|    Jul 25 Tue, 2017 4:23 am
FLASH NEWS

അധികൃതരുടെ അനാസ്ഥ : കാട്ടിക്കുളം ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ നോക്കുകുത്തി

Published : 14th July 2017 | Posted By: fsq

 

മാനന്തവാടി: നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതും സംസ്ഥാന അതിര്‍ത്തിയിലുള്ളതുമായ ഏക ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴില്‍ കാട്ടിക്കുളത്ത് ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ സെന്ററാണ് നോക്കുകുത്തിയായത്. തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് സൗജന്യമായി വിട്ടുനല്‍കിയ മുറിയിലാണ് ഓഫിസ് ആരംഭിച്ചത്. ടൂറിസത്തിന് ഏറെ പ്രധാന്യമേറിയ സ്ഥലം എന്ന നിലയിലാണ് കാട്ടിക്കുളത്ത് തന്നെ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. കുറുവാദ്വീപ്, തോല്‍പ്പെട്ടി വന്യജീവി സങ്കേതം, നാഗര്‍ഹോള വന്യജീവി സങ്കേതം, കുശാല്‍നഗര്‍ ജൈനക്ഷേത്രം, തിരുനെല്ലി ക്ഷേത്രം, മൈസൂരു എന്നിവിടങ്ങളിലേക്കെല്ലാം നിത്യേന നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നുപോവുന്നു. വിവിധ ജില്ലകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരും വിദേശികളും ഉള്‍പ്പെടെ നൂറുകണക്കിന് സഞ്ചാരികള്‍ക്ക് ഏറെ ഉപകാരപ്രദമായി മാറേണ്ട ഇന്‍ഫര്‍മേഷന്‍ സെന്ററാണ് അധികൃതരുടെ അനാസ്ഥ മൂലം അടഞ്ഞുകിടക്കുന്നത്. നവീകരണത്തിന്റെ പേരിലാണ് രണ്ടുവര്‍ഷം മുമ്പ് ഓഫിസ് അടച്ചുപൂട്ടിയത്. എന്നാല്‍, പിന്നീട് ഓഫിസ് തുറക്കുന്നതിനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സെന്റര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാവണമെന്നാണ് ആവശ്യം. അതേസമയം, ജീവനക്കാരില്ലാത്തതിനാലാണ് സെന്റര്‍ പൂട്ടിയതെന്നാണ് അധികൃതരുടെ ന്യായം. ഡിടിപിസിക്ക് കീഴിലെ മറ്റ് കേന്ദ്രങ്ങളില്‍ അധികമുള്ള ജീവനക്കാരെ ഇവിടെ നിയമിച്ച് സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക