|    Jul 22 Sat, 2017 4:18 pm
FLASH NEWS

അധികൃതര്‍ അവഗണിക്കുന്നു: പാലോടിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമില്ല

Published : 13th July 2017 | Posted By: fsq

 

പാലോട്: ആറുമാസത്തിനിടെ അരഡസന്‍ അപകടങ്ങളുടെ പരമ്പര സൃഷ്ടിച്ചിട്ടും പാലോട്ടെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ അധികൃതര്‍ക്കാവുന്നില്ല. ഏഴുവര്‍ഷം മുമ്പ് വ്യാപാരികളും മോട്ടോര്‍ തൊഴിലാളികളും തമ്മില്‍ ഒരു ചര്‍ച്ച നടന്നതൊഴിച്ചാല്‍ നാളിതുവരെ പ്രശ്‌നപരിഹാരത്തിന് ഒന്നും ചെയ്തിട്ടില്ല. വാഹനങ്ങളുടെ പാര്‍ക്കിംങ് തോന്നിയപടിയാണ്. സ്വകാര്യ ബസ്സുകളും സമാന്തര സര്‍വ്വീസുകാരും കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മില്‍ നിത്യവും അടിയും വഴക്കുമാണ്. പ്രശ്‌നത്തിന് പരിഹാരം കാണേണ്ട പോലിസും ജനപ്രനിധികളും പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥരും ഇതൊന്നും കണ്ടില്ലന്നെ മട്ടിലാണ്.  കോളജ് റോഡ്, മടത്തറ റോഡ്, നെടുമങ്ങാട് റോഡ് എന്നിവിടങ്ങള്‍ ചേരുന്ന പാലോട് ടൗണില്‍ അധികാരികള്‍ മനസുവെച്ചാല്‍ തീരാവുന്ന പ്രശ്‌നമേ നിലവിലുള്ളു. നെടുമങ്ങാട് റോഡിലെ പാര്‍ക്കിങ് നേരത്തേ മഹാറാണി ഹോട്ടലിനുശേഷമായിരുന്നു. കൃത്യസമയത്തിനും അഞ്ച് മിനിറ്റ് മുമ്പ്് മാത്രം സ്റ്റാന്റില്‍ വന്ന് യാത്രക്കാരെ കയറ്റി പോകുന്നതായിരുന്നു പതിവ്. എന്നാല്‍ ഇപ്പോഴതില്ല. വാഹനങ്ങള്‍ അനിയന്ത്രിതമായി പാര്‍ക്കു ചെയ്യുന്നതും യാത്രക്കാരെ കയറ്റുന്നതും അപകടം വര്‍ധിപ്പിക്കുന്നു. കോളജ് റോഡിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. ടൗണ്‍ മുതല്‍ തുടങ്ങുന്ന പാര്‍ക്കിങ് അവസാനിക്കുന്നത് എസ്ബിടി വരെയാണ്. നേരത്തേ എസ്ബിടി കഴിഞ്ഞായിരുന്നു പാര്‍ക്കിങ്. കോളജ്, തെന്നൂര്‍, ഇടിഞ്ഞാര്‍, അഗ്രിഫാം എന്നിവിടങ്ങളിലേക്കുള്ള നിരവധി വാഹനങ്ങളാണ് പ്രതിദിനം ഇവിടെ കുരുക്കില്‍പ്പെടുന്നത്. പാലോട് മടത്തറ റോഡിലാണ് വാഹനങ്ങളുടെ പാര്‍ക്കിങ് പ്രശ്‌നം മിക്കപ്പോഴും കയ്യേറ്റത്തിലാണവസാനിക്കുന്നത്. പ്രൈവറ്റ് ബസുകള്‍ സമാന്തര സര്‍വീസുകാര്‍ എന്നിവരെ കൃത്യമായ സമയപരിധിയില്‍ കൊണ്ടുവരുന്നതിനും നിയന്ത്രിക്കുന്നതിനും പോലിസിനു സാധിച്ചിട്ടില്ല. ഓട്ടോറിക്ഷ, ടാക്‌സി സ്റ്റാന്റുകളുടെ പുനര്‍വിന്യാസം, സ്വകാര്യ ബസുകളെയും സമാന്തര സര്‍വീസുകാരേയും കൃത്യമായി പാര്‍ക്കിങില്‍ കൊണ്ടുവരല്‍ എന്നിവയിലൂടെ പരിഹരിക്കാവുന്ന പ്രശനങ്ങളേ പാലോട് ടൗണിലുള്ളു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക