|    Mar 21 Wed, 2018 5:10 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

അധികാരകേന്ദ്രങ്ങളും സ്വന്തം സന്തതികളും

Published : 13th June 2016 | Posted By: SMR

slug-vettum-thiruthum”അവനുവേണ്ടി ഒരാളോടും എനിക്ക് ശുപാര്‍ശ ചെയ്യേണ്ടിവന്നിട്ടില്ല. എന്റെ മകനാണെന്ന് അവനും ആരോടും പറയാറില്ല. മകനാവട്ടെ, ഭാര്യയാവട്ടെ എന്റെ ഒരു കാര്യത്തിലും ഇടപെടാറില്ല. ഞങ്ങളുടെ വീട്ടില്‍ ജോലിക്കാരൊന്നുമില്ല. എല്ലാ കാര്യങ്ങളും ഭാര്യ തന്നെയാണ് നോക്കുന്നത്.”
കേരളത്തിലെ പരക്കെ പ്രശസ്തനായ ഒരു രാഷ്ട്രീയനേതാവ്, സ്വന്തം കഥ പറയുന്ന കൂട്ടത്തില്‍ മേല്‍ച്ചൊന്നതും വായിച്ചെടുക്കാനായി. വിശ്വസിക്കാന്‍ പ്രയാസം തോന്നി. കാരണം, മന്ത്രിമാര്‍, രാഷ്ട്രീയപ്രമുഖര്‍, സംഘടന-പ്രസ്ഥാന നേതാക്കളൊക്കെയും മേല്‍ച്ചൊന്നതിനു നേരെ വിരുദ്ധമാണ്. പ്രസംഗം വേറെ, പ്രവൃത്തി വേറെ.
ഒരാള്‍ മന്ത്രിയാവുന്നതും പ്രസ്ഥാന നായകനാവുന്നതുമൊക്കെ ഇക്കാലം മക്കള്‍ക്ക്, കുടുംബത്തിന് പൊതുസമൂഹത്തില്‍ സൈ്വരവിഹാരം നടത്താനാണ്. പിതാവിന്റെ കെയറോഫില്‍ പല സ്ഥാനമാനങ്ങള്‍ ഒപ്പിക്കാനും ബാങ്ക് ബാലന്‍സ് വര്‍ധിപ്പിക്കാനും ലോകപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സഹയാത്രികമാര്‍ക്കൊപ്പം സന്ദര്‍ശിക്കാനും ഇവര്‍ വളഞ്ഞ വഴികള്‍ സ്വീകരിക്കുന്നു. ഖജനാവിലെ കാശടക്കം ധൂര്‍ത്തടിക്കുന്നു. ഇതില്‍ കമ്മ്യൂണിസ്റ്റെന്നോ കോണ്‍ഗ്രസ്സെന്നോ ഹിന്ദു-ക്രൈസ്തവ-മുസ്‌ലിമെന്നോ ജൈന-ബുദ്ധമതക്കാരെന്നോ യാതൊരു വകഭേദങ്ങളുമില്ല. കൈയിട്ടുവാരി കീശ വീര്‍പ്പിക്കുക തന്നെ.
കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ ഏറെ പഴികേട്ടത് മക്കള്‍ക്കു വേണ്ടി വഴിവിട്ട് പ്രവര്‍ത്തിച്ചതിനാണ്. പക്ഷേ, ജനം പ്രശ്‌നം മനസ്സിലാക്കി അദ്ദേഹത്തിന്റെ മക്കളെ ഒരു പരിധിക്കപ്പുറം ഉയരങ്ങളിലേക്കു കടത്തിവിടാറില്ല. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മകന്‍ അരുണ്‍കുമാര്‍ പല ‘കളികള്‍ക്കും’ കൂട്ടുനിന്നതായി പാര്‍ട്ടിയില്‍ തന്നെ ചര്‍ച്ചയുണ്ടായി. പുതിയ ഇടതു മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ അന്ന് അച്ഛന്റെ പദവി സംബന്ധിച്ച് കുറിപ്പ് എഴുതിയതും പാര്‍ട്ടി സെക്രട്ടറിയുടെ കീശയില്‍ അതെത്തിച്ചതിനും പിന്നില്‍ അച്യുതാനന്ദന്റെ മകനും പങ്കുണ്ടായിരുന്നു എന്നാണ് വരികള്‍ക്കിടയില്‍ വായിക്കാന്‍ സാധിക്കുന്നത്. കേരളം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത്തരം വിഷയങ്ങളില്‍ നല്ലൊരു മാതൃകയായിരുന്നു മുന്‍കാലങ്ങളില്‍. സി കേശവന്‍ മകന്‍ കെ ബാലകൃഷ്ണന്‍, അച്യുതമേനോന്റെ കുടുംബാംഗങ്ങള്‍, മുസ്‌ലിം ലീഗിലെ ഖാഇദേമില്ലത്ത് ഇസ്മയില്‍ സാഹിബ് തുടങ്ങി ഒട്ടേറെ സമുന്നത വ്യക്തിത്വങ്ങളും അവരുടെ മക്കളും ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നത് അവര്‍ സ്വന്തത്തിനു വേണ്ടി ഒരു ഫോണ്‍കോള്‍ പോലും ചെലവാക്കിയില്ല എന്നതിനാലാണ്.
അപവാദങ്ങളില്‍നിന്ന് ഒഴിവാകാന്‍, സന്താനങ്ങളുടെ പേരില്‍ വഴിവിട്ട് പ്രവര്‍ത്തിക്കാതിരിക്കാന്‍ ഉന്നതങ്ങളില്‍ വിരാജിക്കുന്നവര്‍ സ്വീകരിക്കേണ്ട അച്ചടക്ക മര്യാദകള്‍, പുതിയ കാലത്ത് മന്ത്രിമാരും പ്രസ്ഥാനനേതാക്കളും കൈക്കൊള്ളേണ്ട മുഖ്യ നിലപാട് എന്താണ്. അധികാരകേന്ദ്രങ്ങളില്‍നിന്ന് കുടുംബത്തെ പൂര്‍ണമായും അകറ്റിനിര്‍ത്തുക എന്നതാണ് പാലിക്കാവുന്ന ഒരു നടപ്പാക്കാനാവാത്ത ലൈന്‍. മക്കളെ കൂടെ താമസിപ്പിക്കരുതെന്നോ അവരെ പൂര്‍ണമായി ഒഴിവാക്കിനിര്‍ത്തണമെന്നോ അല്ല വിവക്ഷ. ഫയലില്‍ തൊട്ടുകളിക്കാന്‍ വിടരുത്. വൗച്ചര്‍ ഒപ്പിടാന്‍ അനുവദിക്കരുത്.
എനിക്കു പരിചയമുള്ള ഒരു ഉശിരന്‍ പ്രസ്ഥാന നേതാവ് ഇപ്പോള്‍ വാര്‍ധക്യത്തിന്റെ അവശതകളിലാണ്. സ്വന്തം പുത്രിയുടെ കല്യാണത്തിന് ക്ഷണിക്കാതെ വന്ന കേന്ദ്രമന്ത്രി സ്വര്‍ണ ഉരുപ്പടി വാഗ്ദാനം ചെയ്തപ്പോള്‍ നിരസിച്ചു എന്നൊക്കെ അദ്ദേഹത്തെ പറ്റി ‘ഐതിഹ്യങ്ങള്‍’ അനുയായികള്‍ പ്രചരിപ്പിക്കുന്നുണ്ട്. ആണ്‍മക്കളെ പ്രസ്ഥാനത്തിന്റെ താക്കോല്‍സ്ഥാനങ്ങളില്‍ കൊണ്ടിരുത്താന്‍ ഈ വൃദ്ധ താപസന്‍ ഇന്ന് സദാ ജാഗരൂകമാണ്. കേന്ദ്രമന്ത്രി നല്‍കിയ ഉരുപ്പടി വിദ്വാന്‍ സ്വീകരിച്ചു എന്നതാണു സത്യം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍നിന്നു വിജയിച്ച ബിജെപി നേതാവിന്റെ മകന്‍ പ്രശസ്തനായൊരു നല്ല കലാകാരനാണ്. ഇന്നോളം തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഭാഗ്യം സിദ്ധിക്കാത്ത പിതാവിനുവേണ്ടി കലാകാരന്‍ ശരിക്കും ഇറങ്ങിക്കളിച്ചതിന്റെ ‘അറിയാക്കഥകള്‍’ കേരളത്തിലിപ്പോള്‍ അങ്ങാടിപ്പാട്ടാണ്. വരുംകാലങ്ങളില്‍ പിതാവിന്റെ ഡല്‍ഹി പിടിപാടുകളുടെ കയറിലൂടെ ഊര്‍ന്ന് കലാകാരനായ പുത്രന്‍ എന്തൊക്കെ അതിസാഹസങ്ങളാണ് അനുഷ്ഠിക്കുക എന്നത് അറിയാനിരിക്കുന്നതേയുള്ളൂ.
മക്കള്‍ അനുഗ്രഹമാണ് എന്നൊക്കെ പ്രസംഗിക്കുന്നവര്‍, കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മത്തില്‍ മക്കളായി പുനരവതരിക്കുന്നതെന്ന കാര്യം മനസ്സിലാക്കുന്നതാണ് രാജ്യത്തിനു ഭംഗി.
സ്വന്തം അനന്തരവന്‍ കൊച്ചുഗോവിന്ദന്‍ ചാത്തുമാമ കൊച്ചി പ്രധാനമന്ത്രിപദത്തിലെത്തിയപ്പോള്‍ സുഖിക്കാന്‍ കോപ്പുകൂട്ടി. വികെഎന്‍ കഥാപാത്രമായ സര്‍ ചാത്തു അര്‍ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞു:
”ഈ കട്ടിലുകണ്ട് പനിക്കല്ലോ കോയ്ന്നാ… ഭക്ഷണം കഴിച്ച് വേഗം സ്ഥലംവിട്ടോ.”

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss