|    Mar 23 Thu, 2017 5:55 am
FLASH NEWS

അധികാര വികേന്ദ്രീകരണത്തില്‍ സംതൃപ്തിയോടെ ശില്‍പ്പി

Published : 10th October 2015 | Posted By: TK

അബ്ദുര്‍റഹ്മാന്‍ ആലൂര്‍
കാസര്‍കോട്: മഹാത്മജിയുടെ ഗ്രാമസ്വരാജ് സ്വപ്‌നം പൂവണിയിക്കാനായതിന്റെ ആഹ്ലാദത്തിലാണ് ബില്ല് അവതാരകനായ സി ടി അഹ്മദലി. അധികാരം താഴെത്തട്ടിലേക്കു പതിച്ചുനല്‍കിയ അധികാര വികേന്ദ്രീകരണ ബില്ല് സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച മുന്‍ തദ്ദേശസ്വയംഭരണ മന്ത്രി സി ടി അഹ്മദലി ഇപ്പോഴും തിരഞ്ഞെടുപ്പുരംഗത്തു സജീവം.

1994ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്ന സി ടി അഹ്മദലിയാണ് അധികാരം താഴെക്കിടയിലേക്കു പതിച്ചുനല്‍കിയ കേരള പഞ്ചായത്തീരാജ്, കേരള മുനിസിപ്പല്‍ ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കിയത്. മഹാത്മാഗാന്ധിയുടെ സ്വപ്‌നമായിരുന്ന ഗ്രാമസ്വരാജ് പൂര്‍ണ അര്‍ഥത്തില്‍ സംസ്ഥാനത്തു നിലവില്‍വരുത്താനായതില്‍ തനിക്ക് ഏറെ ആഹ്ലാദമുണ്ടെന്ന് സി ടി അഹ്മദലി തേജസിനോട് പറഞ്ഞു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ നല്‍കിയ വാഗ്ദാനമായിരുന്നു അധികാര വികേന്ദ്രീകരണം. പഞ്ചായത്തീരാജ്- നഗരപാലിക ബില്ലിനായി പാര്‍ലമെന്റ് ഭരണഘടന ഭേദഗതി വരുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് മുഴുവന്‍ സംസ്ഥാനങ്ങളിലും ഈ ബില്ല് നടപ്പാക്കാന്‍ നിര്‍ദേശമുണ്ടായി.

മന്ത്രിയായി അധികാരമേറ്റതിനുശേഷം ഒരു വര്‍ഷത്തോളം വിവിധ തലങ്ങളിലുള്ളവരുമായി ചര്‍ച്ച നടത്തുകയും സെമിനാറുകളും മറ്റും സംഘടിപ്പിക്കുകയും ചെയ്തു. ഇതില്‍ നിന്ന് ഉയര്‍ന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് ബില്ല് പൂര്‍ണ അര്‍ഥത്തില്‍ അവതരിപ്പിക്കാനായി എന്നത് തന്റെ നേട്ടമാണെന്ന് ഇദ്ദേഹം പറയുന്നു.

പാര്‍ലമെന്റ് അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലില്‍ മൂന്നിലൊന്നു ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കു സംവരണം നല്‍കണമെന്നും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ത്രിതല പഞ്ചായത്തുകളിലേക്കു തിരഞ്ഞെടുപ്പു നടത്തണമെന്നുമൊക്കെയായിരുന്നു വ്യവസ്ഥ. രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും പ്രാദേശിക മിനി സര്‍ക്കാരുകള്‍ എന്ന നിലയിലേക്കു പഞ്ചായത്ത്, നഗരസഭാ ഭരണസമിതികളെ പ്രാപ്തമാക്കാന്‍ കേരളത്തില്‍ ബില്ല് കൊണ്ട് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

1960ലെ പഞ്ചായത്ത് നിയമവും മുനിസിപ്പല്‍ ആക്റ്റും പൊളിച്ചെഴുതിയാണു പുതിയ ബില്ല് തയ്യാറാക്കിയത്. നേരത്തെ പഞ്ചായത്തുകള്‍ക്കു നാമമാത്ര അധികാരം മാത്രമാണുണ്ടായിരുന്നത്. സ്ട്രീറ്റ്‌ലൈറ്റ് സ്ഥാപിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ മാത്രമായിരുന്നു അന്ന് ഭരണസമിതികള്‍ നടപ്പാക്കിയിരുന്നത്.

എന്നാല്‍ പുതിയ ബില്ല് നിയമമായതോടെ അധികാരം താഴെത്തട്ടിലേക്ക് എത്തിക്കാനും നാടിന്റെയും ജനങ്ങളുടെയും സമഗ്ര വികസനം ഉറപ്പാക്കാനും സാധിച്ചിട്ടുണ്ട്. പഞ്ചായത്തുകള്‍ക്ക് ആവശ്യമായ ഫണ്ടുകള്‍ ലഭ്യമാക്കുന്ന കാര്യത്തിലും പുതിയ ബില്ല് ഏറെ പ്രയോജനപ്പെട്ടു. 1994ല്‍ ഒരുദിവസം രാത്രി മുഴുവന്‍ ചര്‍ച്ചചെയ്തു പുലര്‍ച്ചയോടെയാണ് ബില്ല് ഏകകണ്ഠമായി നിയമസഭ അംഗീകരിച്ചത്.

തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ് ഈ ബില്ല് അവതരണമെന്നും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പ്രാദേശിക സര്‍ക്കാരുകള്‍ ഏറെ അധികാരങ്ങളുള്ളവയാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി 36 വര്‍ഷം കാസര്‍കോട് മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ച സി ടി പൊതുമരാമത്ത് മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം മാറി നിന്നു. ഇപ്പോള്‍ സിഡ്‌കോ ചെയര്‍മാനാണ്. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്കൂടിയാണ്.

(Visited 77 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക