|    Sep 25 Tue, 2018 5:17 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അധിക മണ്ണെണ്ണയ്ക്ക് സബ്‌സിഡി അനുവദിക്കില്ലെന്ന് കേന്ദ്രം

Published : 28th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നു കരകയറിവരുന്നതിനിടെ കേരളത്തിന് വീണ്ടും മോദി സര്‍ക്കാരിന്റെ ഇരുട്ടടി. സംസ്ഥാനത്തിന് അനുവദിച്ച അധിക മണ്ണെണ്ണയ്ക്ക് സബ്‌സിഡി അനുവദിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. മണ്ണെണ്ണയ്ക്ക് സബ്‌സിഡി ലഭിച്ചിരുന്നെങ്കില്‍ ലിറ്ററിന് 29 രൂപ മാത്രം നല്‍കേണ്ട സ്ഥാനത്ത് ഇതോടു കൂടി 70 രൂപ നല്‍കേണ്ടിവരും.
പ്രളയത്തെ തുടര്‍ന്ന് വൈദ്യുതിബന്ധവും പാചകവാതക വിതരണവും വ്യാപകമായി തടസ്സപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനം കേന്ദ്രത്തോട് മണ്ണെണ്ണ ആവശ്യപ്പെട്ടത്. 12,000 കിലോ ലിറ്റര്‍ മണ്ണെണ്ണ ആവശ്യപ്പെട്ട കേരളത്തിന് സബ്‌സിഡിയില്ലാത്ത മണ്ണെണ്ണ വാങ്ങാന്‍ ഇതോടെ 84 കോടി രൂപ അധിക ബാധ്യത വഹിക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ സബ്‌സിഡിയില്ലാത്ത മണ്ണെണ്ണ എടുക്കേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഡീസലിനേക്കാള്‍ വില നല്‍കി മണ്ണെണ്ണ വാങ്ങുന്ന കാര്യം പ്രായോഗികമല്ലെന്നതാണ് കാരണം.
വൈദ്യുതി കണക്ഷനുള്ള ഉപഭോക്താവിന് നിലവില്‍ ഒരു ലിറ്ററും വൈദ്യുതി കണക്ഷനില്ലാത്ത ഉപഭോക്താവിന് അഞ്ചു ലിറ്റര്‍ മണ്ണെണ്ണയുമാണ് സബ്‌സിഡിനിരക്കില്‍ നല്‍കിവരുന്നത്. കേന്ദ്രം കേരളത്തിന് ഒപ്പമുണ്ടെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്തെ കൂടുതല്‍ ദുരിതത്തിലാക്കുന്ന നടപടി. നേരത്തേ കേരളത്തിന് അനുവദിച്ച 89,540 മെട്രിക് ടണ്‍ അരിക്ക് കിലോഗ്രാമിന് 25 രൂപ വീതം ഈടാക്കുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍, തീരുമാനം വിവാദമാവുകയും ജനരോഷം ഉണ്ടാവുകയും ചെയ്തതോടെ അരിക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ വിശദമാക്കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss