|    Nov 24 Fri, 2017 5:24 am
FLASH NEWS

അധികൃതരുടെ അനാസ്ഥ : അപകടക്കെണിയൊരുക്കി മേപ്പറമ്പ് ബൈപാസ് ജങ്ഷനിലെ കുഴികള്‍

Published : 4th August 2017 | Posted By: fsq

 

പിരായിരി: പാലക്കാട് -കോട്ടായി റൂട്ടില്‍  മേഴ്‌സികോളജിനും പിരായിരിക്കും ഇടയ്ക്കുള്ള പ്രധാന കവലയായ  മേപ്പറമ്പ്  ബൈപാസ് ജങ്ഷന്‍ അപകടമേഖലയാവുന്നു. മഴക്കാലമായതോടെ ജങ്ഷനില്‍ രൂപപ്പെട്ട കുഴികളാണ് വലുതും ചെറുതുമായ  വാഹനങ്ങള്‍ക്ക് ഭീഷണിയായി തീര്‍ന്നിരിക്കുന്നത്. ജങ്ഷനില്‍ നിന്നും വലത്തോട്ട് തിരിയുന്നിടത്ത് പെട്രോള്‍ പമ്പിനു മുമ്പിലായിട്ടാണ് ചെറുതും വലുതുമായ നിരവധി കുഴികള്‍ ഉള്ളത്. മഴപെയ്താല്‍ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത്  മൂലം ഇരുചക്ര വാഹനങ്ങള്‍  കുഴിയില്‍ വീഴുന്നത് പതിവായിരിക്കുകയാണ്.  ഒറ്റപ്പാലം, കോട്ടായി ഭാഗത്തു നിന്ന് പാലക്കാട്ടേക്ക് വരുന്ന ബസ്സുകളും ചരക്കു വാഹനങ്ങളും ഉള്‍പ്പെടെ  നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോവുന്നത്. നാള്‍ക്കു നാള്‍ കുഴികള്‍ വലുതായി വരുന്നതിനാല്‍ ബസ്സുകളടക്കമുള്ള  വാഹനങ്ങള്‍ മേപ്പറമ്പ്, മേലാമുറി വഴിയാണ് മേഴ്‌സികോളജ് ജങ്ഷന്‍ എത്തുന്നത്.  സ്‌കൂള്‍, ആരാധനാലയങ്ങള്‍, നിരവധി വ്യാപാര സ്ഥാനപനങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ വാഹനയാത്രക്കാര്‍ക്ക്  ഭീഷണിയാവുന്ന അപകട കുഴികള്‍ ഭരണകൂടം കണ്ടില്ലെന്നു നടിക്കുകയാണ്. പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാത  കടന്നുപോവുന്ന കവലയിലെ മരാമത്ത് പണികള്‍ പൊതുമരാമത്ത് വകുപ്പോ നഗരസഭയോ കണ്ടില്ലെന്നു നടിക്കുകയാണ്. തെരുവ് വിളക്കുകളുടെ അഭാവവും വാഹനങ്ങളുടെ അമിത വേഗതയും അപകടം ക്ഷണിച്ചു വരുത്തുകയാണ്. പ്രദേശത്ത് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചമാണ് വാഹനയാത്രക്കാര്‍ക്ക് ആശ്രയം.  ജങ്ഷനില്‍ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കണമെന്ന ജനങ്ങളുടെ ആവശ്യം കടലാസിലൊതുങ്ങുകയാണ്.   ബന്ധപ്പെട്ടവര്‍ നടപടി എടുക്കാത്തതില്‍ പ്രദേശവാസികള്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക