|    Oct 16 Tue, 2018 1:09 pm
FLASH NEWS

അധികം മഴ ലഭിച്ചിട്ടും നദികളില്‍ ജലനിരപ്പ് താഴുന്നു

Published : 29th September 2017 | Posted By: fsq

 

കോഴഞ്ചേരി: പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടും പത്തനംതിട്ട ജില്ലയിലൂടെ ഒഴുകുന്ന നദികളില്‍ ജല നിരപ്പ് താഴുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 28 വരെ 1706.1 മില്ലീ മീറ്റര്‍ മഴ ജില്ലയില്‍ ലഭിച്ചിരുന്നു. പ്രതീക്ഷിച്ചതിനും 0.8 ശതമാനം കൂടുതലാണ്. എന്നിട്ടും ഒരാഴ്ച മുമ്പ് നിറഞ്ഞൊഴുകിയും പലഭാഗങ്ങളിലും കരകവിയുകയും ചെയ്ത പമ്പാനദി, അച്ചന്‍കോവിലാര്‍, കക്കാട്ടാര്‍, കല്ലാര്‍ അടക്കം മിക്ക നദികളിലും ജലനിരപ്പ് താഴ്്‌ന നിലയിലാണ്. നീര്‍ച്ചാലുകളായി നദിയുടെ പലഭാഗങ്ങളും മാറി. മണ്‍തിട്ടകളും കാടുകളുമെല്ലാം നദിയുടെ മധ്യഭാഗങ്ങളില്‍ തെളിഞ്ഞു തുടങ്ങി. മഴയുടെ ആധിക്യത്തില്‍ പമ്പയിലൂടെ വെള്ളം തിമിര്‍ത്തൊഴുകിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ഇവയെല്ലാം അറബിക്കടലിലെത്തി. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സ്ഥലങ്ങളിലൊന്നാണ് പത്തനംതിട്ട. എന്നാല്‍ മഴയില്‍ ലഭിച്ച വെള്ളം സംഭരിച്ചു നിര്‍ത്തുന്നതിനു ലക്ഷ്യമിട്ട പദ്ധതികളൊന്നും പൂര്‍ണമായിരുന്നില്ലെന്ന സൂചനയാണ്്. 15 മുതല്‍ 17 വരെയുള്ള തിയ്യതികളിലാണ്  ഇത്തവണ കനത്ത മഴ ജില്ലയൊട്ടാകെ ലഭിച്ചത്. ഇതിലൂടെ പമ്പ ഉള്‍പ്പെടെയുള്ള നദികള്‍ കരകവിഞ്ഞു. ഇതിനു തൊട്ടുമുമ്പ് ഒരാഴ്ചയോളം മഴ സജീവമായിരുന്നതിനാല്‍ നദികളില്‍ ജലനിരപ്പ് താഴ്ന്നിരുന്നില്ല. മഴ ശക്തമായപ്പോള്‍ 17 മുതല്‍ പമ്പ കരകവിയുകയായിരുന്നു. മഴ കുറഞ്ഞതോടെ കരയിലേക്ക് കയറിയ വെള്ളം വേഗത്തില്‍ ഇറങ്ങിയെങ്കിലും പിന്നീട് രണ്ട് മൂന്നുദിവസം നദി ഇരുകര മുട്ടി ഒഴുകി.  ചെറുകോല്‍പ്പുഴ, കോഴഞ്ചേരി, ആറന്മുള ഭാഗങ്ങളില്‍ ഇത്തരത്തില്‍ മണ്‍തിട്ട തെളിഞ്ഞു കാണാം. കുഴലിലൂടെ വെള്ളം ഒഴുകുന്നതുപോലെയുള്ള ദൃശ്യമാണ്  പലയിടത്തും. നീര്‍ച്ചാലുകളും തോടുകളും കണക്കെയാണ് നദിയുടെ ഒഴുക്ക്. മണല്‍ നഷ്ടമായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. നദിയുടെ അടിത്തട്ട് കുറഞ്ഞ കാലയളവില്‍ 20 അടിയെങ്കിലും താഴ്ന്നിട്ടുണ്ട്. മണല്‍ നഷ്ടമാകുകയും നദിയുടെ അടിഭാഗത്ത് ചെളി രൂപപ്പെടുകയും ചെയ്തത് സ്വാഭാവിക പ്രതിഭാസങ്ങള്‍ക്ക് വിലങ്ങുതടിയായി. മുന്‍കാലങ്ങളെ അപേക്ഷിച്ച് നദിയിലെവെള്ളം വേഗത്തില്‍ ഒഴുകിപ്പോകാന്‍ ഇതിടയാക്കുന്നുണ്ട്. ഇത്തവണ ശക്തമായ മഴ ലഭിച്ചതോടെ രണ്ടുദിവസം നദി കരകവിഞ്ഞെങ്കിലും വെള്ളം സംഭരിക്കാന്‍ നീര്‍ത്തടങ്ങളുണ്ടായിരുന്നില്ല. പമ്പയില്‍ ചെറുതടയണകള്‍ ഇല്ലാത്തതും നീരൊഴുക്ക് വേഗത്തിലാകാന്‍ കാരണമായി. കോഴഞ്ചേരി പാലത്തിനു മുകളില്‍ ഒരു മീറ്റര്‍ തടയണ മാത്രമാണുള്ളത്. പാലങ്ങള്‍ പോലെയുള്ള നിര്‍മാണങ്ങള്‍ക്കു സമീപം നദിക്ക് ഒഴുക്ക് ശക്തമായാണ് കണ്ടുവരുന്നത്. പുതിയ പാലങ്ങള്‍ വരുന്നതോടെ സ്വാഭാവിക ഒഴുക്കുതന്നെ കൂടാനാണ് സാധ്യത. ശബരിഗിരി പദ്ധതിയുടെ ജലസംഭരണിയില്‍ 65 ശതമാനം ജലമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പമ്പയില്‍ 12 മില്ലിമീറ്ററും, കക്കിയില്‍ 17 മില്ലീമീറ്ററും കോന്നിയില്‍ 8.4 മില്ലീമീറ്റുറും മഴ ലഭിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss