|    May 26 Fri, 2017 11:10 am
FLASH NEWS

അധികൃതരുടെ അവഗണന; കാവുങ്കോല്‍ നിവാസികള്‍ തുരുത്ത് വിടാനൊരുങ്ങുന്നു

Published : 31st January 2016 | Posted By: SMR

പട്ടുവം: ഒരു നൂറ്റാണ്ടിലേറെയായി അവഗണനയുടെ കയ്പുനീര്‍ കുടിക്കുന്ന കാവുങ്കോല്‍ തുരുത്ത് നിവാസികള്‍ തുരുത്ത് വിടാനൊരുങ്ങുന്നു. പട്ടുവം കൂത്താട്ട് 10ാം വാര്‍ഡായ മുള്ളൂല്‍ ഭാഗത്തുനിന്നും ഏകദേശം 100 മീറ്റര്‍ പുഴകടന്നാലെത്തുന്ന കാവുങ്കോല്‍ തുരുത്തില്‍ ഉണ്ടായിരുന്ന 60 കുടുംബങ്ങളില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് 9 കുടുംബങ്ങള്‍ മാത്രം. 51 കുടുംബങ്ങളും പടിയിറങ്ങിക്കഴിഞ്ഞു. ബാക്കിയുള്ള 9 വീടുകളിലെല്ലാംകുടി 100ല്‍ താഴെ പേര്‍ മാത്രം.
പട്ടുവം-കണ്ണപുരം-ചെറുകുന്ന് പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ കിടക്കുന്ന തുരുത്ത് കണ്ണപുരം പഞ്ചായത്തിലെ 6ാം വാര്‍ഡിലാണ്. പട്ടുവം അധികാരിക്കടവില്‍ നിന്നും സ്വകാര്യ തോണിയില്‍ മാത്രമാണ് ഇവിടെ എത്താനാവുക. കണ്ണപുരത്തോ ചെറുകുന്നിലോ എത്തണമെങ്കില്‍ ഒരുകിലോ മീറ്ററിലധികം വിജനമായ കാട്ടുപ്രദേശത്തുകൂടി സഞ്ചരിക്കണം. മഴക്കാലത്ത് ചെളി നിറഞ്ഞ ഈ ഭാഗത്തുകൂടി സഞ്ചരിക്കാന്‍ തന്നെ പ്രയാസമാണ്. ജീവിതത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും കണ്ണപുരം-ചെറുകുന്ന് പഞ്ചായത്തുകളെ ആശ്രയിക്കുന്ന തുരുത്തില്‍ നിന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിജനമായ പ്രദേശത്തുകൂടി സഞ്ചരിക്കേണ്ടി വരുന്നത് പേടി സ്വപ്‌നമാണ്. തുരുത്തില്‍ 2006 ലാണ് ജലഅതോറിറ്റിയുടെ കുടിവെള്ള സൗകര്യമെത്തിയത്.
മൂന്ന് ടാപ്പുകളാണ് 9 വീട്ടുകാരുടെ ആശ്രയം. പൈപ്പ് വെള്ളം എത്തുന്നതുവരെ മുള്ളൂലില്‍ നിന്ന് തോണിയിലാണ് വെള്ളം എത്തിച്ചിരുന്നത്. രോഗം ബാധിച്ച് യഥാവസരം ആശുപത്രിയിലെത്തിക്കാന്‍ സാധിക്കാത്തതിനാല്‍ പലരും അകാലത്തില്‍ മരണപ്പെട്ടതോടെയാണ് ജീവിതം മടുത്ത് വീട്ടുകാര്‍ മിക്കവരും തുരുത്ത് വിട്ടത്.
താമസക്കാരില്ലാതെ നിരവധി വീടുകള്‍ കാടുകയറി തകര്‍ന്നു കിടക്കുകയാണിവിടെ. 40 ഏക്കറോളം വരുന്ന കാവുങ്കോല്‍ തുരുത്തില്‍ വൈദ്യുതിയും ടെലിഫോണും എത്തിയിട്ടുള്ളത് മാത്രമാണ് ഏക ആശ്വാസം. എങ്കിലും മഴ കനക്കുന്നതോടെ ഇവിടെ ജീവിതം ദുസ്സഹമായി മാറുന്നു. പട്ടുവം പഞ്ചായത്തിലെ മുള്ളൂല്‍ ഭാഗത്തുനിന്ന് 50 മീറ്റര്‍ നീളത്തിലുള്ള പാലവും കണ്ണപുരം പഞ്ചായത്തിലെ ഭാഗത്തുനിന്ന് 800 മീറ്റര്‍ റോഡും നിര്‍മിച്ചാല്‍ തുരുത്തിലെ ജനങ്ങളുടെ പ്രയാസം തീരും. മാത്രമല്ല പട്ടുവത്തെ ജനങ്ങള്‍ക്ക് കണ്ണപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെടാനും എളുപ്പമാണ്. 1982ല്‍ അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്ന അവുക്കാദര്‍ കുട്ടി നഹ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുണ്ടായിരുന്നപ്പോള്‍ പാലം നിര്‍മിക്കാന്‍ രണ്ടാഴ്ച ബോറിങ് പ്രവൃത്തി നടത്തിയിരുന്നു.
കല്യാശ്ശേരി മണ്ഡലത്തില്‍ പെടുന്ന പ്രദേശത്തിന്റെ വികസനത്തിനായി പട്ടുവം ഗ്രാമപ്പഞ്ചാ യത്ത് അംഗം അഡ്വ. രാജീവന്‍ കപ്പച്ചേരി ചെയര്‍മാനായി വികസനസമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. തുരുത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി മുഖ്യമന്ത്രി ഉല്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും എന്തെങ്കിലും നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തുരുത്ത് നിവാസികള്‍. പാലം വരുന്നതോടെ മനോഹരമായ ഈ തുരുത്ത് വിനോദസഞ്ചാരികളുടെ പ്ര ധാന ആകര്‍ഷണ കേന്ദ്രമാകും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day