|    May 26 Sat, 2018 6:06 am
Home   >  Todays Paper  >  Page 4  >  

അദിതി വധം: കൊലക്കുറ്റം തെളിയിക്കാനായില്ല; പ്രതികള്‍ക്ക് 3 വര്‍ഷം തടവും പിഴയും മാത്രം

Published : 4th November 2016 | Posted By: SMR

കോഴിക്കോട്: ഏഴുവയസ്സുകാരി അദിതിയെ പിതാവും രണ്ടാനമ്മയും പട്ടിണിക്കിട്ട് പീഡിപ്പിച്ചുകൊന്ന കേസില്‍ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. ദേഹോപദ്രവം ഏല്‍പിച്ച കുറ്റത്തിന് ഇരുപ്രതികള്‍ക്കും മൂന്നുവര്‍ഷം കഠിനതടവ് വിധിച്ച കോടതി ഒന്നാംപ്രതിക്ക് ലക്ഷം രൂപ പിഴയും വിധിച്ചു. ഒന്നാംപ്രതിയായ അദിതിയുടെ അച്ഛന്‍ ബിലാത്തികുളം താമരക്കുളം ലക്ഷ്മി നിവാസില്‍ താമസിച്ചിരുന്ന തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയെയും രണ്ടാംഭാര്യ റംല എന്ന ദേവിക അന്തര്‍ജനത്തെയുമാണ് ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
പിഴത്തുക അദിതിയുടെ സഹോദരന്‍ അരുണിന് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കേണ്ടിവരും. ഐപിസി 323, 324 വകുപ്പുകളും ബാലനീതി നിയമത്തിലെ 23ാം വകുപ്പും പ്രകാരമാണ് പ്രതികള്‍ക്കു ശിക്ഷ വിധിച്ചത്.
പട്ടിണിക്കിട്ടും പീഡിപ്പിച്ചും മരണത്തിലേക്കു നയിച്ചെന്ന പ്രോസിക്യൂഷന്‍ വാദം തെളിയിക്കാനാവാത്തത് ഗുരുതര വീഴ്ചയായി. വിചാരണത്തടവ് കഴിഞ്ഞു ബാക്കി ഏതാനും മാസങ്ങള്‍ മാത്രമേ പ്രതികള്‍ക്കു തടവില്‍ കഴിയേണ്ടിവരൂ.
അദിതിയുടെ സഹോദരന്‍ അരുണ്‍ ആയിരുന്നു കേസിലെ ഒന്നാംസാക്ഷി. അരുണിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ശ്രമിച്ചുവെന്ന ആരോപണവും തെളിയിക്കാന്‍ കഴിഞ്ഞില്ല. ബന്ധുക്കളും അയല്‍ക്കാരും ഡോക്ടര്‍മാരുമടക്കം 45ഓളം സാക്ഷികളെയാണ് വിസ്തരിച്ചത്. 2013 ഏപ്രില്‍ 29നാണ് കേസിനാസ്പദമായ സംഭവം. ബിലാത്തികുളം ബിഇഎം യുപി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു അദിതി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss