|    Jan 24 Tue, 2017 2:49 pm
FLASH NEWS

അധികാര ദുര്‍വിനിയോഗം; മുന്‍ മന്ത്രി ബാബു വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചെന്ന് എഫ്‌ഐആര്‍

Published : 4th September 2016 | Posted By: SMR

കൊച്ചി: ദരിദ്ര കുടുംബത്തില്‍ നിന്ന് വന്ന കെ ബാബു അധികാര ദുര്‍വിനിയോഗത്തിലൂടെ വന്‍തോതില്‍ സ്വത്ത് സമ്പാദിക്കുകയും റിയല്‍ എസ്‌റ്റേറ്റ് മാഫിയയുമായും വ്യവസായ ഗ്രൂപ്പുകളുമായും ബിനാമികളുമായും ചേര്‍ന്ന് നിയമവിരുദ്ധ ഇടപാടുകള്‍ നടത്തുകയും ചെയ്തുവെന്ന് വിജിലന്‍സ് സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവര  റിപോര്‍ട്ടില്‍ പറയുന്നു.
തമിഴ്‌നാട്ടിലെ തേനിയില്‍ 120 ഏക്കര്‍ ഭൂമി ബാബുവിന്റെ പേരിലുണ്ട്. തൃപ്പൂണിത്തുറ സംസ്‌കൃത കോളജിന് സമീപം ബാബു താമസിക്കുന്ന വീട് വന്‍തുക ചെലവിട്ട് ആഢംബര വീടായി മോടിപിടിപ്പിച്ചത് അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ്. എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ പങ്കാളിത്തം, ബിനാമിയായ തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് സ്വദേശി മോഹനന്റെ  ബേക്കറി, തൊടുപുഴയിലെ മൂത്തമകളുടെ ഭര്‍തൃപിതാവ് നടത്തുന്ന ഇന്റര്‍ലോക് ബ്രിക്‌സ് യൂനിറ്റ്, കുമ്പളം സ്വദേശി ബാബുറാം, പി ഡി ശ്രീകുമാര്‍ എന്നിവരുടെ പേരില്‍ നടക്കുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ എന്നിവയില്‍ ബാബുവിന് നിക്ഷേപമുള്ളതായി ആരോപണമുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും വിജിലന്‍സ് പറയുന്നു.
തൃപ്പൂണിത്തുറ എരൂര്‍ ജങ്ഷനില്‍ തോപ്പില്‍ ജോജി എന്നയാള്‍ നടത്തുന്ന ഇംപാക്ട് സ്റ്റീല്‍ കമ്പനിയിലും ബാബുവിന് ഉടമസ്ഥാവകാശമുള്ളതായി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു.  2012ല്‍ മകള്‍ ആതിരയുടെ വിവാഹത്തിന് കെ ബാബു 45 ലക്ഷം രൂപ വിലയുള്ള ഒരു ബെന്‍സ് കാര്‍ ഭാര്യാപിതാവിന്റെ പേരില്‍ വാങ്ങിക്കൊടുത്തു.  കെഎല്‍ 38 ഡി 6005 നമ്പര്‍ രജിസ്‌ട്രേഷനുള്ള ഈ കാര്‍ പിന്നീട് മറിച്ചുവിറ്റു. മകള്‍ ആതിരയുടെ പേരില്‍   നിസാന്‍ മൈക്ര എക്‌സ് പി പ്രീമിയം ബി എസ് 4 കാറും ബാബു  വാങ്ങി നല്‍കി. ബാബുവിന്റെ പേരില്‍ ഒമ്പത് ലക്ഷം രൂപയുടെ ടൊയോട്ട ഇന്നോവ കാറാണുള്ളത്.  ഐശ്വര്യയുടെ വിവാഹം കലൂരിലെ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ അത്യാഢംബരത്തോടെയാണ് നടത്തിയത്. മന്ത്രി എന്ന നിലയില്‍ അവിഹിതമായി സമ്പാദിച്ച പണം ഉപയോഗിച്ചാണ് കെ ബാബു മോഹനുമായി ചേര്‍ന്ന് തൃപ്പൂണിത്തുറയില്‍ ബേക്കറിയുടെ പേരില്‍ ബിനാമി ബിസിനസ് തുടങ്ങിയതെന്ന് വിജിലന്‍സ് എഫ് ഐ ആറില്‍ പറയുന്നു. ബാബുവിന്റെ ബിനാമികളായ മോഹനന്‍, ബാബുറാം എന്നിവര്‍ സ്വന്തമായി വരുമാന മാര്‍ഗമില്ലാത്തവരാണ്. എന്നാ ല്‍, ഇവര്‍ ബിഎംഡബ്ല്യൂ, ബെന്‍സ് തുടങ്ങിയ ആഢംബര കാറുകള്‍ ഉപയോഗിക്കുന്നുണ്ട്.  ഇവര്‍ കൈയാളുന്ന സ്വത്തുക്കള്‍ കെ ബാബുവിന്റെ ബിനാമിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി എഫ് ഐആറില്‍ പറയുന്നു.
ഭൂമി ഇടപാടുകള്‍ക്കാണ് ബാബുറാമിനെ ബാബു ബിനാമിയായി ഉപയോഗപ്പെടുത്തിയിരുന്നത്. മന്ത്രി എന്ന നിലയില്‍ ലഭിക്കുന്ന ശമ്പളം മാത്രമായിരുന്നു ബാബുവിന്റെ വരുമാനം എന്നിരിക്കെ ഇത്രയധികം സ്വത്തുക്കളും വസ്തുക്കളും വാങ്ങിക്കൂട്ടിയത് മന്ത്രി എന്ന നിലയിലുള്ള അധികാരം ദുരുപയോഗം ചെയ്ത് ബിനാമി ഇടപാടുകളിലൂടെയും മറ്റുമാണെന്ന് വ്യക്തമാവുന്നതായി എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. ബാബുവിന് ബാങ്ക്‌ലോണുകളോ മറ്റെന്തെങ്കിലും വരുമാന മാര്‍ഗങ്ങളോ  ഉള്ളതായി അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വിജിലന്‍സ് പറയുന്നു.
വിജിലന്‍സ് നടപടി രാഷ്ട്രീയപ്രേരിതം: ചെന്നിത്തല
മൂവാറ്റുപുഴ:  മുന്‍മന്ത്രി  കെ ബാബുവിനെതിരേയുള്ള വിജിലന്‍സ് നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.  മൂവാറ്റുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സ് കേസുകള്‍ അജ്ഞതയോടെ കൈകാര്യം ചെയ്യരുത്. വിജിലന്‍സ് കേസ് അന്വേഷിക്കുന്നതിനും  എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും  സുപ്രിംകോടതി  ചില മാനദണ്ഡങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.  അതിനാല്‍ നിയമപരമായി കെ ബാബുവിന് കോടതിയെ സമീപിക്കാം. ബാബുവിന്റെ വിശദീകരണം അവിശ്വസിക്കേണ്ടതില്ല. ജനാധിപത്യ സംവിധാനത്തില്‍ അഴിമതിക്കെതിരേ സന്ധിയില്ലാ പോരാട്ടം നടത്തുന്നത്  നല്ലതാണ്. സര്‍ക്കാരുകള്‍ മാറിമാറി വരും.  എന്നാല്‍, രാഷ്ട്രീയ പകപോക്കല്‍ നല്ലതല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കനും രമേശ് ചെന്നിത്തലയ്‌ക്കൊപ്പമുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 127 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക