|    Aug 23 Wed, 2017 1:49 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അധികാര ദുര്‍വിനിയോഗം : സെന്‍കുമാറിനെതിരേ തെളിവില്ലെന്ന് വിജിലന്‍സ്

Published : 4th June 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാറിനെതിരേ സമര്‍പ്പിക്കപ്പെട്ട പരാതികളില്‍ കഴമ്പില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്. കെഎസ്ആര്‍ടിസിയുടെയും കെടിഡിസിയുടെയും എംഡിയായിരുന്ന സമയത്തടക്കം അധികാരദുര്‍വിനിയോഗം നടത്തിയെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട പരാതികളില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സ് വ്യക്തമാക്കിയിട്ടുള്ളത്. പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ലെന്ന് പ്രത്യേക കോടതിയില്‍ വിജിലന്‍സ് നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. റിപോര്‍ട്ട് ജൂലൈ നാലിന് കോടതി പരിഗണിക്കും. സെന്‍കുമാറിനെതിരേ നേരെത്തെ സമര്‍പ്പിക്കപ്പെട്ട ആറ് പരാതികളില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയിലാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണം സംബന്ധിച്ച് വിശദമായ റിപോര്‍ട്ടാണ് സമര്‍പ്പിച്ചിട്ടുള്ളത്. പോലിസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയില്‍ സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. സര്‍ക്കാരുമായി പോര് തുടരുന്ന സാഹചര്യത്തില്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപോര്‍ട്ട് സെന്‍കുമാറിന് ആശ്വാസമായിരിക്കുകയാണ്. സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് ഡിജിപി പദവിയിലെത്തിയ സെന്‍കുമാര്‍ പോലിസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ ഉത്തരവുകള്‍ പിന്‍വലിച്ചു. പിന്നാലെ സെന്‍കുമാറിന്റെ ഗണ്‍മാനെ മാറ്റി ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. എന്നാല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഈ രണ്ട് ഉത്തരവുകളും നടപ്പാക്കാന്‍ സെന്‍കുമാര്‍ തയ്യാറായില്ല. ഇത് വിവാദമായതിനു പിന്നാലെയാണ് സെന്‍കുമാറിനെതിരായ പരാതികള്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക