|    Nov 22 Wed, 2017 6:26 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

അധികബാച്ചിലെ എച്ച്എസ്എസ് അധ്യാപകരുടെ ശമ്പളം ദിവസവേതനത്തിലൊതുക്കി

Published : 4th November 2016 | Posted By: SMR

തിരുവനന്തപുരം: 2014-15 അധ്യയനവര്‍ഷത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച അധിക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും ബാച്ചിലെയും അധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍ ദിവസവേതനത്തിലൊതുക്കി. ഇതോടെ തസ്തിക സൃഷ്ടിച്ച് സ്ഥിരം നിയമനം നടത്തണമെന്ന അധ്യാപകരുടെ ആവശ്യം അനിശ്ചിതത്വത്തിലായി.
കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി വേതനമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന അധ്യാപകരുടെ തസ്തിക നിര്‍ണയിച്ച് എത്രയും വേഗം ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപകസംഘടനകള്‍ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. അവസാനഘട്ടത്തില്‍ ഇടത് അധ്യാപകസംഘടനകളും പ്രശ്‌നത്തില്‍ ഇടപെട്ടു. എങ്കിലും ധനവകുപ്പിന്റെ പിടിവാശിമൂലമാണ് അധ്യാപകരുടെ ആവശ്യം അംഗീകരിക്കാതെ ദിവസവേതനത്തില്‍ ഒതുക്കിയിരിക്കുന്നതെന്ന് നോണ്‍ അപ്രൂവ്ഡ് അധ്യാപകസംഘടനകള്‍ ആരോപിച്ചു. മൂന്നുവര്‍ഷത്തോളമായി യാതൊരു വേതനവുമില്ലാതെ ജോലിചെയ്ത അധ്യാപകരുടെ സ്ഥിരം നിയമനം വര്‍ഷങ്ങളോളം നീട്ടിക്കൊണ്ടുപോവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളിലെ അധ്യാപകര്‍ക്ക് അതതു കാലങ്ങളില്‍ നിലവിലുണ്ടായിരുന്ന വേതനം പ്രവൃത്തിദിവസം കണക്കാക്കി നല്‍കാനാണ് ഉത്തരവ്.
വേതനം നല്‍കുന്നതിനു മുമ്പായി 2014 ജൂലൈ 31ലെ സര്‍ക്കാര്‍ ഉത്തരവ് സ്‌കൂളുകള്‍ പാലിച്ചിട്ടുണ്ടെന്നും ഹയര്‍ സെക്കന്‍ഡറി സബോഡിനേറ്റ് സര്‍വീസ് റൂള്‍, സ്റ്റേറ്റ് സര്‍വീസ് റൂള്‍ പ്രകാരമുള്ള യോഗ്യതകള്‍ അധ്യാപകര്‍ക്കുണ്ടെന്നും റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പുവരുത്തണം.
സേവനം ചെയ്ത കാലയളവും സ്‌കൂളുകള്‍ക്കുള്ള സര്‍ക്കാര്‍ അനുമതി എന്നിവയും ആര്‍ഡിഡി പരിശോധിക്കണം. സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും തസ്തിക നിര്‍ണയം നടത്തും വരെ അനിശ്ചിതകാലസമരം നടത്തുമെന്നും നോണ്‍ അപ്രൂവ്ഡ് അധ്യാപകസംഘടനകള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക