|    Nov 18 Sun, 2018 4:47 am
FLASH NEWS

അധികൃതരുടെ ഒത്താശയോടെ വീണ്ടും അനധികൃത ക്വാറി

Published : 16th December 2015 | Posted By: SMR

മാനന്തവാടി: ബാണാസുര മലനിരകള്‍ക്ക് മരണമണി മുഴക്കി ക്വാറി മാഫിയ വീണ്ടും സജീവം. വാളാരംകുന്ന് മലയോട് ചേര്‍ന്ന് അനധികൃത ക്വാറി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. ഇതിനു പുറമെ മൂന്നു ക്വാറികള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമാണ്. റവന്യൂ വകുപ്പിന്റ ഒത്താശയോടെയാണ് വന്‍ പാരിസ്ഥിതികാഘാതമുണ്ടാക്കുന്ന വിധത്തില്‍ ബാണാസുര മലയുടെ താഴ്ഭാഗങ്ങളില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തനത്തിന് നീക്കങ്ങള്‍ നടന്നുവരുന്നത്. ഇതിനായി കണ്ടെത്തിയ ഭൂമി അളന്നുതിരിക്കുന്ന പ്രവൃത്തികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായി. നേരത്തെ എഡിഎമ്മിന് നല്‍കിയ അപേക്ഷ പ്രകാരം തഹസില്‍ദാര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. വാളാരംകുന്നില്‍ വിവാദ ക്വാറി നടത്തിയ ആള്‍ തന്നെയാണ് പുതിയ ക്വാറികള്‍ക്കു പിന്നിലുമുള്ളത്.
വാളാരംകുന്നില്‍ സര്‍വേ നമ്പര്‍ 622/1എയില്‍പെട്ട സ്ഥലത്തുള്ള ക്വാറി നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്നു നേരത്തെ ആരോപണങ്ങളുയര്‍ന്നിരുന്നു. 2010 മുതലാണ് ഇവിടെ ക്വാറിക്കായുള്ള നീക്കങ്ങള്‍ തുടങ്ങിയത്. റീസര്‍വേ നമ്പര്‍ 239ല്‍പെട്ട 4.15 ഏക്കര്‍ സ്ഥലത്തായിരുന്നു ക്വാറിക്ക് അനുമതി തേടിയത്. എന്നാല്‍, 235/1ല്‍പെട്ട പുത്തൂര്‍ ആമിനയുടെ സ്ഥലത്ത് നിന്നായിരുന്നു പാറ പൊട്ടിച്ചിരുന്നത്. നിരവധി പരാതികള്‍ നല്‍കിയെങ്കിലും വെള്ളമുണ്ട വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെയുള്ളവരുടെ ഒത്താശയോടെ മൂന്നു വര്‍ഷത്തോളം ഇവിടെ ഖനനം നടത്തുകയും പിന്നീട് സ്ഥലം മാറിയെന്നു കണ്ടെത്തി തുച്ഛമായ പിഴ ഈടാക്കി പാറപൊട്ടിച്ച സ്ഥലത്ത് മണ്ണിട്ട് മൂടാന്‍ അനുമതി നല്‍കുകയും യാഥാര്‍ഥ സ്ഥലത്ത് പാറഖനനം തുടങ്ങുകയുമായിരുന്നു.
കേരള ലാന്റ് അസൈന്‍മെന്റ് ആക്റ്റ് പ്രകാരം പതിച്ചു നല്‍കിയ ഭൂമി കൃഷിയിടത്തിനും വീട് നിര്‍മാണത്തിനും മാത്രമേ ഉപയോഗിക്കാവൂ എന്ന ചട്ടവും കാറ്റില്‍പ്പറത്തി ക്വാറി പ്രവര്‍ത്തനം നടത്താന്‍ റവന്യൂ വകുപ്പ് കൂട്ടുനില്‍ക്കുകയായിരുന്നു.
ഈ ഭൂമിയുടെ ഫീല്‍ഡ് രജിസ്റ്ററില്‍ വ്യക്തമായ അതിര്‍ത്തിയില്ലെന്നു രേഖപ്പെടുത്തിയിട്ട് പോലും ക്വാറിയുടമയ്ക്ക് തോന്നിയ പോലെ ഖനനം നടത്താന്‍ അനുമതിനല്‍കുകയായിരുന്നു. അതോടൊപ്പം, സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്യപ്പെട്ട വിലകൂടിയ മരങ്ങള്‍ ഇവിടെ നിന്നു മുറിച്ചുമാറ്റിയതായി കണ്ടെത്തിയിട്ടു പോലും യാതൊരു നടപടികളും റവന്യൂ വകുപ്പ് കൈക്കൊണ്ടില്ല.
ഈ വിവരങ്ങളെല്ലാം കാണിച്ച് ജില്ലാ കലക്ടര്‍ക്ക് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി ധനേഷ് കുമാര്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസറും സര്‍വേ സൂപ്രണ്ടും നല്‍കിയ റിപോര്‍ട്ടുകളിലും നിയമലംഘനങ്ങള്‍ വിവരിച്ചിരുന്നു.
എന്നാല്‍, ക്വാറിയുടമയ്ക്ക് അനുകൂലമായി മാനന്തവാടി ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരിയും പ്രാക്തന ഗോത്രവിഭാഗം മാനന്തവാടി പ്രൊജക്റ്റ് ഓഫിസര്‍ മാത്യുവും മാനന്തവാടി തഹസില്‍ദാറും നല്‍കിയ റിപോര്‍ട്ടുകള്‍ ഏകീകരിച്ച് ഹൈക്കോടതിയില്‍ നല്‍കിയതിനെ തുടര്‍ന്നാണ് മാസങ്ങളായി അടഞ്ഞുകിടന്ന ക്വാറി വീണ്ടും തുറക്കാനിടയായത്. ക്വാറിക്കെതിരേ സജീവമായി രംഗത്തുള്ള ആക്ഷന്‍ കമ്മിറ്റിക്ക് കക്ഷിചേരാന്‍ അവസരം ലഭിക്കുന്നതിനു മുമ്പാണ് ഹൈക്കോടതി ഉത്തരവിറങ്ങിയത്.
കോടതികളില്‍ ക്വാറിയുടമയ്ക്ക് അനുകൂലമായി വിധി നേടാന്‍ പാകത്തിലുള്ള റിപോര്‍ട്ടുകളാണ് കലക്ടര്‍ നിയോഗിച്ച വിവിധ വകുപ്പ് മേധാവികള്‍ നല്‍കിയത്. അഞ്ചു ഹെക്റ്ററില്‍ താഴെയുള്ള ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി വേണ്ടെന്ന കോടതി വിധിയുടെ മറവിലാണ് പ്രദേശത്ത് മൂന്നു ക്വാറികള്‍ തുറക്കാന്‍ നീക്കം നടക്കുന്നത്. ഇതോടെ കബനിയുടെയും കരമാന്‍തോടിന്‍െയും ഉല്‍ഭവസ്ഥാനം കൂടിയായ ബാണാസുര നീരുറവ മരുഭൂമിയായി മാറാന്‍ അധികകാലം വേണ്ടിവരില്ലെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss