|    Nov 14 Wed, 2018 12:48 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

അദ്ഭുതം ആശിക്കുന്ന താമര

Published : 8th July 2018 | Posted By: kasim kzm

മധ്യമാര്‍ഗം – പരമു
മനുഷ്യജീവിതത്തില്‍ സുഖകരമായ പ്രതിഭാസമാണ് ആശിക്കുക എന്നത്. നമുക്ക് എന്തും ആശിക്കാം. ആരും ഒരു കുറ്റവും പറയില്ല. ലോകത്ത് എല്ലാവര്‍ക്കും നന്മ വരണമെന്ന് ആശിക്കാം, കടലിലെ വെള്ളം വറ്റുമെന്നും സൂര്യന്റെ ചൂടില്ലാതാവുമെന്നും ആകാശം ഇടിഞ്ഞുവീഴുമെന്നും ആശിക്കാം. ലോകം എന്റെ കൈവെള്ളയിലാവുമെന്നും ആശിക്കാവുന്നതാണ്. ആശക്ക് അതിരുകളില്ല, നിയന്ത്രണങ്ങളില്ല. മനുഷ്യര്‍ ഭൂമിയില്‍ പിറന്നുവീണ അന്നുമുതല്‍ ആശകളും ഉണ്ടായിട്ടുണ്ടാവും. അന്നൊക്കെ ചെറിയ ആശകളായിരുന്നുവെങ്കില്‍ കാലം മാറുന്നതിനനുസരിച്ച് വലിയ ആശകളായി എന്നു മാത്രം. ആശിക്കുകയും അതൊക്കെ മനസ്സില്‍ സൂക്ഷിച്ചു നടക്കുകയും ചെയ്യുന്നതുകൊണ്ട് ഒരു കുഴപ്പവും സംഭവിക്കുകയില്ല. ആശകള്‍ പരസ്യപ്പെടുത്തുകയും അതു മറ്റുള്ളവരില്‍ ചര്‍ച്ചയാക്കുകയും അതു നടപ്പായിക്കാണാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് സ്വന്തം ആശകള്‍ പൊതു ആശകളായി മാറുന്നത്.
ആശകള്‍ കൈവിട്ടുപോയാല്‍ പിന്നെ സൂക്ഷിക്കണം. തിരിച്ചടികളുണ്ടാവും. അതുകൊണ്ട് കാര്യവിവരമുള്ളവര്‍ സ്വന്തം ആശകള്‍ പൊതു ആശകളാക്കി മാറ്റുമ്പോള്‍ നന്നായി ആലോചിക്കാറുണ്ട്. ചക്രവാളത്തോളം ആശിക്കാന്‍ കഴിയുമെങ്കിലും കൈയെത്തിപ്പിടിക്കാന്‍ കഴിയുന്ന സംഗതികളേ മാന്യന്‍മാര്‍ ആശിക്കാറുള്ളു. സാധാരണക്കാരനായ ഒരാള്‍ ഒരു വീടുവയ്ക്കുന്നതിനെക്കുറിച്ചും കാര്‍ വാങ്ങുന്നതിനെക്കുറിച്ചും ആശിച്ച് മറ്റുള്ളവരോട് അതു പറഞ്ഞാല്‍ ആ ആശയ്ക്ക് ഒരു വിശ്വാസ്യതയുണ്ട്. ഹിമാലയപര്‍വതം ഇങ്ങോട്ടു കൊണ്ടുവരുമെന്ന് ആശിച്ച് ആളുകളോടു പറഞ്ഞാലോ?
കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന ബിജെപിയാണ് അദ്ഭുതം ആശിക്കുന്നത്. കേരളത്തെക്കുറിച്ചാണ് അവരുടെ ആശ. പാര്‍ട്ടി പ്രസിഡന്റ് അമിത്ഷാ തന്നെ മലയാളമണ്ണില്‍ വച്ച്  ആശകള്‍ പരസ്യപ്പെടുത്തി. രാഷ്ട്രീയം കലക്കിയും കലക്കാതെയും കുടിച്ച തന്ത്ര-കുതന്ത്രങ്ങളുടെ ചാംപ്യന്‍പദവിയുള്ള ആളാണ് സാക്ഷാല്‍ ഷാ! ആ നാവില്‍ നിന്നു വീഴുന്നതൊക്കെ താമരമുത്തുകളാണ്! കേരളത്തെക്കുറിച്ച് ബിജെപി നേതാക്കള്‍ ആശിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കേരളത്തില്‍ ഒരു അക്കൗണ്ട് തുറക്കുക എന്നതായിരുന്നു ആശ. നിയമസഭയില്‍ 140 സീറ്റുകളില്‍ ഒരു സീറ്റ്! സഭയിലേക്ക് ഒന്നു കടക്കണം. ഇതൊരു മിനിമം ആശയാണ്. ഒരു ദേശീയ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ആശകളില്‍ ഏറ്റവും കുറഞ്ഞത്. ഏറെ കാലമായുള്ള ഈ ആശ കേരളീയര്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സാധിപ്പിച്ചുകൊടുത്തു. അക്കൗണ്ട് തുറന്ന് താമരയുടെ ബാനറില്‍ നേതാവു തന്നെ സഭയിലെത്തി. രണ്ടുവര്‍ഷം പിന്നിട്ടിട്ടും സഭയില്‍ ഒരു കാര്യവും നേതാവ് പറഞ്ഞിട്ടില്ല. നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ വട്ടപ്പൂജ്യം! സാധാരണഗതിയില്‍ ഒരു സീറ്റ് എന്നത് രണ്ടു സീറ്റാവുമെന്ന് ആശിക്കുന്നത് സ്വാഭാവികം. 10 വരെ ആശിക്കുന്നതില്‍ തെറ്റുപറഞ്ഞുകൂടാ. പോട്ടെ, 25 വരെ ആശിക്കുന്നതും നമുക്ക് വകവച്ചുകൊടുക്കാം. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയല്ലേ! എന്നാല്‍, കേരള ഭരണം പിടിച്ച് ബിജെപിക്കാരന്‍ മുഖ്യമന്ത്രിയാവുമെന്ന് ആശിച്ചാലോ? അതിനെയാണ് അദ്ഭുത ആശ എന്നു വിശേഷിപ്പിക്കുക.
കേരളത്തില്‍ നിന്നു ലോക്‌സഭയിലേക്ക് ഇതുവരെ ഒരു സീറ്റും ബിജെപിക്ക് കിട്ടിയിട്ടില്ല. ഇക്കുറി പാര്‍ട്ടിക്ക് 11 സീറ്റ് കിട്ടുമെന്നാണ് ആശിക്കുന്നത്. ഇതാണെങ്കില്‍ സാധാരണ അദ്ഭുത ആശയല്ല. ഡബിള്‍ അദ്ഭുത ആശയെന്നു പറയേണ്ടിവരും. കേന്ദ്രത്തില്‍ താമര വിരിയിച്ചതുപോലെ കൃത്യമായ പ്രൊജക്റ്റുകള്‍ ആവിഷ്‌കരിച്ച നേതാവാണ് അദ്ഭുതം ആശിച്ചതെന്നു മലയാളികള്‍ മനസ്സിലാക്കണം. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കേരള ജനതയ്ക്ക് കാര്യമായ ഒന്നും തന്നില്ലെങ്കിലും പാര്‍ട്ടിക്ക് വലിയ സംഭാവനയാണു നല്‍കിയത്. എണ്ണം പറഞ്ഞ മൂന്നുപേരെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു രാജ്യസഭാ മെംബര്‍മാരാക്കി. അതിലൊരാളെ കേന്ദ്രമന്ത്രിയുമാക്കി. കേന്ദ്രസര്‍ക്കാരിന്റെ പല പദവികളിലും കമ്മിറ്റികളിലും കേരള നേതാക്കളെ കുത്തിത്തിരുകി. ഇതുകൊണ്ട് വലിയതോതില്‍ വോട്ട് താമരയ്ക്കു കിട്ടുമത്രേ! റേഷനരിയുടെ സബ്‌സിഡി വെട്ടിക്കുറച്ചതുള്‍പ്പെടെ കേരളത്തോടു ചെയ്ത ദ്രോഹനടപടികള്‍ക്കും നല്ലൊരു ശതമാനം വോട്ട് കിട്ടും. എത്ര കുറഞ്ഞാലും കേന്ദ്രസര്‍ക്കാരിന്റെ ‘സദ്ഭരണം’കൊണ്ട് കേരളത്തില്‍ നിന്നു ലഭിക്കാന്‍ പോവുന്നത് 25 ലക്ഷം വോട്ട്! ഇങ്ങനെ ഒരുകോടി വോട്ടര്‍ പദ്ധതിയാണ് അദ്ഭുത ആശയ്ക്കു വേണ്ടി ബിജെപി നേതൃത്വം ആവിഷ്‌കരിച്ചത്. ഇതിനൊക്കെ പുറമേ മറ്റു പാര്‍ട്ടികളില്‍ നിന്നു നേതാക്കളെ വിലയ്‌ക്കെടുക്കാനുള്ള ശ്രമം തുടരുമെന്നും നേതാക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സമസ്ത വിഭാഗം ജനങ്ങളും ഈ ആശകളൊക്കെ തള്ളിക്കളയുമെങ്കിലും ഗ്രൂപ്പിസം കൊണ്ട് നട്ടംതിരിയുന്ന സംസ്ഥാനത്തെ ബിജെപിക്ക് താല്‍ക്കാലികമായി ഈ ആശകള്‍ ഗുണം ചെയ്യാതിരിക്കില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss