്ള പ്രവൃത്തികള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ വനപരിപാലന പരിപാടിയില്‍ ഉള്‍പ്പെടുത്താനാണ്  ആലോചനയെന്നു വന്യജീവി സങ്കേത്തിലെ ഉദ്യോഗസ്ഥരില്‍ ചിലര്‍ പറഞ്ഞു. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനു മുന്നോടിയായി വന്യജീവി സങ്കേതത്തിലെ അധിനിവേശ സസ്യങ്ങളെക്കുറിച്ച് സര്‍വേ നടത്തും. ഈ ചുമതല സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ ഗവേഷണനിലയത്തിലെ സസ്യശാസ്ത്രജ്ഞരെ ഏല്‍പിക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തി ധരണാപത്രത്തില്‍ ഒപ്പിടും. സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ, കുറിച്യാട്, തോല്‍പ്പെട്ടി റേഞ്ചുകള്‍ ഉള്‍പ്പെടുന്നതാണ് 344.4 ഹെക്റ്റര്‍ വരുന്ന വയനാട് വന്യജീവി സങ്കേതം. നാലു റേഞ്ചുകളിമായി ഹെക്റ്റര്‍കണക്കിനു സ്വാഭാവിക വനമാണ്  അധിനിവേശ സസ്യങ്ങള്‍ കീഴടക്കിയത്. സമീപങ്ങളില്‍ നൈര്‍ഗിക വൃക്ഷലതാദികളുടെ നാശത്തിനു കാരണമാവുകയാണ് അധിനിവേശ സസ്യങ്ങള്‍. ഇതിന്റെ തിക്തഫലം വനജീവികളിലെ സസ്യാഹാരികളും വനാതിര്‍ത്തി ഗ്രാമങ്ങളിലും കര്‍ഷകരും അനുഭവിക്കേണ്ടിവരികയാണ്. മഞ്ഞക്കൊന്ന, ധൃതരാഷ്ട്രപ്പച്ച, കൊങ്ങിണി, ആനത്തൊട്ടാവാടി തുടങ്ങിയവ വനത്തില്‍ തഴച്ചുവളരുന്നത് വനം-വന്യജീവി വകുപ്പിന്റെ ശ്രദ്ധയില്‍ നേരത്തേ പെട്ടതാണ്. വന്യജീവി സങ്കേതത്തിനു പുറത്തും മഞ്ഞക്കൊന്ന ധാരാളമായുണ്ട്. ഗതകാലത്ത് സമൂഹിക വനവല്‍ക്കരണ വിഭാഗം കാടുകളില്‍ മഞ്ഞക്കൊന്ന വ്യാപകമായി നട്ടുവളര്‍ത്തുകയുമുണ്ടായി. പിന്നീട് ഇതില്‍ കുറേ വെട്ടിനശിപ്പിച്ചെങ്കിലും വേരുകളില്‍നിന്നു പുതിയ ചെടികള്‍ നാമ്പെടുക്കുകയാണ്. വന്യജീവി സങ്കേതത്തിലെ കുറിച്യാട്, മുത്തങ്ങ റേഞ്ചുകളില്‍ പൊല്‍ക്ക പുള്ളിച്ചെടിയും കുടമരവും നൈസര്‍ഗിക വനത്തെ കാര്‍ന്നുതിന്നുന്നത് അടുത്തകാലത്താണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ വന്നത്. കാടും നാടും കെട്ടുപിണഞ്ഞു കിടക്കുന്നതാണ് വയനാട് വന്യജീവി സങ്കേതം. ജനവാസകേന്ദ്രങ്ങളിലെ ചില വീടുകളുടെ മുറ്റത്ത് അലങ്കാരത്തിനായി പൊല്‍ക്ക പുള്ളിച്ചെടി വളര്‍ത്തുന്നുണ്ട്. ഈ അധിനിവേശസസ്യം വീട്ടുമുറ്റങ്ങളില്‍നിന്ന് കാടുകളിലേക്ക് കടന്നുകയറുകയായിരുന്നുവെന്ന അനുമാനത്തിലാണ് വനപാലകര്‍. പെട്ടെന്നു വളര്‍ന്നുപന്തലിക്കുന്നതാണ് കുടമരം. ഇവയ്ക്കു ചുവട്ടില്‍ വളര്‍ച്ച മുരടിച്ച് നശിക്കുകയാണ് മറ്റു സസ്യങ്ങളും ചെറുമരങ്ങളും. അധിനിവേശസസ്യങ്ങളുടെ വ്യാപനം വനത്തില്‍ ഭക്ഷ്യക്ഷാമത്തിനും കാരണമാവുകയാണ്. പുല്ല് ഉള്‍പ്പെടെ ചെടികള്‍ ഇല്ലാതാവുന്നത് സസ്യാഹാരികളായ മൃഗങ്ങളെയാണ് ബാധിക്കുന്നത്. വന്യജീവി സങ്കേതത്തിലെ സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ റേഞ്ച് ആസ്ഥാനങ്ങളോട് ചേര്‍ന്നുള്ള പുല്‍മേടുകളില്‍ മേയുന്ന മാന്‍കൂട്ടങ്ങള്‍ മുമ്പ് പതിവുകാഴ്ചയായിരുന്നു. എന്നാല്‍, അധിനിവേശസസ്യങ്ങള്‍ പുല്‍മേടുകളെ ഗ്രസിച്ചതോടെ മാന്‍കൂട്ടങ്ങള്‍ അപൂര്‍വ ദൃശ്യമായി. സ്വാഭാവിക വനത്തിന്റെ നാശമാണ് വന്യജീവികള്‍ ആഹാരംതേടി കൃഷിയിടങ്ങളില്‍ എത്തുന്നതിനു പ്രധാന കാരണവും. ആനത്തൊട്ടാവാടി വന്യജീവികളുടെ പതിവു സഞ്ചാരവഴികളും ഇല്ലാതാക്കുകയാണ്. വന്യജീവി സങ്കേതത്തെ അധിനിവേശസസ്യങ്ങളുടെ പിടിയില്‍നിന്നു മോചിപ്പിക്കുന്നതിനുളള പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ലക്ഷക്കണക്കിനു രൂപയാണ് ആവശ്യം. കാടിനു പുറത്തും അധിനിവേശസസ്യങ്ങള്‍ ധാരളമുണ്ട്. ധൃതരാഷ്ട്രപ്പച്ചയും അരിപ്പുച്ചെടി എന്നും പേരുള്ള കൊങ്ങിണിയുമാണ് നാട്ടിന്‍പുറങ്ങളിലെ അധിനിവേശക്കാരില്‍ പ്രധാനം. ജില്ലയില്‍ 60 ശതമാനം ഭൂപ്രദേശത്തും ഇവയുടെ സാന്നിധ്യമുണ്ടെന്നു ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്റ് വൈല്‍ഡ് ലൈഫ് ബയോളജി മേധാവി സി കെ വിഷ്ണുദാസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss