|    Oct 24 Wed, 2018 2:34 am
FLASH NEWS
Home   >  Todays Paper  >  page 10  >  

അധികാരം കൈയാളാനുള്ള മാര്‍ഗമായി കലാപങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നു : ഇറോം ശര്‍മിള

Published : 11th September 2017 | Posted By: fsq

 

കോട്ടയം: നമ്മുടെ രാജ്യമായ ഇന്ത്യ ഒരു വിഷമഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്. വര്‍ഗീയകലാപങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നവര്‍ അത് അധികാരം കൈയാളാനുള്ള മാര്‍ഗമായി കാണുന്നു. അവര്‍ മരണ സംസ്‌കാരമാണ് പിന്തുടരുന്നതെന്നും മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മിള പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ബസേലിയസ് കോളജില്‍ സംഘടിപ്പിച്ച ലോക ആത്മഹത്യ പ്രതിരോധ ദിനാചരണത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഇറോം ശര്‍മിള.എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ ഇല്ലാതാക്കുന്ന സാഹചര്യം രാജ്യത്തു നിലനില്‍ക്കുന്നു. അതിന്റെ പേരിലാണ് ഒരു പത്രപ്രവര്‍ത്തക കൊല്ലപ്പെട്ടതെന്നും ഗൗരി ലങ്കേഷിന്റെ പേരെടുത്തുപറയാതെ അവര്‍ വ്യക്തമാക്കി. ആത്മഹത്യാശ്രമ കുറ്റം എന്റെ പേരില്‍ പലപ്രാവശ്യം ആരോപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കലും ശിക്ഷിക്കപ്പെട്ടിട്ടില്ല. എനിക്ക് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നില്ല. അടുത്തിടെ ആത്മഹത്യ ചെയ്ത അനിത എന്ന 17 വയസ്സുകാരിയായ തമിഴ് ദലിത് പെണ്‍കുട്ടിയെപ്പറ്റി ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കണം. എത്രമാത്രം കഠിനാധ്വാനം നടത്തിയാലും ധനികര്‍ക്കും ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ക്കും ലഭിക്കുന്ന അവസരങ്ങള്‍ ഇന്നത്തെ വ്യവസ്ഥിതിയില്‍ തങ്ങള്‍ക്കു ലഭിക്കില്ലെന്ന ധാരണയിലാണ് ആ ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. വംശശുദ്ധീകരണത്തിന്റെ പേരില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ ഒരു രാജ്യത്തു നിന്നു പുറത്താക്കിയ സര്‍ക്കാരിനെ എങ്ങനെ ന്യായീകരിക്കാനാവുമെന്നും അവര്‍ ചോദിച്ചു.                                                                                                   ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ദിനാചരണം ഉദ്ഘാടനം ചെയ്തു. സമ്പൂര്‍ണ സാക്ഷരത നേടിയ കേരളത്തെ ആത്മഹത്യരഹിത സംസ്ഥാനമാക്കാന്‍ സര്‍ക്കാരും സന്നദ്ധ സംഘങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യകാരന്‍ ബെന്യാമിന്‍ മുഖ്യപ്രഭാഷണം നടത്തി. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഡെപ്യൂട്ടി സെക്രട്ടറി ഫാ. പി എ ഫിലിപ്പ്, ഡോ. സിബി തരകന്‍ സംസാരിച്ചു. ഡോ. വര്‍ഗീസ് പുന്നൂസിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കായി ശില്‍പശാല നടന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss