|    Dec 11 Tue, 2018 12:38 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അധികമുള്ള അസ്ഥിര ജീവനക്കാരെ പിരിച്ചുവിടണം: കെഎസ്ആര്‍ടിസി

Published : 2nd December 2018 | Posted By: kasim kzm

തിരുവനന്തപുരം: ആവശ്യത്തിലധികമുള്ള അസ്ഥിര ജീവനക്കാരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കി. 8,228 അസ്ഥിര ജീവനക്കാരാണ് അധികമായുള്ളത്. ഇവര്‍ക്ക് കാര്യമായ യാതൊരു ജോലിയുമില്ലെന്നും പിരിച്ചുവിടുകയോ മറ്റ് സ്ഥാപനങ്ങളില്‍ പുനര്‍വിന്യസിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.
സൗജന്യ യാത്രാ പാസുകള്‍ അവസാനിപ്പിക്കണമെന്നും റിപോര്‍ട്ടില്‍ കെഎസ്ആര്‍ടിസി ആവശ്യപ്പെടുന്നു. കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍കാരുടേതടക്കം എല്ലാവിധ സൗജന്യ യാത്രകളും വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷനും അവസാനിപ്പിക്കണമെന്നാണു നിര്‍ദേശം. നിലവില്‍ 1,31,234 സൗജന്യ യാത്രാ പാസുകളാണ് കെഎസ്ആര്‍ടിസി അനുവദിച്ചിട്ടുള്ളത്. മുഴുവന്‍ സൗജന്യ പാസുകളും നിര്‍ത്തലാക്കണം. ഇതിലൂടെ പ്രതിവര്‍ഷം 472 കോടിയുടെ അധിക ബാധ്യത കോര്‍പറേഷന് വരുന്നുണ്ട്. ഇല്ലെങ്കില്‍ പ്രതിമാസം 53 കോടി രൂപ സര്‍ക്കാര്‍ നല്‍കണമെന്നും ആവശ്യപ്പെടുന്നു.
വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച കണ്‍സഷനിലൂടെ പ്രതിവര്‍ഷം 67 കോടിയുടെ നഷ്ടവും നേരിടുന്നു. അല്ലെങ്കില്‍ ബാധ്യതയ്ക്ക് തത്തുല്യമായ തുക സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കണമെന്നും റിപോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. ഇതിനോടൊപ്പം കെഎസ്ആര്‍ടിസി ഇനി മുതല്‍ വാഹന സര്‍വീസ് മാത്രം നടത്തുന്നതിന് അനുവദിക്കുക. അറ്റകുറ്റപ്പണി അടക്കമുള്ളവ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുക. കൂടാതെ സ്വന്തമായി ബസ് വാങ്ങുന്നത് അവസാനിപ്പിക്കുന്നതിനും അനുമതി തേടിയിട്ടുണ്ട്. പകരം സ്വകാര്യ ബസ്സുകള്‍ റൂട്ടുകള്‍ സഹിതം വാടകയ്‌ക്കെടുത്ത് ഓടിക്കുകയെന്നതാണ് നിര്‍ദേശം. കിലോമീറ്ററിന് 15 രൂപ സ്വകാര്യ ബസ്സുകള്‍ക്ക് വാടക നല്‍കാമെന്നും ഇത് കോടികളുടെ ലാഭം കൊണ്ടുവരുമെന്നും അവകാശപ്പെടുന്നു. തൊഴിലാളികളെ പിരിച്ചുവിടലടക്കമുള്ള തച്ചങ്കരിയുടെ നടപടികള്‍ക്കെതിരേ ശക്തമായ യൂനിയന്‍ പ്രതിഷേധം തുടരുന്നതിനിടെയാണു പുതിയ നിര്‍ദേശങ്ങള്‍. ചെലവുചുരുക്കലിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങളടങ്ങിയ റിപോര്‍ട്ട് കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ തച്ചങ്കരി സര്‍ക്കാരിന് നല്‍കിയത്.
അതേസമയം പണം വാങ്ങിയശേഷം ടിക്കറ്റ് നല്‍കാതിരിക്കുന്നതുള്‍പ്പെടെ കെഎസ്ആര്‍ടിസിയിലെ പണാപഹരണക്കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ സിഎംഡി ടോമിന്‍ ജെ തച്ചങ്കരി നിര്‍ദേശിച്ചു. ഇക്കഴിഞ്ഞ 28ന് ബംഗളൂരുവില്‍ നിന്ന് നിലമ്പൂരിലേക്ക് വരികയായിരുന്ന ബസ്സിലെ യാത്രക്കാരില്‍ നിന്ന് 813 രൂപ അപഹരിച്ച സംഭവത്തെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് പണാപഹരണക്കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ സിഎംഡി നിര്‍ദേശം നല്‍കിയത്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ വകുപ്പുതലത്തില്‍ 30ന് നല്‍കി. നിര്‍ദേശത്തെ തുടര്‍ന്ന് ബംഗളൂരു-നിലമ്പൂര്‍ അന്തര്‍സംസ്ഥാന സര്‍വീസിലെ കണ്ടക്ടര്‍ എം എം ഇബ്രാഹിമിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം നിലമ്പൂര്‍ പോലിസ് കേസെടുത്തു. തട്ടിപ്പ് ബോധ്യപ്പെട്ട എംഡി വീഡിയോ കെഎസ്ആര്‍ടിസി വിജിലന്‍സിന് കൈമാറുകയും ബസ്സില്‍ മിന്നല്‍പ്പരിശോധന നടത്തിയ സംഘം തട്ടിപ്പ് കണ്ടെത്തുകയുമായിരുന്നു.
തുടര്‍ന്നാണു പണാപഹരണക്കേസുകളില്‍ ജീവനക്കാര്‍ക്കെതിരെ പോലിസ് മുഖാന്തരം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. ഇതനുസരിച്ച് കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റിനത്തിലോ അല്ലാതെയോ ഉള്ള പണാപഹരണക്കേസുകളില്‍ ജീവനക്കാര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് അനുസരിച്ചാവും കേസെടുക്കുക. ഇത്തരം സംഭവങ്ങളില്‍ യൂനിറ്റ് മേധാവികള്‍ എഫ്‌ഐആറിന്റെ പകര്‍പ്പ് അന്നേദിവസം തന്നെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിജിലന്‍സ്, ഡിജിഎം ഓപ്പറേഷന്‍സ് എന്നിവര്‍ക്ക് കൈമാറണമെന്നും എംഡി നിര്‍ദേശിച്ചിട്ടുണ്ട്.
സാധാരണ ഇത്തരം സംഭവങ്ങളില്‍ വകുപ്പുതല അന്വേഷണത്തില്‍ ഒതുങ്ങുന്നതായിരുന്നു രീതി. ഇത് തട്ടിപ്പുകാര്‍ക്ക് തുണയാവുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയതെന്ന് എംഡി പറഞ്ഞു. തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരേ യഥാസമയം പരാതി നല്‍കാനോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ തയ്യാറാവാത്ത മേലുദ്യോഗസ്ഥര്‍ക്കെതിരെയും നടപടി കൈക്കൊള്ളുമെന്നും ടോമിന്‍ തച്ചങ്കരി വെളിപ്പെടുത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss