|    Feb 25 Sat, 2017 5:42 pm
FLASH NEWS

അധികൃതരുടെ അനാസ്ഥ; തലശ്ശേരി ഇംഗ്ലീഷ് ക്ലബ് കെട്ടിടം ഏറ്റെടുക്കാതെ നഗരസഭ

Published : 16th November 2016 | Posted By: SMR

തലശ്ശേരി: തലശ്ശേരി നഗരസഭ 150ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അധികൃതരുടെ അവഗണന പേറി ചരിത്രപ്രധാനമായ ഇംഗ്ലീഷ് ക്ലബ് കെട്ടിടം. ജില്ലാ കോടതി സമുച്ഛയത്തിനു സമീപം ഹോളോവേ റോഡില്‍ ഇംഗ്ലീഷുകാര്‍ ക്ലബ്ബായി ഉപയോഗിച്ചിരുന്ന വിശാലമായ കെട്ടിടം നഗരസഭ ഏറ്റെടുത്തിരുന്നെങ്കില്‍ പുതിയ കെട്ടിടം പണിയേണ്ട ആവശ്യകത ഉണ്ടാവുമായിരുന്നില്ല എന്നാണ് വിലയിരുത്തല്‍. യാതൊരു പരിക്കമേല്‍ക്കാതെ ഇപ്പോഴും പ്രൗഢമായി നിലകൊള്ളുകയാണ് ഈ കെട്ടിടം. തലശ്ശേരി പട്ടണം കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാര്‍ ഭരണം നടത്തിയതിനൊപ്പം ഉദ്യോഗസ്ഥര്‍ വിനോദത്തിനായി ഉപയോഗിച്ച ക്ലബ് കൂടിയായിരുന്നു ഇത്. 6,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ക്ലബ്ബില്‍ വിവിധങ്ങളായ കളികള്‍ ബ്രിട്ടീഷുകാര്‍ നടത്തിയിരുന്നു. നാലേക്കറോളം വരുന്ന ഗ്രൗണ്ടും ഇതിനടുത്ത് ഉണ്ടായിരുന്നു. ഇവിടെയായിരുന്നു കുടക് മലനിരകള്‍ ഉള്‍പ്പെടെയുള്ള തോട്ടം മേഖലകളില്‍ മരുന്ന് തളിക്കാന്‍ വന്നിരുന്ന ഹെലികോപ്റ്ററുകള്‍ ഇറങ്ങിയിരുന്നത്. ക്ലബ്ബിനു പിറകുഭാഗത്തെ സ്ഥലങ്ങള്‍ മറ്റുപലരും കൈയേറി. ഇംഗ്ലീഷുകാര്‍ നീന്തുന്നതിനും നീന്തല്‍ പരിശീലിപ്പിക്കുന്നതിനും ഉപയോഗിച്ചിരുന്ന വിസ്തൃതമായ സ്ഥലവും ഇതിനടുത്ത് ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ഇവിടെ കാല്‍നട പോലും അസാധ്യമാക്കി അടച്ചുകെട്ടിയ നിലയിലാണ്. തീരപരിപാലന നിയമം ലംഘിച്ചാണ് ഇവിടെ കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. ബ്രിട്ടിഷ് ഭരണവേളയില്‍ മനുഷ്യവിസര്‍ജം തോട്ടിപ്പണിക്കാരെ ഉപയോഗിച്ച് ചുമലില്‍ എടുത്തുകൊണ്ടുപോവുന്ന രീതി ഉണ്ടായിരുന്നു. പിന്നീട് കംപോസ്റ്റ് ഉണ്ടാക്കാന്‍ നാട്ടുകാരെ ലഭിക്കാതെ വന്നപ്പോള്‍ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍നിന്നു പ്രത്യേക സമുദായക്കാരെ കൊണ്ടുവന്ന് കോളനികള്‍ ഉണ്ടാക്കി പാര്‍പ്പിച്ച് നഗരശുചീകരണം നടപ്പാക്കി. ഈ ഘട്ടത്തില്‍ ലണ്ടന്‍ എംബിബിഎസ് യോഗ്യതയുള്ള ഉദ്യോഗസ്ഥരെ നഗരസഭയിലെ ഹെല്‍ത്ത് ഓഫിസര്‍മാരായി നിയമിച്ചിരുന്നു. പിന്നീട് ഇംഗ്ലീഷ് ക്ലബ് കെട്ടിടം നഗരസഭയ്ക്കു കീഴിലെ ഹൈസ്‌കൂളായി മാറി. എന്നാല്‍ ക്ലബ് കെട്ടിടം ഉപ്പുകാറ്റേറ്റ് തകര്‍ച്ചയിലാണെന്നും വിദ്യാര്‍ഥികളുടെ ജീവന്‍ അപകടത്തിലാവുമെന്നും ചൂണ്ടിക്കാട്ടി അന്നത്തെ പിഡബ്ല്യുഡി എന്‍ജിനീയര്‍ സര്‍ക്കാരിനു കത്തയച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈസ്‌കൂള്‍ ഇവിടെനിന്ന് ചിറക്കരയിലേക്കു മാറ്റി. 1947ല്‍ ബ്രിട്ടീഷുകാര്‍ തലശ്ശേരിയില്‍നിന്നു കപ്പല്‍ കയറുന്നതുവരെ ഉപയോഗിച്ചിരുന്ന കെട്ടിടം ചരിത്ര സ്മാരകമാക്കണമെന്ന സാമാന്യബോധം പോലും നഗര ഭരണാധികാരികള്‍ പ്രകടിപ്പിച്ചിരുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക