|    Dec 15 Sat, 2018 7:18 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

അധികാരം താഴേക്കിറങ്ങണം

Published : 2nd September 2018 | Posted By: kasim kzm

അവകാശങ്ങള്‍ നിഷേധങ്ങള്‍ – ബാബുരാജ് ബി എസ്

തകഴിയുടെ പ്രശസ്തമായ നോവലാണ് കയര്‍. തിരുവിതാംകൂറിലെ 250 വര്‍ഷത്തെ കഥ പറയുന്ന നോവല്‍ ആരംഭിക്കുന്നത്, ഭൂമി തരംതിരിച്ച് ഉടമസ്ഥാവകാശം നിശ്ചയിച്ച് നികുതി നിര്‍ണയിക്കുന്ന ക്ലാസിപ്പേറെന്ന ഉദ്യോഗസ്ഥന്റെ കടന്നുവരവോടെയാണ്. ആ കടന്നുവരവ് സമുദായത്തില്‍ വലിയ വാര്‍ത്തയായിരുന്നു. ക്ലാസിപ്പേര്‍ സുന്ദരനാണ്, ഭാര്യ കറുത്തു തടിച്ച ഒരുവളും. സുന്ദരനായ ഭര്‍ത്താവിന്റെ സുന്ദരിയല്ലാത്ത ഭാര്യയായിരുന്നു നാട്ടുകാരുടെ ആദ്യ കൗതുകം. ദരിദ്രരും ധനികരും അവര്‍ക്കാകുവോളം കാഴ്ചയുമായി ഏമാനെ കാണാനെത്തി കാഴ്ചവച്ചു മടങ്ങി. ചക്കയും മാങ്ങയും ഏത്തക്കയും നാളികേരവും പയറും പടവലവും… അതായിരുന്നു അവരുടെ പണം. പരിധി വിട്ടപ്പോള്‍ ക്ലാസിപ്പേറുടെ വീട് പച്ചക്കറി അഴുകിയ അഴുക്കുകൂനയായി. നഗരവാസിയായ ക്ലാസിപ്പേര്‍ക്ക് കുതിരപ്പവനാണു പണം. കാഴ്ച കുതിരപ്പവനാവണമെന്ന് ഉത്തരവുണ്ടായി. ആളുകള്‍ നെട്ടോട്ടമായി. ക്ലാസിപ്പേറെ പിണക്കിയാല്‍ കുഴപ്പം പലതാണ്. വിത്തു നട്ടാല്‍ കിളിര്‍ക്കാത്ത കുന്നില്‍ മുകളും പാറക്കെട്ടും കണ്ടെഴുത്ത് രജിസ്റ്ററില്‍ അത്തരക്കാരുടെ പേരില്‍ ചേര്‍ക്കപ്പെടും. അവരതിനു നികുതി കൊടുത്തു മുടിയുകയും ചെയ്യും. പിന്നീടങ്ങോട്ട് പ്രാദേശികാധികാരത്തിന്റെ ആള്‍രൂപമായി ക്ലാസിപ്പേര്‍ മാറുന്നതെങ്ങനെയെന്ന് തകഴി വരച്ചിടുന്നു. അധികാരത്തിന്റെ പ്രവര്‍ത്തനത്തില്‍ കേന്ദ്രീകൃതമായ ഘടനയുടെ പങ്കാണ് സാധാരണ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുക. പ്രാദേശികാധികാരം അതിന്റെ ചിരപരിചിതത്വംകൊണ്ടും സാധാരണത്വം കൊണ്ടും നമ്മുടെ ശ്രദ്ധയില്‍ നിന്ന് വഴുതിക്കളയും. ചില സമയത്ത് അത് അധികാരമാണെന്നുപോലും തിരിച്ചറിയാന്‍ കഴിയണമെന്നില്ല. ഭര്‍ത്താവ് ഭാര്യക്കു നേരെ, കാമുകന്‍ കാമുകിക്കു നേരെ, അച്ഛന്‍ മകള്‍ക്കു നേരെ, അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ഒക്കെ ഇത്തരം അധികാരം പ്രയോഗിക്കുന്നു. രക്ഷാകര്‍തൃത്വത്തിന്റെ ബലത്തില്‍ പലപ്പോഴും അത് ന്യായീകരിക്കപ്പെടും. ഇത്തരം അധികാരങ്ങളെ ദേവിക, സൗമ്യാധികാരമെന്നാണു വിളിക്കുന്നത്. പ്രാദേശികാധികാരം, സൗമ്യാധികാരത്തേക്കാള്‍ സങ്കീര്‍ണമാണ്. അതെങ്ങനെ ജാതിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്ന് പഠിക്കാന്‍ ശ്രമിച്ചയാള്‍ അംബേദ്കറാണ്. അധികാരം വിദൂരസ്ഥമായ ഇടങ്ങളില്‍ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കരുതി. ശക്തമായ കേന്ദ്രം പ്രാദേശികാധികാരത്തെ അപ്രസക്തമാക്കുമെന്നായിരുന്നു ധാരണ. പില്‍ക്കാലത്ത് ഈ ധാരണ ചോദ്യംചെയ്യപ്പെടുകയുണ്ടായി. പ്രാദേശികാധികാരം പ്രളയകാല ദുരിതാശ്വാസക്യാംപുകളില്‍ എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് ഈ സമയം പുറത്തുവന്ന പല സംഭവങ്ങളും തെളിയിക്കുന്നു. ബഹുജനങ്ങളുടെ മുന്‍കൈയില്‍ വന്നുചേര്‍ന്ന സാധനസാമഗ്രികള്‍ പ്രമുഖ പാര്‍ട്ടികളുടെ കൈകളിലൂടെ മാത്രമേ കടന്നുപോകാവൂ എന്ന് ചിലരെങ്കിലും നിര്‍ബന്ധം പിടിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനസമയത്ത് ലളിതമനസ്‌കരായി വിശാലഹൃദയരായി മൗനമായിരുന്ന പോലിസ് ദുരിതാശ്വാസ ക്യാംപുകളില്‍ പൊടുന്നനെ ഈ പ്രാദേശികാധികാരത്തിന്റെ കൈയില്‍ കളിക്കുന്ന പാവകളായി. ദുരിതാശ്വാസം ലഭിക്കാന്‍ മാത്രമല്ല, നല്‍കാനും ചില പ്രിവിലേജുകള്‍ വേണമെന്ന വാശിയായിരുന്നു, പോലിസിനും പ്രാദേശികാധികാരികള്‍ക്കും. ഭരണകക്ഷിയുടേതല്ലാത്ത എല്ലാ സന്നദ്ധപ്രവര്‍ത്തകരും ക്യാംപിന്റെ പരിസരങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടു. ഭരണകക്ഷി നേതാക്കളുടെ അധികാരപ്രയോഗം ചില ഘട്ടങ്ങളില്‍ പരിധി വിട്ടതിന്റെ ദൃശ്യങ്ങള്‍ നാം കാണുകയുണ്ടായി. ദുരിതബാധിതര്‍ തങ്ങളുടെ വാതില്‍പ്പടികളില്‍ ഔദാര്യത്തിനായി കാത്തിരിക്കണമെന്ന് അവര്‍ ആഗ്രഹിച്ചിരിക്കണം. പ്രാദേശികാധികാരവും സ്റ്റേറ്റും കൈകോര്‍ക്കുന്നതിന്റെ സൂചനകളും ഇക്കാലത്ത് സമൃദ്ധം. ഔദാര്യം തന്നെ അധികാരമായി മാറിയതിന്റെ കഥകളും കേട്ടിരുന്നു. അതേസമയം, രക്ഷിക്കാന്‍ വൈകിയതില്‍ കോപാകുലനായി സൈനികരോട് കയര്‍ത്തു സംസാരിച്ച ദുരിതബാധിതന്‍ നമുക്ക് പുതിയ അനുഭവമാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇരകളുടെ പരിചിത ധാരണകളെ പൊളിച്ചുകളയുന്നു, അദ്ദേഹം. ക്ലാസിപ്പേറുടെ കഥയില്‍ ഇതുവരെ പറഞ്ഞതല്ലാത്ത മറ്റൊരു പ്രാധാന്യമുണ്ട്. അധികാരം തിരുവനന്തപുരത്ത് കേന്ദ്രീകരിച്ചിരിക്കുകയാണെങ്കിലും ക്ലാസിപ്പേര്‍ കണ്ടെഴുത്തു നടത്താനായി നാട്ടിന്‍പുറത്തേക്ക് നേരിട്ടെത്തുകയാണ്. അധികാരം പുറത്തിറങ്ങി നടക്കുകയാണ്, കൈയില്‍ പത്തു വിരലിലും മോതിരവുമായാണെങ്കിലും. പ്രളയദിനങ്ങളില്‍ തന്റെ ആധാര്‍ കാര്‍ഡ് കണ്ടെടുക്കാന്‍ രക്ഷാപ്രവര്‍ത്തകരോട് കെഞ്ചിനടന്ന ഒരു സ്ത്രീയെ പറവൂരില്‍ ഈ എഴുതുന്ന ആള്‍ കണ്ടുമുട്ടുകയുണ്ടായി. വീട്ടുസാധനങ്ങളും വസ്ത്രങ്ങളും അടക്കം എല്ലാം നഷ്ടപ്പെട്ട അവര്‍ക്ക് ഉടുതുണിയല്ലാതെ മറ്റൊന്നും കൈയിലില്ലായിരുന്നു. എന്നിട്ടും അവര്‍ തിരഞ്ഞത് ആധാര്‍ കാര്‍ഡ് മാത്രമായിരുന്നു. പണ്ടുള്ളവര്‍ റേഷന്‍ കാര്‍ഡാണ് പൊന്നുപോലെ എടുത്തുവച്ചിരുന്നത്. അതവരുടെ ആധാരം മാത്രമല്ല, ഭക്ഷണവും കൂടിയായിരുന്നല്ലോ. പുതിയ കാലം ആധാറിന്റേതാണ്. ആധാറിന്റെ അഭാവം തങ്ങളെ പൗരത്വത്തില്‍ നിന്ന് പുറത്താക്കുമെന്ന് പറവൂരിലെ ആ സാധുസ്ത്രീക്കറിയാം. വീട്ടില്‍ വെള്ളം കയറിയതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി വില്ലേജ് ഓഫിസില്‍ എത്താനാണ് ചിലര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ക്ലാസിപ്പേര്‍ പോലും നാട്ടിലിറങ്ങി വിവരങ്ങള്‍ ശേഖരിച്ചെങ്കില്‍ ജനകീയ സര്‍ക്കാരുകളുടെ ദൂതന്മാര്‍ ദുരിതബാധിതരോട് തെളിവുകളുമായി ഹാജരാവാന്‍ ആവശ്യപ്പെടുന്നു. എന്തു തെളിവായിരിക്കും അവര്‍ ആവശ്യപ്പെടുന്നത്? എന്തുകൊണ്ട് സര്‍ക്കാരിന്റെ ഏജന്‍സികള്‍ക്ക് നേരിട്ട് തെളിവുകള്‍ ശേഖരിച്ചുകൂടാ? വേണമെങ്കില്‍ കുറച്ചുകാലം തങ്ങളുടെ ജോലി മാറ്റിവയ്ക്കാവുന്ന എത്രയോ വകുപ്പുകള്‍ നമ്മുടെ സര്‍ക്കാരിനു കീഴിലുണ്ട്. എന്തുകൊണ്ട് ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ തെളിവുകള്‍ ശേഖരിക്കാന്‍ വിന്യസിച്ചുകൂടാ? തങ്ങള്‍ ആരാണെന്നു തെളിയിക്കുന്ന രേഖകളുമായി അധികാരം അഹങ്കാരത്തോടെ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനായി ഈ ഹതഭാഗ്യരായ മനുഷ്യരെ ഇനിയും വിട്ടുകൊടുക്കണോ? ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss