|    May 26 Fri, 2017 5:30 am
FLASH NEWS

അധികച്ചിലവ് ഒഴിവാക്കാന്‍ സംരക്ഷിത അധ്യാപകരെ പുനര്‍വിന്യസിക്കാന്‍ അനുമതി

Published : 19th September 2016 | Posted By: Navas Ali kn

teacher
തിരുവനന്തപുരം: സംരക്ഷിത അധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുനര്‍വിന്യസിക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് അനുമതി നല്‍കി. പിഎസ്‌സി റാങ്ക് പട്ടിക നിലവിലില്ലാത്ത വിഷയങ്ങളില്‍ പരമാവധി ഒഴിവുകള്‍ കണ്ടെത്തി അധ്യാപകരെ പുനര്‍വിന്യസിക്കാനാണ് ഉപഡയറക്ടര്‍മാര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നല്‍കിയ നിര്‍ദേശം. സംരക്ഷിത അധ്യാപകര്‍ ശമ്പളംവാങ്ങി മാതൃവിദ്യാലയത്തില്‍ തുടരുകയും അതേവിഷയത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മറ്റുള്ളവരെ നിയമിക്കുകയും ചെയ്യുന്നത് ഇരട്ടി സാമ്പത്തികബാധ്യതയുണ്ടാക്കുന്നതായി ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെയുണ്ടാവുന്ന അധികബാധ്യതയ്ക്ക് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ഉത്തരവാദിയാവുമെന്നും ഡിപിഐ ഓര്‍മിപ്പിക്കുന്നു. അന്തര്‍ജില്ലാ സ്ഥലംമാറ്റം, പ്രൈമറിയില്‍നിന്നുള്ള സ്ഥാനക്കയറ്റം എന്നിവയില്‍ അപേക്ഷകരില്ലെങ്കില്‍ ആ ഒഴിവുകളിലും സംരക്ഷിത അധ്യാപകരെ നിയമിക്കണമെന്നും സര്‍ക്കുലറിലുണ്ട്. സപ്തംബര്‍ എട്ടിന് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ഒറ്റദിവസംകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി ഒമ്പതിന് വൈകീട്ട് അഞ്ചിനുമുമ്പ് ഡിപിഐക്ക് റിപോര്‍ട്ട് ചെയ്യാനായിരുന്നു നിര്‍ദേശം. ഓണാവധിക്കുശേഷമുള്ള സ്‌കൂളുകള്‍ അധ്യാപക സമൃദ്ധിയാല്‍ പരാതിരഹിതമായിരിക്കണമെന്നും സര്‍ക്കുലറിലുണ്ട്. അതേസമയം, സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകജോലിക്കായി കാത്തിരിക്കുന്നവരെ ഈ പുനര്‍വിന്യാസം നിരാശരാക്കും. ഉത്തരവിലെ വ്യവസ്ഥ ദുരുപയോഗം ചെയ്താണ് പുനര്‍വിന്യാസം നടപ്പാക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. റാങ്കുപട്ടിക നിലവിലില്ലെന്നപേരില്‍ സംരക്ഷിത അധ്യാപകരെ നിയമിച്ചാല്‍ ആ ഒഴിവുകള്‍ പിന്നീട് പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യില്ലെന്നാണ് ആശങ്ക. ഒഴിവുണ്ടായിട്ടും വര്‍ഷങ്ങളായി റിപോര്‍ട്ട് ചെയ്യാതെ പൂഴ്ത്തിവച്ചിരിക്കുന്നവയാണ് ഇവയില്‍ ഭൂരിഭാഗവും. മാത്രമല്ല പുനര്‍വിന്യാസത്തിനുള്ള വ്യവസ്ഥകള്‍ക്കനുസരിച്ച് കെഇആറില്‍ പിന്നീട് ഭേദഗതികള്‍ പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംരക്ഷിത അധ്യാപകരുടെ സര്‍ക്കാര്‍ സ്‌കൂളുകളിലെ നിയമനങ്ങള്‍ ഇതുന്നയിച്ച് ഭാവിയില്‍ സ്ഥിരപ്പെടുത്തിയേക്കാമെന്നും പിഎസ്‌സി അപേക്ഷകര്‍ ആശങ്കപ്പെടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day