|    Jul 26 Wed, 2017 12:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അധികാരത്തര്‍ക്കത്തില്‍ ഡല്‍ഹി സര്‍ക്കാരിന് തിരിച്ചടി; ഡല്‍ഹിയുടെ ഭരണച്ചുമതല ലഫ്. ഗവര്‍ണര്‍ക്ക്: കോടതി

Published : 5th August 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്ര ഭരണപ്രദേശമായ ഡല്‍ഹിയുടെ ഭരണച്ചുമതല ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണെന്നും അദ്ദേഹത്തിന്റെ അറിവോടെയല്ലാതെ സംസ്ഥാനത്തെ മന്ത്രിസഭയ്ക്കു തീരുമാനങ്ങള്‍ കൈക്കൊള്ളാനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി. ലഫ്. ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്ത് ആം ആദ്മി നല്‍കിയ ഹരജി തള്ളിയാണ് ചീഫ് ജസ്റ്റിസ് ജി രോഹിണി, ജസ്റ്റിസ് ജയന്ത് നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ലഫ്. ഗവര്‍ണര്‍ അനാവശ്യ ഇടപെടല്‍ നടത്തുകയാണെന്നതടക്കമുള്ള പരാതികള്‍ ഉന്നയിച്ച് എഎപി സമര്‍പ്പിച്ച ഒമ്പത് ഹരജികളാണ് ഇന്നലെ രണ്ടംഗ ബെഞ്ച് പരിഗണിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച അഴിമതി വിരുദ്ധ ബോര്‍ഡിന് ഒരവകാശവുമില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യവും ഇതിലുള്‍പ്പെട്ടിരുന്നു. സംസ്ഥാനത്തെ സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ചാവണം ലഫ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ജനാധിപത്യ വ്യവസ്ഥയില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും എന്ന രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും ഹരജി ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഹരജികളെല്ലാം കോടതി തള്ളി.
ഭരണഘടനയുടെ 239ാം വകുപ്പ് പ്രകാരം ഡല്‍ഹി കേന്ദ്ര ഭരണ പ്രദേശമാണ്. പോലിസ്, ഭൂമി, ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഇടപെല്‍ എന്നിവയുടെ കാര്യത്തില്‍ അന്തിമ തീരുമാനം രാഷ്ട്രപതിയുടെ നോമിനിയായ ലഫ്. ഗവര്‍ണര്‍ക്കും. ലഫ്. ഗവര്‍ണറുടെ അംഗീകാരമില്ലാതെ സിഎന്‍ജി ഫിറ്റ്‌നസ് അഴിമതിക്കേസിലും ഡല്‍ഹി ക്രിക്കറ്റ് ഭരണസമിതി അഴിമതിയിലും അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ശരിയല്ല. ലഫ്. ഗവര്‍ണര്‍ക്ക് യാതൊരു തരത്തിലുള്ള അധികാരവും ഇല്ലെന്ന ഡല്‍ഹി സര്‍ക്കാരിന്റെ വാദം അര്‍ഥശൂന്യമാണെന്നു കോടതി അഭിപ്രായപ്പെട്ടു. അധികാരത്തില്‍ എത്തിയ ശേഷം ലഫ്. ഗവര്‍ണറുടെ അംഗീകാരമില്ലാതെ മുഖ്യമന്ത്രി കെജ്‌രിവാള്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ കോടതി റദ്ദാക്കി.  ഹൈക്കോടതി വിധിയോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങും തമ്മില്‍ നിലനിന്ന അധികാരത്തര്‍ക്കത്തിനു താല്‍ക്കാലിക പരിഹാരമായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക