|    May 25 Thu, 2017 8:39 am
FLASH NEWS

അധികാരത്തര്‍ക്കം: ഡല്‍ഹി സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്

Published : 6th August 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്ര ഭരണപ്രദേശമായ ഡല്‍ഹിയുടെ ഭരണച്ചുമതല ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണെന്ന ഹൈക്കോടതി ഉത്തരവു ചോദ്യംചെയ്ത് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സുപ്രിംകോടതിയിലേക്ക്. ഹൈക്കോടതി വിധി ചോദ്യംചെയ്ത് ഒരാഴ്ചയ്ക്കകം ഹരജി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.
ഡല്‍ഹിയുടെ സംസ്ഥാനപദവി സംബന്ധിച്ച കോടതിവിധിയില്‍ കൂടുതല്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് എഎപി സര്‍ക്കാര്‍ നേരത്തേ നല്‍കിയ ഹരജി ഇന്നലെ സുപ്രിംകോടതി പരിഗണിക്കാനെടുത്തപ്പോഴാണ് ഡല്‍ഹി സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ ഹരജി ഫയല്‍ചെയ്യാനും ജസ്റ്റിസുമാരായ എ കെ സിക്രിയും എന്‍ വി രമണയും അടങ്ങുന്ന ബെഞ്ച് സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരുമായുള്ള അധികാരത്തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേന്ദ്ര ഭരണപ്രദേശമായ ഡല്‍ഹിയുടെ ഭരണച്ചുമതല ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണെന്നും അദ്ദേഹത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനത്തെ മന്ത്രിസഭയ്ക്കു തീരുമാനങ്ങള്‍ കൈക്കൊള്ളാനാവില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ വിധി.
ഡല്‍ഹി ഒരു കേന്ദ്രഭരണ പ്രദേശമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കെ ഇനി അതിലെന്തു വിശദീകരണമാണു വേണ്ടതെന്നും കീഴ്‌ക്കോടതി വിധിക്കെതിരേ നിങ്ങള്‍ക്കു വേണമെങ്കില്‍ ഹരജി സമര്‍പ്പിക്കാമെന്നും സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് അറിയിച്ചു. ഇതോടെയാണ് ഡല്‍ഹി സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് ഈയാഴ്ച തന്നെ അപ്പീല്‍ ഫയല്‍ചെയ്യുമെന്ന് അറിയിച്ചത്. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഇങ്ങോട്ട് ഹരജിയുമായി വരാന്‍ നിങ്ങള്‍ നാണിക്കേണ്ടതില്ല. നിങ്ങള്‍ക്കിപ്പോള്‍ കഴിഞ്ഞദിവസത്തെ ഹൈക്കോടതി വിധിയെ ചോദ്യംചെയ്യാം.
എന്നാല്‍, ഡല്‍ഹിയുടെ സംസ്ഥാനപദവി സംബന്ധിച്ച നിലവിലെ ഹരജിക്കു പ്രസക്തിയില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം ഭരണഘടനയുടെ 131ാം വകുപ്പിനു കീഴില്‍ വരുമോ എന്നാണ് തങ്ങള്‍ക്ക് അറിയേണ്ടതെന്ന് ഇന്ദിര ജെയ്‌സിങ് പറഞ്ഞു.
എന്നാല്‍, ഇതുസംബന്ധിച്ച് സമാന്തരവാദം കേള്‍ക്കല്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി പറഞ്ഞു. കേസ് ഈ മാസം 29നു വീണ്ടും പരിഗണിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day