|    Apr 24 Tue, 2018 4:17 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

അധികാരം ജനങ്ങളിലേക്ക് നേരിട്ട്

Published : 1st June 2016 | Posted By: SMR

അശീഷ് കോത്താരി

തീര്‍ച്ചയായും ഇന്ത്യയില്‍ ജനാധിപത്യം ശക്തിപ്പെടുകയാണ്. കഴിഞ്ഞുപോയ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലല്ല ഞാനിതു പറയുന്നത്. ജനാധിപത്യം എന്ന സങ്കല്‍പം തിരഞ്ഞെടുപ്പുമാമാങ്കങ്ങളെ മാത്രം ഉദ്ദേശിച്ച് ആയിപ്പോവുന്നു എന്നതു ഒരു ദുരന്തംതന്നെയാണ്. ഇങ്ങനെ അധികാരത്തിലേറ്റപ്പെടുന്ന രാഷ്ട്രീയക്കാരെയും അവരുടെ കൂടെയുള്ള ഉദ്യോഗസ്ഥപ്പടയെയും ജനം നിരന്തരം ആശ്രയിക്കേണ്ടിവരുകയും ചെയ്യുന്നുണ്ട്. ചില സമയത്ത് ഈ പ്രതാപശാലികളായ ഭരണാധികാരികള്‍ യാതൊന്നും ചെയ്യാതെ ജനങ്ങളെ വഞ്ചിക്കുന്നു. മറ്റു ചിലപ്പോള്‍ അവര്‍ അധികാരം ദുരുപയോഗപ്പെടുത്തുകയും അഴിമതിയില്‍ ആറാടുകയും ചെയ്യുന്നു. അത്തരം അവസരങ്ങളില്‍ ജനങ്ങള്‍ പ്രകോപിതരാവുകയും പകരംവീട്ടാനായി അടുത്ത തിരഞ്ഞെടുപ്പുവരെ കാത്തിരിക്കുകയും ചെയ്യാറുമുണ്ട്. എന്നാല്‍, ഇതല്ല ജനാധിപത്യം എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്.
സമീപകാലത്ത് പുറത്തുവന്ന നിരവധി വാര്‍ത്തകളില്‍നിന്ന് ജനാധിപത്യത്തെ സംബന്ധിച്ച വ്യത്യസ്തമായ ഒരു സങ്കല്‍പം ഉയര്‍ന്നുവരുന്നുണ്ട്. ഡെമോക്രസി എന്ന ഗ്രീക്ക് വാക്കിന്റെ യഥാര്‍ഥ അര്‍ഥത്തിലേക്കും അന്തസ്സത്തയിലേക്കും നമ്മെ നയിക്കുന്ന ചില അടിസ്ഥാനപരമായ മാറ്റങ്ങളാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ജനങ്ങള്‍ കുറേക്കൂടി നേരിട്ട് അധികാരം പ്രയോഗിക്കുന്ന പുതിയ രീതികള്‍ വികസിച്ചുവരുന്നുണ്ട്. തീരുമാനങ്ങള്‍ എടുക്കുന്ന വിഷയത്തില്‍ ഇങ്ങനെ ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം എന്ന പ്രക്രിയ ഈയിടെയായി വ്യാപിച്ചുവരുന്നുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 16നാണ് റായ്ഗഡ്, ഛത്തീസ്ഗഡ് പ്രദേശങ്ങളിലെ ആദിവാസി ഗ്രാമങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ പ്രദേശങ്ങളില്‍ ഖനനപ്രവര്‍ത്തനം നടത്താനുള്ള നീക്കങ്ങള്‍ തടയുന്ന തീരുമാനം എടുത്തത്. ഇൗസ്‌റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് ആയിരുന്നു ഇവിടങ്ങളില്‍ ഖനനപ്രവര്‍ത്തനത്തിന് അനുമതി തേടിയത്. എന്നാല്‍, അതു നിഷേധിച്ചുകൊണ്ട് ഏകകണ്ഠമായി തീരുമാനമെടുത്തത് ആദിവാസി ഗ്രാമങ്ങളിലെ ജനങ്ങളാണ്.
മാര്‍ച്ച് 23ന് ഒഡീഷയിലെ കൊയ്ദ താലൂക്കിലെ കമന്ദ ഗ്രാമസഭ, തങ്ങളുടെ ഭൂമി വ്യവസായാവശ്യത്തിനു കൈമാറേണ്ടതില്ല എന്ന തീരുമാനം സ്വീകരിക്കുകയുണ്ടായി. ഒഡീഷയിലെ വ്യവസായ വികസന കോര്‍പറേഷന്‍ നടത്തുന്ന ഖനനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള അനുമതിയാണ് ആ പ്രദേശത്തെ ജനങ്ങള്‍ ഹിതപരിശോധനയിലൂടെ നിഷേധിച്ചത്.
ഹിമാചല്‍പ്രദേശിലെ ക്ഷാംഗ് ജലവൈദ്യുതപദ്ധതിക്ക് അനുമതി നല്‍കുന്നതിനുമുമ്പ് ബന്ധപ്പെട്ട ഗ്രാമപ്പഞ്ചായത്തുകളുടെ അനുമതി തേടേണ്ടതാണ് എന്ന് മെയ് 4ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ സുപ്രധാനമായ ഒരു വിധിയിലൂടെ വ്യക്തമാക്കി. ഹിമാചല്‍പ്രദേശിലെ കിന്ന്വാര്‍ ജില്ലയിലെ ലിപ്പ ഗ്രാമപ്പഞ്ചായത്തിലെ ജനങ്ങളുടെ തീരുമാനമാണ് ഇതില്‍ സുപ്രധാന ഘടകമായി വരുക. പദ്ധതിക്കെതിരായി പഞ്ചായത്തിലെ 1200ലധികം വരുന്ന ജനങ്ങള്‍ ഏഴു വര്‍ഷമായി സമരത്തിലാണ്.
മെയ് ആറിന് സുപ്രിംകോടതി നിയംഗിരി കുന്നുകളിലെ ഖനനം സംബന്ധിച്ച മറ്റൊരു സുപ്രധാന വിധിയും നല്‍കുകയുണ്ടായി. ഗ്രാമസഭകള്‍ വീണ്ടും വിളിച്ച് ഖനനാനുമതി തേടാനുള്ള ഒഡീഷ ഖനന കോര്‍പറേഷന്റെ നീക്കമാണ് സുപ്രിംകോടതി തടഞ്ഞത്. 2013ല്‍ ഈ ആവശ്യം ബന്ധപ്പെട്ട ഗ്രാമസഭകള്‍ തള്ളിയതാണ്. അന്ന് ഖനന കോര്‍പറേഷന്റെ ആവശ്യം ഗ്രാമസഭ തള്ളിയ കാര്യം ചൂണ്ടിക്കാട്ടിയ കോടതി, അക്കാര്യത്തില്‍ പുനപ്പരിശോധന വേണമെങ്കില്‍ ബന്ധപ്പെട്ട സമിതികളെയാണു സമീപിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി.
ഇത്തരത്തില്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ വിവിധ തലങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന ഈ മാറ്റങ്ങളുടെ പ്രാധാന്യമെന്താണ്? ഭരണഘടനയുടെ 73, 74 ഭേദഗതികളുടെ പ്രധാന ലക്ഷ്യം ഗ്രാമങ്ങളിലും നഗരങ്ങളിലും കൂടുതല്‍ പ്രത്യക്ഷ ജനായത്തഭരണം എന്നുള്ളതായിരുന്നു. എന്നാല്‍, രണ്ടു പതിറ്റാണ്ടുകാലമായിട്ടും ഈ രംഗത്തു കാര്യമായ പുരോഗതിയൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. വ്യത്യസ്തത അനുഭവപ്പെട്ടത് ജനങ്ങള്‍ അധികാരം നേരിട്ടു കൈയാളാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മാത്രമായിരുന്നു. ഉദാഹരണത്തിന്, മധ്യഭാരതത്തിലെ ആദിവാസി പ്രദേശങ്ങളില്‍ ആദിവാസി സ്വയംഭരണം നടക്കുന്ന പ്രദേശങ്ങള്‍. കേരളത്തില്‍ ജനകീയാസൂത്രണ പരിപാടിയും ഈ ദിശയിലുള്ള പുരോഗമനപരമായ ഒരു നീക്കമായിരുന്നു. എന്നാല്‍, പ്രാദേശിക ജനതയുടെ എതിര്‍പ്പുകളെ മറികടക്കാനുള്ള അവകാശം ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ നിലനിര്‍ത്തുകയുണ്ടായി. അതിന്റെ ഫലമായി വികസനകാര്യങ്ങളില്‍ തീരുമാനം മുകളില്‍നിന്നു താഴേക്ക് അടിച്ചേല്‍പിക്കുകയായിരുന്നു. സാധാരണ ജനങ്ങളും സമൂഹങ്ങളും ഇത്തരം കാര്യങ്ങളില്‍ നിയമപരമോ സാമ്പത്തികമോ ആയ കാര്യമായ അധികാരമൊന്നും ഇല്ലാതെയാണു കഴിഞ്ഞുകൂടിയത്.
നിയംഗിരി കുന്നുകളില്‍ വേദാന്ത കമ്പനിക്ക് ഖനനം നടത്താനുള്ള അനുമതി സംബന്ധിച്ച തര്‍ക്കത്തിലാണ്, ബന്ധപ്പെട്ട പ്രദേശത്തെ ജനങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും വികസനപദ്ധതി സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അവകാശം ലഭ്യമായിത്തുടങ്ങിയത്. പദ്ധതി വേണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം പ്രദേശത്തെ ജനങ്ങള്‍ക്കു ലഭ്യമായി. 2013 ഏപ്രിലിലെ സുപ്രിംകോടതി ഉത്തരവുപ്രകാരം പ്രദേശത്ത് കഴിയുന്ന ദോംഗ്രിയ ഖോണ്ട് ജനങ്ങളുടെ ഗ്രാമസഭ വിളിച്ച് അവരുടെ അഭിപ്രായം തേടാനാണു കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പ്രദേശത്തെ 12 ഗ്രാമസഭകളും തങ്ങളുടെ പ്രദേശത്ത് ഖനനം വേണ്ട എന്ന തീരുമാനമാണ് എടുത്തത്. അങ്ങനെയാണ് ഖനനാനുമതി പിന്‍വലിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം തീരുമാനമെടുത്തത്. തങ്ങളുടെ ഇംഗിതം നടപ്പാക്കിക്കിട്ടാനായി 2016 ആദ്യം ഒഡീഷ സര്‍ക്കാര്‍ വീണ്ടും സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ആദിവാസികളെ ഭീഷണിപ്പെടുത്തി തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനുള്ള എല്ലാ നീക്കങ്ങളും സര്‍ക്കാര്‍ ഇതിനകം പൂര്‍ത്തിയാക്കിയിരുന്നു. അതിനായി നിരവധി ആദിവാസിപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും തടവിലിടുകയും ചെയ്തു. ചിലരെ വധിക്കുകയുമുണ്ടായി. പോലിസിന്റെ നരനായാട്ട് ഗ്രാമങ്ങളില്‍ അരങ്ങേറി. എന്നാല്‍, ഭരണകൂടഭീകരതയ്‌ക്കെതിരേ ജനങ്ങള്‍ ശക്തിയായി ഉറച്ചുനിന്നു. സുപ്രിംകോടതിയുടെ പുതിയ തീരുമാനം അവരുടെ കരങ്ങള്‍ക്കു ശക്തിപകരുന്നുണ്ട്.
2006ലെ വനാവകാശ നിയമവും മിക്ക പ്രദേശങ്ങളിലും നടപ്പാക്കപ്പെടാതെ കിടക്കുകയായിരുന്നു. എന്നാല്‍, സമീപകാലത്ത് അതിലും വലിയ മാറ്റങ്ങള്‍ വരുന്നത് കാണാനുണ്ട്. തങ്ങള്‍ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന വനഭൂമിയില്‍ ആദിവാസിസമൂഹങ്ങള്‍ക്ക് അവയുടെ ഭരണത്തിലും ഉപയോഗത്തിലും നിലനില്‍പ്പിലും പങ്കാളിത്തവും അവകാശവും നല്‍കുന്നതാണു പ്രസ്തുത നിയമം. വനങ്ങളില്‍ സമൂഹങ്ങളുടെ അവകാശം നിഷേധിച്ച കൊളോണിയല്‍ നിയമങ്ങളാണ് 200 വര്‍ഷമായി രാജ്യത്തു നിലനിന്നത്.
ആദിവാസി സമൂഹങ്ങളുടെ അവകാശം സംബന്ധിച്ച ഐക്യരാഷ്ട്ര പ്രഖ്യാപനത്തില്‍ അവരുടെ ‘സ്വതന്ത്രവും മുന്‍കൂട്ടിയുള്ളതുമായ അനുവാദം’ പദ്ധതിയുടെ കാര്യത്തില്‍ അനിവാര്യമാണെന്നു പറയുന്നുണ്ട്. ഇതു പൂര്‍ണമായും ഇന്ത്യയുടെ നിയമവ്യവസ്ഥയുടെ ഭാഗമാക്കി ഇനിയും മാറ്റിയിട്ടില്ല. എന്നാല്‍, ഇപ്പോഴത്തെ നിയമരംഗത്തെ വികസനങ്ങള്‍ ഇത്തരത്തിലുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ രാജ്യത്തെ ആദിവാസിജനതയുടെ ക്ഷേമത്തിന് അനുഗുണമായി ഉപയോഗപ്പെടുത്തുന്നതിനു സഹായകമാവേണ്ടതാണ്. വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അവരുടെ പൂര്‍ണ പങ്കാളിത്തവും അനുമതിയും ഉറപ്പാക്കാന്‍ അത്തരം നിയമസംഹിതകള്‍ സഹായിക്കും.
ഗ്രാമതലങ്ങളില്‍ ജനായത്തം ശക്തിപ്പെടുത്തുന്നതിനു ശക്തമായ പ്രവര്‍ത്തനമാണ് ഇന്ന് അനിവാര്യമായിരിക്കുന്നത്. അതിനു ശക്തമായ ഭരണഘടനാസ്ഥാപനങ്ങള്‍ നിലവില്‍ വരണം. അതേസമയം, പുതിയൊരു വികസനസംസ്‌കാരവും ഉണ്ടായിവരണം. പാരിസ്ഥിതികമായി സ്വീകാര്യമായ പുതിയൊരു ക്ഷേമസംസ്‌കാരമാണ് ഇതില്‍ പ്രധാനം. ഭരണകൂടത്തിനല്ല, സാധാരണ ജനങ്ങള്‍ക്കാണ് ഇത്തരം പദ്ധതികളില്‍ മേല്‍ക്കൈ ഉണ്ടാവേണ്ടത്. ഇന്ത്യയില്‍ അത്തരത്തിലുള്ള പുതിയൊരു സമൂഹസൃഷ്ടിക്കുവേണ്ടിയുള്ള അന്വേഷണം ഇന്നു ശക്തമാണ്. നിലനില്‍ക്കുന്ന ജനാധിപത്യസമ്പ്രദായങ്ങളില്‍നിന്നും വികസന സമീപനങ്ങളില്‍ ിന്നും തുലോം വ്യത്യസ്തമായ ഒരു സമൂഹസൃഷ്ടിയാണ് അതിലൂടെ ലക്ഷ്യമിടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss